വാലില്ലാക്കുറുക്കന്‍



ഒരിയ്ക്കല്‍ ഒരു കുറുക്കന്‍ ഇര തേടി നടക്കുകയാരിരുന്നു. മൃഗങ്ങളെ പിടിക്കാന്‍ വേട്ടക്കാര്‍ ഒരുക്കിവെച്ചിരുന്ന ഒരു കെണിയില്‍ അവന്‍റെ വാല്‍ അകപ്പെട്ടത് പെട്ടെന്നായിരുന്നു.

പാവം കുറുക്കന്‍! അവന്‍ ആ കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ ആവതും ശ്രമിച്ചു. ഒരു പാട് കഷ്ടപ്പെട്ടതിന് ശേഷമാണ് അവന് ആ കെണിയില്‍ നിന്ന് രക്ഷപ്പെടാനായത്. അതിനിടയില്‍ അവന്‍റെ വാല്‍ കെണിയില്‍ പെട്ട് അറ്റ് പോയിരുന്നു. 

ജീവന്‍ തിരിച്ച് കിട്ടിയ സന്തോഷത്തില്‍ അവന്‍ അവിടെ നിന്നും ഓടിപ്പോയി. എന്നാല്‍ അടുത്ത ദിവസം തന്നെ തന്‍റെ നഷ്ടപ്പെട്ട വാലിനെയോര്‍ത്ത് അവന്‍ ദു:ഖിക്കാന്‍ തുടങ്ങി. മറ്റ് കുറുക്കന്മാരുടെ വാല്‍ കണ്ട് അവന്‍ അസൂയപ്പെട്ടു. മറ്റ് കുറുക്കന്മാരും വാല്‍ നഷ്ടപ്പെട്ട് തന്നെപ്പോലെയായാല്‍ നന്നായിരിക്കുമെന്ന് അവന്‍ കരുതി. അവന്‍ അതിനു വേണ്ടിയുള്ള ഒരു പദ്ധതി തയ്യാറാക്കി.

അടുത്ത ദിവസം തന്നെ അവന്‍ എല്ലാ കുറുക്കന്മാരുടെയും ഒരു യോഗം വിളിച്ച് കൂട്ടി. യോഗത്തിനെത്തിയ കുറുക്കന്മാരോട് അവന്‍ ഒരു പ്രസംഗം തന്നെ നടത്തി.

"സുഹൃത്തുക്കളെ, വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനാണ് ഞാന്‍ നിങ്ങളെ വിളിച്ചത്. നിങ്ങള്‍ക്കറിയാം നമ്മുടെ വാല്‍ നമുക്ക് പല അസൌകര്യങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ്. വാലില്ലെങ്കില്‍ ഒരു പാട് കാര്യങ്ങള്‍ക്ക് നമുക്ക് ഉപകാരപ്രദമായിരിക്കും. അതു കൊണ്ട് ഞാന്‍ എന്‍റെ വാല്‍ മുറിച്ച് കളഞ്ഞു. അല്ലെങ്കില്‍ വാല്‍ ഇന്ന് ഒരു ആവശ്യമില്ലാത്ത വസ്തുവാണ്. നിങ്ങളെല്ലാവരും എന്നെ പോലെ വാല്‍ മുറിച്ച് കളഞ്ഞ് സുഖമായി കഴിയാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു"

തന്‍റെ അറ്റ് പോയ വാല്‍ എല്ലാവരെയും കാണിച്ച് കൊണ്ട് അവന്‍ എല്ലാ കുറുക്കന്മാരെയും വാല്‍ മുറിച്ച് കളയാന്‍ ഉപദേശിച്ചു. 

ചിലരെല്ലാം നമ്മുടെ വാലില്ലാകുറുക്കന്‍ പറഞ്ഞത് മുന്പിന്‍ ആലോചിക്കാതെ അംഗീകരിച്ചു. മറ്റ് ചിലര്‍ കാര്യമായി ആലോചിക്കാന്‍ തുടങ്ങി. ഭൂരിഭാഗം പേരും കുറെ ആലോചിച്ച ശേഷം, വാല്‍ മുറിച്ച് കളയുന്നതാണ് നല്ലതെന്ന അഭിപ്രായത്തിലെത്തി.

അപ്പോഴാണ് ഒരു പ്രായമായ കുറുക്കന്‍ സംസാരിച്ചത്:

"നീ നിന്‍റെ വാലു മുറിച്ച് കളഞ്ഞത് ഒരു ആപത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയല്ലെ? അല്ലാതെ, നീയിപ്പോള്‍ പ്രസംഗിക്കുന്നത് പോലെ നിന്‍റെ സൌകര്യത്തിന് വേണ്ടിയല്ലല്ലോ? അങ്ങിനെ ഒരാവശ്യം വരുമ്പോള്‍ ഞങ്ങളും വേണമെങ്കില്‍ അങ്ങിനെ വാല്‍ മുറിച്ച് രക്ഷപ്പെട്ട് കൊള്ളാം. അത് വരെ വാല്‍ കൊണ്ടുള്ള ഈ അസൌകര്യം ഞങ്ങള്‍ സഹിച്ച് കൊള്ളാം. നീ നിന്‍റെ പണി നോക്കി പോയിക്കോ!"

വൃദ്ധനായ കുറുക്കന്‍ പറഞ്ഞത് കേട്ട മറ്റ് കുറുക്കന്മാര്‍ക്കും കാര്യം പിടികിട്ടി. അവര്‍ വാലില്ലാകുറുക്കനെ കണക്കിന് കളിയാക്കി വിട്ടു. നാണം കെട്ട വാലില്ലാകുറുക്കന്‍ പിന്നെ ആ കാട്ടില്‍ നിന്നില്ല.

എല്ലായ്പ്പൊഴും മറ്റുള്ളവര്‍ തരുന്ന ഉപദേശങ്ങള്‍ നമ്മുടെ നന്മയെ കരുതി ആകണമെന്നില്ല. അത് കൊണ്ട് ബുദ്ധിപൂര്‍വ്വം വിലയിരുത്തിയ ശേഷം നല്ലതാണെങ്കില്‍ മാത്രം മറ്റുള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുക

കാട്ടിലെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments