ക്ഷുരകന്‍റെ മുടിക്കച്ചവടം


പണ്ടൊരിക്കല്‍ ഒരു ഗ്രാമത്തില്‍ അതിവിദഗ്ധനായ ഒരു ക്ഷുരകന്‍ (ബാര്‍ബര്‍) ഉണ്ടായിരുന്നു. ആ ഗ്രാമത്തില്‍ ആകെയുള്ള ഒരേയൊരു മുടിവെട്ടുകാരനാണ് അയാള്‍. തന്‍റെ തൊഴിലിലുള്ള പ്രാവീണ്യവും കൂടിയായപ്പോള്‍ അയാളുടെ കടയില്‍ വലിയ തിരക്കായിരുന്നു. അങ്ങിനെ പിടിപ്പത് പണിയും കൈ നിറയെ കാശും കിട്ടിത്തുടങ്ങിയപ്പോള്‍ നമ്മുടെ ക്ഷുരകന് അതിനൊപ്പം അഹങ്കാരവും വര്‍ദ്ധിച്ചു. 
ഒരു ദിവസം നമ്മുടെ ക്ഷുരകന്‍ തന്‍റെ പുതിയ തീരുമാനം പ്രഖ്യാപിച്ചു. ഇനി മുതല്‍ നാട്ടിലെ പ്രമുഖര്‍ക്കു മാത്രമേ താന്‍ ക്ഷൌരം ചെയ്ത് കൊടുക്കുകയുള്ളൂ എന്നായിരുന്നു ആ തീരുമാനം! മാത്രമല്ല മുടിവെട്ടാനുള്ള കൂലിയും അയാള്‍ വളരെയധികം കൂട്ടി. അയാള്‍ കടയ്ക്ക് മുന്പില്‍ അപ്രകാരം ഒരു ബോര്‍ഡെഴുതി വെച്ചു.

സാധാരണക്കാരായ ആളുകള്‍ക്ക് താന്‍ മുടി വെട്ടിക്കൊടുക്കുകയില്ലെന്ന് അയാള്‍ തീരുമാനിച്ചപ്പോള്‍, പാവപ്പെട്ടവര്‍ കുഴഞ്ഞ് പോയി. മുടി വെട്ടുവാന്‍ വേറെ ആരും ആ ഗ്രാമത്തിലില്ലല്ലോ! തന്‍റെയടുത്ത് മുടിവെട്ടാന്‍ എത്തിയ പാവപ്പെട്ടവരെയെല്ലാം അയാള്‍ തിരികെയയച്ചു. 

ജനങ്ങള്‍ എന്തു ചെയ്യാനാണ്? ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ മുടിയും താടിയും വെട്ടാനാകാതെ വലഞ്ഞു. അവരുടെയെല്ലാം താടിയും മുടിയും നീണ്ട് വളരാന്‍ തുടങ്ങി.

ആയിടെയാണ് ഒരു കച്ചവടക്കാരന്‍ തന്‍റെ കച്ചവടാവശ്യങ്ങള്‍ക്കായി ആ ഗ്രാമത്തിലെത്തിയത്. മുടിയും താടിയും നീട്ടി വളര്‍ത്തിയ അവിടത്തെ ആളുകളെ കണ്ട് അയാള്‍ അമ്പരന്നു പോയി. 

"ഇവിടെ ആളുകളൊന്നും മുടിയും താടിയും വെട്ടാറില്ലേ?" കച്ചവടക്കാരന്‍ ഒരാളോട് ചോദിച്ചു.

അയാള്‍ കച്ചവടക്കാരനോട് കഥയെല്ലാം പറഞ്ഞു. ക്ഷുരകന്‍റെ അന്യായമായ തീരുമാനം അറിഞ്ഞ കച്ചവടക്കാരന്‍ അയാളെ ഒന്നു കാണാന്‍ തന്നെ തീര്‍ച്ചയാക്കി. 

കച്ചവടക്കാരന്‍  ക്ഷുരകന്‍റെ കടയിലെത്തിയത് കയ്യില്‍ വലിയ ഒരു ചാക്കുമായിട്ടാണ്. ആ ചാക്കില്‍ കുറച്ച് മുടിയാണുണ്ടായിരുന്നത്! കച്ചവടക്കാരന്‍  ക്ഷുരകനെ സമീപിച്ച് പറഞ്ഞു.

"ഞാന്‍ ഒരു രോമക്കച്ചവടക്കാരനാണ്. യൂറൊപ്പിലേയ്ക്ക് വെപ്പ്മുടി( വിഗ്) ഉണ്ടാക്കാനുള്ള നല്ല മുടി കയറ്റി അയക്കുന്ന കച്ചവടമാണെന്‍റേത്. അതിനായി കിലോക്കണക്കിന് മുടി ആവശ്യമുണ്ട്. ഒരു കിലോ മുടിയ്ക്ക് നൂറ് രൂപ വെച്ചാണ് ഞാന്‍ കൊടുക്കുന്നതു. ഈ ഗ്രാമത്തില്‍ നിങ്ങള്‍ മാത്രമാണ് ഒരു ക്ഷുരകനായിട്ടുള്ളത് എന്നെനിക്കറിയാം. അത് കൊണ്ട് നിങ്ങള്‍ വിചാരിച്ചാല്‍ എനിക്കാവശ്യമുള്ളത്ര മുടി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഞാന്‍ വന്നത്. എനിയ്ക്ക് ഒരു നൂറ് കിലോ മുടി ഇനിയും  ആവശ്യമുണ്ട്. അടുത്ത ലോഡ് ഒരാറു മാസത്തിനകം യൂറോപ്പിലേയ്ക്കയക്കാനുള്ളതാണ്"

കച്ചവടക്കാരന്‍റെ വാക്കുകള്‍ കേട്ട ക്ഷുരകന്‍റെ കണ്ണ് തള്ളിപ്പോയി! ഒരു കിലോ മുടിക്ക് നൂറ് രൂപയോ? അന്ന് നൂറ് രൂപ എന്നത് വലിയ ഒരു തുകയാണ്! അയാള്‍ പറഞ്ഞു.

"അയ്യോ, ഇപ്പോള്‍ ഇവിടെ അധികം മുടിയൊന്നും ഇല്ലല്ലോ! ഈയിടെയായി മുടി വെട്ടാന്‍ വരുന്ന ആളുകള്‍ വളരെ കുറവാണ്. ഒരു കാര്യം ചെയ്യൂ, നിങ്ങള്‍ ഒരഞ്ച് മാസം കഴിഞ്ഞ് വരൂ. അപ്പോഴേയ്ക്കും ഞാന്‍ നിങ്ങള്‍ക്കാവശ്യമുള്ള മുടി ശരിയാക്കി വെയ്ക്കാം"

"ശരി. നൂറില്‍ കൂടുതല്‍ ഉണ്ടെങ്കിലും ഞാനെടുത്തോളാം. അത്രയധികം ആവശ്യമുണ്ട് നല്ല മുടിയ്ക്ക്! മുന്‍കൂറായി ഇതാ ഈ പത്ത് രൂപ വെച്ചോളൂ" കച്ചവടക്കാരന്‍ പത്ത് രൂപ മുന്‍കൂര്‍ കൊടുത്ത് യാത്ര പറഞ്ഞു പോയി.

ക്ഷുരകന്‍ വേഗം തന്നെ തന്‍റെ പണിയാരംഭിച്ചു. ആദ്യം തന്നെ കടയ്ക്ക് പുറത്ത് വെച്ചിരുന്ന ബോര്‍ഡ് എടുത്ത് മാറ്റി. മുടിവെട്ടാനുള്ള കൂലി സാധാരണ നിരക്കാക്കി.

വഴിയെ പോകുന്നവരെയെല്ലാം വിളിച്ച് ക്ഷുരകന്‍ മുടി വെട്ടിക്കൊടുക്കാന്‍ തുടങ്ങി. നൂറ് കിലോ മുടി വേണ്ടേ?  കൂടുതല്‍ മുടി ശേഖരിക്കാന്‍ അയാള്‍ പലര്‍ക്കും സൌജന്യമായി മുടി വെട്ടിക്കൊടുത്തു. എന്തിന്, പാവപ്പെട്ടവരുടെ വീട്ടില്‍ പോയിപ്പോലും അയാള്‍ മുടി വെട്ടിക്കൊടുക്കാന്‍ തുടങ്ങി. വെട്ടുന്ന മുടിയെല്ലാം ഒന്ന് പോലും കളയാതെ ഒരാളെ വെച്ച് ഒരു മുറിയില്‍ ശേഖരിക്കാനും തുടങ്ങി. 

അധികം താമസിയാതെ മുറി നിറഞ്ഞ് കവിഞ്ഞു. അയാളുടെ കടയും വീടും മുടി കൊണ്ട് നിറയാന്‍ തുടങ്ങി. അടുത്ത ഗ്രാമത്തില്‍ നിന്നു പോലും ആളുകള്‍ സൌജന്യമായി മുടി വെട്ടാന്‍ എത്തി. ക്ഷുരകന്‍ തനിക്ക് മുടി വിറ്റ് കിട്ടാന്‍ പോകുന്ന പതിനായിരങ്ങളോര്‍ത്ത് മനക്കോട്ട കെട്ടിത്തുടങ്ങി.

ക്ഷുരകന്‍റെ മാറ്റം ജനങ്ങളെ അത്ഭുതപ്പെടുത്തി. കച്ചവടക്കാരന്‍ മുന്‍കൂര്‍ പണം കൊടുത്ത് മുടിക്കച്ചവടം ഉറപ്പിച്ച് പോയിട്ട് ആറ് മാസത്തോളമായി. അങ്ങിനെയിരിക്കേ ഒരു ദിവസം ക്ഷുരകന് ഒരു കത്ത് കിട്ടി. കച്ചവടക്കാരനായിരുന്നു ആ കത്തയച്ചത്.

"പ്രിയ സുഹൃത്തേ,
താങ്കള്‍ വാഗ്ദാനം ചെയ്തത് പോലെ മുടി തയ്യാറായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഞാനുടനെ തന്നെ അത് എടുക്കാനായി വരുന്നതാണ്. ഒരു കാര്യമുണ്ട്, എല്ലാ മുടിയും കറുപ്പ്, വെളൂപ്പ്, ചെമ്പന്‍ എന്നിങ്ങനെ വേര്‍തിരിച്ച് വെച്ചാല്‍ സൌകര്യമായിരുന്നു"

ക്ഷുരകന്‍ പെട്ടെന്ന് തന്നെ കുറച്ച് പണിക്കാരെ വെച്ച് മുടി തരം തിരിക്കാന്‍ തുടങ്ങി. എത്ര ശ്രമകരമായ പണിയാണെന്ന് കൂട്ടുകാര്‍ ഒന്നാലോചിച്ച് നോക്കൂ!. എന്തായാലും കുറെയധികം പേര്‍ക്ക് കുറച്ച് ദിവസത്തേയ്ക്ക് നല്ല ജോലിയായി.

കത്ത് കിട്ടി മാസങ്ങള്‍ കുറേ കഴിഞ്ഞു. സൌജന്യമായി മുടി വെട്ടിക്കൊടുത്തും, മുടി ശേഖരിക്കാനും തരം തിരിക്കാനും കൂലി കൊടുത്തും ക്ഷുരകന്‍റെ സമ്പാദ്യം പകുതിയിലധികം തീര്‍ന്നു. എന്നാലും, അയാള്‍ കൂടുതല്‍ മുടി ശേഖരിച്ച് കൊണ്ടേയിരുന്നു. എല്ലാം കൂടി വിറ്റാല്‍ പോയ പണത്തിന്‍റെ നാലിരട്ടി തിരിച്ച് പിടിക്കാമല്ലോ!

അപ്പോഴാണ് ക്ഷുരകന് കച്ചവടക്കാരന്‍റെ കത്ത് കിട്ടിയത്.

"പ്രിയ സുഹൃത്തേ,
യൂറൊപ്പില്‍ പെട്ടെന്നുണ്ടായ ക്ഷാമം ഞങ്ങളുടെ കച്ചവടത്തെ സാരമായി ബാധിച്ച വിവരം താങ്കളെ ഖേദപൂര്‍വ്വം അറിയിക്കുന്നു. മുടിയ്ക്ക് ഇപ്പോള്‍ തീരെ ആവശ്യക്കാരില്ലാത്തതിനാല്‍ ഞങ്ങള്‍ മുടിക്കച്ചവടം നിര്‍ത്തി വെയ്ക്കേണ്ടതായി വന്നു. അത് കൊണ്ട് താങ്കള്‍ സംഭരിച്ച് വെച്ചിരിക്കുന്ന മുടി ഇനി എനിയ്ക്ക് ആവശ്യമില്ല. ഞാന്‍ തന്ന മുന്‍കൂര്‍ തുക തിരികെ തരേണ്ടതില്ല. ഇനിയെങ്കിലും ആളുകളുടെ സാമ്പത്തിക സ്ഥിതി നോക്കാതെ ന്യായമായ കൂലി വാങ്ങി മുടി വെട്ടിക്കൊടുത്ത് സുഖമായി ജീവിക്കുക."

കത്ത് വായിച്ചതും നമ്മുടെ ക്ഷുരകന്‍ ഠിം! എന്ന് നിലം പതിച്ചു. ക്ഷുരകന്‍റെ വീഴ്ച കണ്ട് ഓടിക്കൂടിയ ജനം കച്ചവടക്കാരന്‍റെ കത്ത് കണ്ട് ചിരിക്കണോ, കരയണോ എന്നറിയാതെ നിന്നു പോയി. ക്ഷുരകന് പറ്റിയ അക്കിടി നാട്ടിലാകെ പാട്ടായി. അത്യാഗ്രഹിയായ ക്ഷുരകനെ ഒരു പാഠം പഠിപ്പിച്ച കച്ചവടക്കാരന്‍റെ ബുദ്ധിയെ ജനം പ്രകീര്‍ത്തിച്ചു. 

എന്തായാലും ആ അമളി ക്ഷുരകനെ സ്വയം തിരുത്താന്‍ തയ്യാറാക്കി. മുടിയെല്ലാം അയാള്‍ ഒരു വിധത്തില്‍ ഒഴിവാക്കി. നല്ല രീതിയില്‍ പണി തുടര്‍ന്ന അയാള്‍ക്ക് തന്‍റെ നഷ്ടം നികത്താന്‍ അധിക കാലമൊന്നും വേണ്ടി വന്നില്ല. ഇപ്പോഴയാള്‍ ആ ഗ്രാമത്തിലെ പ്രധാന മുടിവെട്ടുകാരനായി സുഖമായി ജീവിക്കുന്നുണ്ട്.

Post a Comment

0 Comments