ഈച്ചയും കാളയും - ഈസോപ്പ് കഥകള്‍


ഒരിയ്ക്കല്‍ പറന്ന് തളര്‍ന്ന ഒരീച്ച മൈതാനത്ത് മേഞ്ഞ് നടക്കുകയായിരുന്ന ഒരു കാളയുടെ കൊമ്പില്‍ വിശ്രമിക്കാനായി ഇരുന്നു. കുറെ നേരം ആ കാളയുടെ കൊമ്പില്‍ ഇരുന്ന് വിശ്രമിച്ച ശേഷം ഈച്ച പറന്ന് പോകാനൊരുങ്ങി. പോകുന്നതിന് മുന്‍പ് അവന്‍ കാളയോട് പറഞ്ഞു.

"സുഹൃത്തേ, കുറച്ച് സമയം താങ്കളുടെ കൊമ്പില്‍ വിശ്രമിക്കാനനുവദിച്ചതിന് നന്ദി. താങ്കളെ ബുദ്ധിമുട്ടിക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ പോകുന്നത് കൊണ്ട് എന്‍റെ ഭാരം ഇനി താങ്കള്‍ക്ക് ഒരു ബുദ്ധിമുട്ടാകില്ലല്ലോ?"

"അതിന് നീ എന്‍റെ കൊമ്പില്‍ വന്നിരുന്നത് ഞാനറിഞ്ഞത് പോലുമില്ലല്ലോ?" കാള ഈച്ചയെ ശ്രദ്ധിക്കാതെ തന്‍റെ തീറ്റ തുടര്‍ന്നു.

ചില ആളുകള്‍ ഈ കഥയിലെ ഈച്ചയെപ്പോലെയാണ്. തങ്ങള്‍ക്ക് ഇല്ലാത്ത വലിപ്പവും പ്രാധാന്യവും കല്‍പ്പിക്കും. മറ്റുള്ളവരുടെ കണ്ണില്‍ നാം പലപ്പോഴും നിസ്സാരന്മാരായിക്കുമെന്ന് ഓര്‍മ്മിക്കുക.



Post a Comment

0 Comments