എതിരില്ലാത്ത സത്യം - ഹോജാക്കഥ


ഒരു ദിവസം ഹോജ ചന്തയിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് ആ വിളി കേട്ടത്.

"എതിരില്ലാത്ത സത്യം! മൂന്ന് എതിരില്ലാത്ത സത്യങ്ങള്‍ അറിയേണ്ടവര്‍ക്ക് കടന്നു വരാം!"

ഹോജ ഇത് കേട്ട് അല്‍പ്പമൊന്ന് അമ്പരന്നു. എതിരില്ലാത്ത മൂന്ന് സത്യങ്ങളോ? അതെന്താണാവോ? ഹോജ ആ ശബ്ദം കേട്ടിടത്തെയ്ക് ചെന്നു. അവിടെ ഒരു പ്രഭു ഇങ്ങിനെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

"ഈ കൊട്ടയിലുള്ള മണ്‍പാത്രങ്ങള്‍ ചുമന്ന് എന്‍റെ വീട്ടില്‍ എത്തിക്കുന്നവര്‍ക്ക് മൂന്ന് എതിരില്ലാത്ത സത്യങ്ങള്‍ പ്രതിഫലമായി പറഞ്ഞ് തരുന്നതായിരിക്കും"

പ്രഭുവിന്‍റെ വാക്കുകള്‍ കേട്ട് ആരും തന്നെ ആ ചുമടെടുക്കാന്‍ തയ്യാറായില്ല. ആര്‍ക്ക് വേണം സത്യം! പക്ഷെ, ഹോജ ചിന്തിച്ചത്  ആ എതിരില്ലാത്ത മൂന്ന് സത്യങ്ങള്‍ എന്തായിരിക്കുമെന്നാണ്. അതു കൊണ്ട് ഹോജ ആ ചുമടെടുക്കാന്‍ തയ്യാറായി.

അങ്ങിനെ ആ കുട്ടയും ചുമന്ന് കൊണ്ട് ഹോജ പ്രഭുവിനോടൊപ്പം യാത്രയായി. കുറേ ദൂരം കഴിഞ്ഞപ്പോള്‍ ആകാംക്ഷ അടക്കാന്‍ വയ്യാതെ ഹോജ ചോദിച്ചു.

"അല്ലയൊ പ്രഭോ, അങ്ങ് പറഞ്ഞ ആ മൂന്ന് സത്യങ്ങള്‍ എന്തൊക്കെയാണ്?"

"ശരി, ഞാനാ എതിരില്ലാത്ത മൂന്ന് സത്യങ്ങള്‍ നിനക്ക് പറഞ്ഞ് തരാം. ശ്രദ്ധിച്ച് കേട്ട് കൊള്ളണം" പ്രഭു പറഞ്ഞു.

"ഒന്നാമത്തെ സത്യം ഇതാണ്. 'സ്വര്‍ഗ്ഗരാജ്യം വിശക്കുന്നവനുള്ളതാണ്' എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വിശ്വസിക്കരുത്!" പ്രഭു ആദ്യത്തെ സത്യം പറഞ്ഞു. എന്നിട്ട് ചോദിച്ചു.

"എന്താ ശരിയല്ലേ?"

"അതെയതെ! തികച്ചും പരമമായ സത്യം തന്നെ!" ഹോജ സമ്മതിച്ചു.

"ഇനി രണ്ടാമത്തെ സത്യം! നടന്ന് പോകുന്നതാണ് കുതിരപ്പുറത്ത് സഞ്ചരിക്കുന്നതിനേക്കാള്‍ നല്ലത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കരുത്!" പ്രഭു പറഞ്ഞു.

"അതും ശരി തന്നെ!" ഹോജ വേഗം സമ്മതിച്ചു.

ഇങ്ങിനെ ഒരു മണ്ടനെ ഒരു ചിലവുമില്ലാതെ ചുമടെടുക്കാന്‍ കിട്ടിയതില്‍ പ്രഭു സന്തോഷിച്ചു. മാത്രമല്ല, തന്‍റെ ബുദ്ധിശക്തിയില്‍ അയാള്‍ അഭിമാനം കൊണ്ടു.

"ശരി. ഇനി മൂന്നാമത്തെ സത്യം!"  പ്രഭു തുടര്‍ന്നു.

"നിങ്ങളേക്കാള്‍ വലിയ ഒരു വിഡ്ഡി ഈ ലോകത്ത് ഉണ്ടെന്ന് പറഞ്ഞാല്‍ അതും വിശ്വസിക്കരുത്!"

"ഓ! അങ്ങ് പറഞ്ഞതെല്ലാം തന്നെ തീര്‍ച്ചയായും പരമമായ സത്യങ്ങള്‍ തന്നെയാണ്. വളരെ മൂല്യമുള്ളതും എതിരില്ലാത്തതുമായ സത്യങ്ങള്‍" ഹോജ പറഞ്ഞു.

അതിനിടയില്‍ തന്നെ ഹോജ തന്‍റെ തലയിലിരുന്ന കുട്ട താഴേയ്ക്കിട്ടു. കുട്ടയിലെ മണ്‍പാത്രങ്ങള്‍ വലിയ ശബ്ദത്തോടെ പൊട്ടിച്ചിതറി.

വില പിടിച്ച പാത്രങ്ങള്‍ തകര്‍ന്ന് കിടക്കുന്നത് കണ്ട് ഒന്നും മനസ്സിലാകാതെ അമ്പരന്ന് നില്‍ക്കുന്ന പ്രഭുവിനോട് ഹോജ പറഞ്ഞു.

"എനിക്ക് മൂന്ന് വലിയ സത്യങ്ങള്‍ പറഞ്ഞ് തന്ന അങ്ങയോട് ഞാന്‍ ഒരു എതിരില്ലാത്ത സത്യമെങ്കിലും പറയണ്ടേ? ഇതാ ഒരെതിരുമില്ലാത്ത ഒരു സത്യം. അങ്ങ് ചന്തയില്‍ നിന്നും വാങ്ങിയ വില പിടിച്ച മണ്‍പാത്രങ്ങള്‍ പൊട്ടിയിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, ഒരു കാരണവശാലും താങ്കളത് വിശ്വസിക്കരുത്!"

ഇത്രയും പറഞ്ഞ് ഹോജ നടന്നകന്നു. വലിയ ബുദ്ധിമാനെന്നഹങ്കരിച്ച് ചുളുവില്‍ കാര്യം നടത്താന്‍ ശ്രമിച്ച പ്രഭു ഒന്നും പറയാനാകാതെ തരിച്ച് നിന്നു.

Post a Comment

0 Comments