ഒരു ദിവസം അയാള്‍ നടക്കാനിറങ്ങിയതായിരുന്നു. അപ്പോഴാണ് തന്‍റെ അയല്‍ക്കാരനായ ഹമീദ് പ്രാര്‍ത്ഥിക്കുന്നത് കേട്ടത്. അയാള്‍ ഹമീദിന്‍റെ ജനലിലൂടെ അകത്തേയ്ക്ക് എത്തി നോക്കി.
അവിടെയതാ ഹമീദ് കൈകള്‍ മുകളിലേയ്ക്കുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നു.
"പടച്ച തമ്പുരാനേ, ഞാന്‍ നിന്നെ എത്ര നാളായി ആരാധിക്കുന്നു. എന്‍റെ കഷ്ടപ്പാട് അങ്ങ് കാണുന്നില്ലേ. അങ്ങയുടെ സേവകനായ ഈ പാവത്തിനോട് കരുണ തോന്നി ഒരു നൂറ് സ്വര്‍ണ്ണനാണയം തന്ന് അനുഗ്രഹിക്കേണമേ!"
ധനികനായ പിശുക്കന് പെട്ടെന്നാണ് ഒരു കുസൃതി തോന്നിയത്. അയാള്‍ ഉടന്‍ തന്നെ തന്‍റെ വീട്ടിലേയ്ക്ക് തിരിച്ച് നടന്നു. എന്നിട്ട് ഒരു പണസഞ്ചിയില്‍ നൂറ് സ്വര്‍ണ്ണനാണയങ്ങള്‍ ഇട്ട് തിരികെ ഹമീദിന്‍റെ വീട്ടിലെത്തി. ജനലിലൂടെ ആ പണസഞ്ചി അകത്തേക്കിട്ടു. കുറച്ച് കഴിയുമ്പോള്‍ ഹമീദിനെ കളിയാക്കി ആ സഞ്ചി തിരിച്ച് വാങ്ങാമെന്ന് അയാള്‍ കരുതി.
അകത്ത് പ്രാര്‍ത്ഥനയും കഴിഞ്ഞ് വെറുതെയിരിക്കുകയായിരുന്ന ഹമീദ് പെട്ടെന്ന് മുന്പില്‍ വന്ന് വീണ പണക്കിഴി കണ്ട് അതിശയിച്ചതേയില്ല. കാരണം ധനികന്‍ തന്‍റെ ജനലിനടുത്ത് വന്ന് ഒളിഞ്ഞ് നോക്കുന്നതും പിന്നീട് ധൃതിയില്‍ വീട്ടിലേയ്ക്ക് പോയി സഞ്ചിയുമായി തിരിച്ച് വരുന്നതും ഹമീദ് ശ്രദ്ധിച്ചിരുന്നു. അയാള്‍ ആ പണക്കിഴി എടുത്തു. പിശുക്കനായ ആ ധനികനെ ഒരു പാഠം പഠിപ്പിക്കാന്‍ അയാള്‍ ഉറച്ചു.
പണക്കിഴി തന്‍റെ ഭാര്യയെ വിളിച്ച് കാണിച്ച് കൊണ്ട് ഹമീദ് ഉറക്കെ പറഞ്ഞു.
"നീ ഇത് കണ്ടോ! ഒടുക്കം പടച്ചവന്‍ എന്‍റെ പ്രാര്‍ത്ഥന കേട്ടു. ഈ സഞ്ചിയില്‍ അല്ലാഹു എനിക്ക് തന്ന നൂറ് സ്വര്‍ണ്ണനാണയങ്ങളാണ്!"
ഹമീദ് എന്ത് ഭ്രാന്താണ് പറയുന്നത് എന്ന് കരുതി എത്തിയ അയാളുടെ ഭാര്യ സ്വര്‍ണ്ണനാണയം അടങ്ങിയ സഞ്ചി കണ്ട് ശരിക്കും അത്ഭുതപ്പെട്ട് പോയി.
വീടിന് പുറത്ത് നിന്ന് ഇതെല്ലാം കേട്ട് ആസ്വദിക്കുകയായിരുന്ന പിശുക്കന്‍ ഹമീദിനെ കളിയാക്കിച്ചിരിച്ച് കൊണ്ട് അയാളുടെ അടുത്തെത്തി പറഞ്ഞു.
"അതേയ്! ആ കാണുന്ന നൂറ് സ്വര്‍ണ്ണനാണയങ്ങള്‍ എന്‍റേതാണ്. ഇനി അതിങ്ങ് തിരിച്ച് തന്നേക്കൂ!"
"അത് കൊള്ളാം! ഇതെനിക്ക് അല്ലാഹു തന്നതാണ്. ഇതെങ്ങനെയാണ് നിങ്ങളുടേതാകുന്നത്? തനിക്കെന്താ ഭ്രാന്ത് പിടിച്ചൊ?" ഹമീദ് തിരിച്ച് ചോദിച്ചു.
"എടാ മണ്ടാ! നീ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടിരുന്നു. ഇത് ഞാന്‍ നിങ്ങളെ കളിയാക്കാന്‍ വേണ്ടി ജനലിലൂടെ അകത്തേയ്ക്കിട്ടതാണ്. അല്ലാതെ നിന്‍റെ ദൈവം തന്നതൊന്നുമല്ല. വേഗം എന്‍റെ പണം തിരിച്ചു താ! എനിക്ക് പോയിട്ട് വേറെ പണിയുണ്ട്" ധനികന്‍ പറഞ്ഞു.
"അത് ശരി. എന്‍റെ വീട്ടില്‍ ഒളിഞ്ഞ് നോക്കലാണല്ലേ തന്‍റെ പണി. ഞാന്‍ കഷ്ടപ്പെട്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ച് കുറച്ച് പണം നേടിയപ്പോള്‍ അത് തട്ടിയെടുക്കാന്‍ വന്നിരിക്കുന്നു. തന്‍റെ പിശുക്കെല്ലാം നാട് മുഴുവന്‍ അറിയുന്നതാണ്. എന്നിട്ട് എനിക്ക് നൂറ് പൊന്‍പണം തന്നത്രേ! തന്‍റെ കളി എന്‍റടുത്ത് നടപ്പില്ല." ഹമീദ് ദേഷ്യത്തോടെ പറഞ്ഞു.
ധനികന്‍ കുടുങ്ങിപ്പോയി. അയാള്‍ എന്ത് തന്നെ പറഞ്ഞിട്ടൂം ഹമീദ് വിട്ട് കൊടുക്കാന്‍ തയ്യാറായില്ല. ഒടുക്കം ധനികന്‍ പറഞ്ഞു.
"എങ്കില്‍ നീ എന്‍റെ കൂടെ വരൂ. നമുക്ക് ന്യായാധിപന്‍റെ അടുത്ത് പോകാം. ആരുടേതാണ് പണമെന്ന് അദ്ദേഹം തീരുമാനിക്കട്ടെ"
"ശരി. ഞാന്‍ വരാം. പക്ഷേ എനിക്ക് നല്ലൊരു കോട്ടോ യാത്ര ചെയ്യാന്‍ ഒരു കുതിരയോ ഇല്ല. പട്ടണത്തില്‍ ന്യായാധിപന്‍റെ അടുത്ത് ഈ കീറിപ്പറിഞ്ഞ വേഷത്തില്‍ ഞാന്‍ എങ്ങിനെ വരാനാണ്" ഹമീദ് പറഞ്ഞു.
ധനികന്‍ ഉടന്‍ തന്നെ ഹമീദിന് ധരിക്കാന്‍ തന്‍റെ ഒരു കോട്ട് കൊടുത്തു. സഞ്ചരിക്കാനായി ഒരു കുതിരയും നല്‍കി.
അങ്ങനെ രണ്ട് പേരും ന്യായാധിപന്‍റെ അടുത്തെത്തി. ധനികന്‍ ന്യായാധിപനോട് സങ്കടം ബോധിപ്പിച്ചു.
സംഭവമെല്ലാം കേട്ട ന്യായാധിപന്‍ ഹമീദിനോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു.
"ഞാനെന്ത് പറയാനാണ് പ്രഭോ? എന്‍റെ അയല്‍ക്കാരന് മാനസികമായി എന്തോ തകരാറാണ്. അല്ലാതെ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് കേട്ട് അയാള്‍ തന്നതാണ് ഈ പണമെന്നൊക്കെ പറഞ്ഞാല്‍ അത് ഭ്രാന്തല്ലാതെ മറ്റെന്താണ്?" ഹമീദ് പറഞ്ഞു.
ധനികന്‍ ദേഷ്യത്തോടെ ഹമീദിനെ ആക്രമിക്കാനൊരുങ്ങി. തനിക്ക് ഭ്രാന്താണെന്ന് ഹമീദ് പറഞ്ഞത് അയാള്‍ക്കൊട്ടും സഹിക്കാനായില്ല.
"താനവിടെ അടങ്ങി നില്‍ക്കൂ!" ന്യായാധിപന്‍ ധനികനോട് കല്‍പ്പിച്ചു. അതിനു ശേഷം ഹമീദിനോട് ചോദിച്ചു.
"അയാള്‍ക്ക് ഭ്രാന്താണെന്ന് എന്ത് കൊണ്ടാണ് നിങ്ങള്‍ പറയുന്നത്?"
"അല്ലാതെ ഞാന്‍ പിന്നെന്ത് പറയാന്‍? ഒരാള്‍ക്കും ഒരു സഹായവും ചെയ്യാത്ത ഇയാള്‍ എനിക്ക് നൂറ് സ്വര്‍ണ്ണനാണയം തന്നെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കാനാണ്? ഇയാള്‍ എന്‍റെ വീട്ടിലേയ്ക്ക് ഒളിഞ്ഞ് നോക്കും. മാത്രമല്ല എന്‍റെ വീട്ടിലുള്ളതെല്ലാം ഇയാളുടേതാണെന്ന് പറയും. ഇയാള്‍ക്കെന്തോ പ്രശ്നമുണ്ട്. അതല്ലെങ്കില്‍ താങ്കള്‍ തന്നെ ചോദിച്ച് നോക്കൂ, എന്‍റെ കോട്ടും കുതിരയുമൊക്കെ ഇയാളുടേതാണെന്നേ ഇയാള്‍ പറയൂ"
ഹമീദ് പറഞ്ഞ് നിറുത്തിയില്ല ധനികന്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു.
"അവനിട്ടിരിക്കുന്ന കോട്ട് എന്‍റേതാണ്. എന്‍റെ കുതിരപ്പുറത്താണ് അവന്‍ വന്നത്!"
"ഇതാണ് പ്രഭോ ഞാന്‍ പറഞ്ഞത്! " ഹമീദ് പറഞ്ഞു.
ധനികന്‍റെ പെരുമാറ്റവും അയാള്‍ പറഞ്ഞ അവിശ്വനീയമായ കഥയും ന്യായാധിപന് ഹമീദ് പറഞ്ഞത് തന്നെയാണ് ശരിയെന്ന് ബോധ്യപ്പെടുത്തി. ധനികന്‍റെ പിശുക്ക് പണ്ടേ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.
അങ്ങിനെ അറുപിശുക്കന് തന്‍റെ പണവും, കോട്ടും, കുതിരയും നഷ്ടപ്പെട്ടു.
0 Comments