കാരെൻ ലെവിൻ എഴുതിയ ലോകശ്രദ്ധ നേടിയ ഒരു മികച്ച പുസ്തകമാണ് ഹനാസ് സൂട്ട്കേസ് - Hana's Suitcase. സിബിസിക്ക് വേണ്ടി അവര്‍ തന്നെ ചെയ്ത ന്യൂയോർക്ക് ഇന്റർനാഷണൽ റേഡിയോ ഫെസ്റ്റിവലിൽ സ്വർണ്ണ മെഡൽ നേടിയ ഹനയുടെ സ്യൂട്ട്കേസ് എന്ന ഡോക്കുമെന്‍ററിയുടെ പുസ്തകരൂപമാണ് ഹനാസ് സൂട്ട്കേസ്.
ഹോളോകോസ്റ്റ് സമയത്ത്, പോളണ്ടിലെ അധിനിവേശ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഓഷ്വിറ്റ്സിലെ ജർമ്മൻ കോൺസെൻട്രേഷൻ ക്യാമ്പിലെ ഗ്യാസ് ചേമ്പറിൽ ദാരുണമായി കൊല ചെയ്യപ്പെട്ട ഹനാ ബ്രാഡി എന്ന ചെക്കോസ്ലോവാക് ജൂത പെൺകുട്ടിയുടെ യഥാര്‍ത്ഥ കഥയാണ് ഈ പുസ്തകത്തിലൂടെ കാരെന്‍ അനാവരണം ചെയ്യുന്നത്.
ടോക്കിയോ ഹോളോകോസ്റ്റ് എജ്യുക്കേഷൻ റിസോഴ്‌സ് സെന്ററില്‍ കോൺസെൻട്രേഷൻ ക്യാമ്പിന്റെ അവശിഷ്ടമായി 2000-ൽ പ്രദര്‍ശനത്തിനായെത്തുന്ന ഹാനയുടെ സ്യൂട്ട്കേസ് അവിടെയെത്തുന്ന സന്ദര്‍ശകരായ കുട്ടികളില്‍ ഉണ്ടാക്കുന്ന ജിജ്ഞാസയാണ് ഹനയുടെ കഥ ലോകശ്രദ്ധയിലേക്കെത്തിക്കുന്നത്.
"ഹനാ ബ്രാഡി. മെയ് 16, 1931. അനാഥ" ഇതായിരുന്നു ആ സൂട്ട്കേസിന്‍റെ ഉടമയുടേതായി അതില്‍ രേഖപ്പെടുത്തിയിരുന്ന വിവരം. അതിനപ്പുറം ആര്‍ക്കും ഹനയെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു.
ജാപ്പനീസ് അദ്ധ്യാപകനും ജാപ്പനീസ് നോൺ പ്രോഫിറ്റ് ടോക്കിയോ ഹോളോകോസ്റ്റ് എജ്യുക്കേഷൻ റിസോഴ്‌സ് സെന്ററിന്റെ ഡയറക്ടറുമായ ഫ്യൂമിക്കോ ഇഷിയോക്ക ആ സൂട്ട്കേസിന്‍റെ പിന്നിലെ കഥയറിയാന്‍ നടത്തുന്ന യാത്ര അത്യന്തം കൌതുകകരമാണ്.
ചരിത്രത്തിലെ വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിൽ ഹനയും അവളുടെ കുടുംബവും നേരിടേണ്ടി വരുന്ന നിരവധി പ്രതിബന്ധങ്ങളുടെ കഥയാണ് വെറും 144 പേജുകള്‍ മാത്രമുള്ള ഈ ചെറുപുസ്തകം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു നോവല്‍ പോലെ വായിച്ച് ആസ്വദിക്കാവുന്ന അത്യധികം ഹൃദയസ്പര്‍ശിയായ ഈ പുസ്തകം നിശ്ചയമായും നിങ്ങള്‍ക്കിഷ്ടപ്പെടും.
Buy from Amazone
0 Comments