അളവറ്റ സ്വത്തിന് ഉടമയായിരുന്ന സത്യഭാമ ഒരല്‍പ്പം അഹംഭാവിയായിരുന്നു. സത്യഭാമയെ അറിയാമല്ലോ കൂട്ടുകാര്‍ക്ക്. സ്യമന്തകമണിയുടെ കഥയില്‍ ശ്രീക്രുഷ്ണന്‍ ഭാര്യയായി സ്വീകരിച്ച സത്യഭാമ.
ഒരിയ്ക്കല്‍ നാരദന്‍ തനിക്ക് നല്‍കിയ പാരിജാത പുഷ്പം കൃഷ്നന്‍ തന്‍റെ പ്രഥമസ്ഥാനീയയായ രുക്മിണിക്ക് നല്‍കിയതില്‍ സത്യഭാമ അസൂയാലുവായി. നാരദന്‍റെ നിര്‍ദ്ദേശപ്രകാരം സത്യഭാമ ഒരു വ്രതം നോല്‍ക്കാന്‍ തീരുമാനിച്ചു. വ്രതത്തിന്‍റെ അവസാനം കൃഷ്ണനെ നാരദന് ദാനമായി നല്‍കാനും പിന്നീട് ഒരു സ്വര്‍ണ്ണം കൊണ്ട് ഒരു തുലാഭാരം നടത്തി കൃഷ്ണനെ തിരിച്ചെടുക്കാനും സത്യഭാമ തീരുമാനിച്ചു. കൃഷ്ണണനോടുള്ള തന്‍റെ അഗാധമായ സ്നേഹവും തന്‍റെ സമ്പത്തും ഇതു വഴി മറ്റുള്ളവരെ ബോധ്യപ്പെടുത്താമെന്ന് സത്യഭാമ കരുതി.
കൃഷ്ണന് സ്വര്‍ണ്ണം കൊണ്ട് തുലാഭാരം നടത്തുന്നത് കാണാന്‍ ദ്വാരകാവാസികള്‍ കൊട്ടാരമുറ്റത്ത് തടിച്ചുകൂടി. സത്യഭാമ അഭിമാനപൂര്‍വ്വം കൃഷ്ണനോട് ത്രാസിന്‍റെ ഒരു തട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടു. കൃഷ്ണന്‍ ഒരു പുഞ്ചിരിയോടെ അത് അനുസരിച്ചു. സത്യഭാമ ത്രാസിന്‍റെ മറ്റേ തട്ടില്‍ സ്വര്‍ണ്ണം ഒന്നൊന്നായി അടുക്കി വെയ്ക്കാന്‍ തുടങ്ങി. കുറച്ച് സ്വര്‍ണ്ണം വെച്ചിട്ടും കൃഷ്ണന്‍ ഇരുന്ന തട്ട് അല്‍പ്പം പോലും അങ്ങിയില്ല. സത്യഭാമ കുറെയധികം സ്വര്‍ണ്ണം കൂടി തട്ടില്‍ വെച്ചു. കൃഷ്ണന്‍റെ തൂക്കത്തിന് തുല്യമാകും എന്ന് കരുതി സത്യഭാമ കരുതിവെച്ചിരുന്ന മുഴുവന്‍ സ്വര്‍ണ്ണം വെച്ചിട്ടും കൃഷ്ണനിരുന്ന തട്ട് അല്‍പ്പം പോലും ഉയര്‍ന്നില്ല. പരിഭ്രാന്തിയായ സത്യഭാമ തന്‍റെ സേവകരോട് കൂടുതല്‍ സ്വര്‍ണ്ണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. തന്‍റെ കയ്യിലുള്ള മുഴുവന്‍ സ്വര്‍ണ്ണവും പണവും മറുതട്ടില്‍ വെച്ചിട്ടും കൃഷണനിരുന്ന തട്ട് അങ്ങാതെയിരിക്കുന്നത് കണ്ട് സത്യഭാമ ഒടുവില്‍ രുക്മിമിണിയെ അഭയം പ്രാപിച്ചു.
സത്യഭാമയുടെ അപേക്ഷ പ്രകാരം രുക്മിണി ത്രാസിനടുത്തേയ്ക്ക് നീങ്ങി. അടുത്തുള്ള ഒരു തുളസിച്ചെടിയില്‍ നിന്ന് മൂന്ന് തുളസിയിലകള്‍ നുള്ളിയെടുത്ത രുക്മിണി വളരെ ഭക്തിയോടും ആദരവോടും കൂടി ആ മൂന്നിലകള്‍ ത്രാസിന്‍റെ തട്ടില്‍ വെച്ചു. അത്ഭുതകരമെന്ന് പറയട്ടെ, അതോട് കൂടി ഭഗവാന്‍ കൃഷ്ണനിരുന്ന തട്ട് പെട്ടെന്ന് മുകളിലേയ്ക്ക് ഉയര്‍ന്നു.
ഈ കാഴ്ച കണ്ട സത്യഭാമയ്ക്ക് തന്‍റെ തെറ്റ് മനസ്സിലായി. പണവും സ്വര്‍ണ്ണവുമല്ല, പരിശുദ്ധമായ ഭക്തിയും സമര്‍പ്പണവുമാണ് ഭഗവാന് പ്രിയമെന്ന് സത്യഭാമ തിരിച്ചറിഞ്ഞു. സ്വത്തിനെ കരുതി അഹങ്കരിച്ച തന്‍റെ വിഡ്ഢിത്തമോര്‍ത്ത് സത്യഭാമ ലജ്ജിച്ചു.
0 Comments