എലികള്‍ സ്വര്‍ണ്ണം തിന്നുന്ന നാട്ടില്‍...



ഒരിയ്ക്കല്‍ ഒരു കച്ചവടക്കാരന് തന്‍റെ കച്ചവടാവശ്യങ്ങള്‍ക്കായി ദൂരനാട്ടിലേയ്ക്ക് യാത്ര ചെയ്യേണ്ടതായി വന്നു. വീട്ടില്‍ വേറെയാരുമില്ലാത്തതിനാല്‍ താന്‍ സ്ഥലത്തില്ലാത്ത് സമയത്ത് കള്ളന്മാരാരെങ്കിലും വന്നു വീട്ടിലുള്ള സ്വര്‍ണ്ണമെല്ലാം കവര്‍ന്നെടുത്താലോ എന്ന് അയാള്‍ ഭയന്നു. അതുകൊണ്ട് കയ്യിലുള്ള സ്വര്‍ണ്ണമെല്ലാം യാത്രക്ക് മുന്പെ തന്‍റെ സുഹൃത്തിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച് അയാള്‍ യാത്ര പുറപ്പെട്ടു.
ഏതാനും നാളുകള്‍ കഴിഞ്ഞ് അയാള്‍ തന്‍റെ യാത്ര കഴിഞ്ഞ് തിരിച്ചെത്തി. നേരെ തന്നെ തന്‍റെ സുഹൃത്തിന്‍റെ അടുത്തെത്തി സ്വര്‍ണ്ണം തിരികെ ചോദിച്ചു. 

"അയ്യൊ! ആ സ്വര്‍ണ്ണം ഞാന്‍ ഭദ്രമായി മച്ചിന്‍റെ മുകളില്‍ സൂക്ഷിച്ച് വെച്ചിരുന്നതാണ്. നിങ്ങള്‍ തിരിച്ച് വരാറായല്ലൊ എന്നോര്‍ത്ത് കഴിഞ്ഞ ദിവസം ഞാന്‍ അതെടുക്കാന്‍ കയറി നോക്കിയപ്പൊഴാണ് അപകടം മനസ്സിലായത്. മച്ചിന്‍റെ മുകളില്‍ മുഴുവന്‍ എലികളായിരുന്നു. അവ ആ സ്വര്‍ണ്ണം മുഴുവന്‍ തിന്നു തീര്‍ത്തു" സുഹൃത്ത് ലവലേശം കൂസലില്ലാതെ പറഞ്ഞു.

"എലികള്‍ സ്വര്‍ണ്ണം തിന്നെന്നോ?" കച്ചവടക്കാരന്‍ ആശ്ചര്യത്തോടെ ചോദിച്ചു.

"അതേ! എല്ലാം എലികള്‍ തിന്നു തീര്‍ത്തു. എത്ര മാത്രം എലികളുണ്ടെന്നൊ ആ മച്ചിന്‍ മുകളില്‍! വല്ലാത്ത ശല്യമായിപ്പൊയി" സുഹൃത്ത് പറഞ്ഞു.

സുഹൃത്ത്  തന്നെ പറ്റിച്ച് സ്വര്‍ണ്ണമെല്ലാം തട്ടിയെടുക്കാനുള്ള പരിപാടിയാണെന്ന് കച്ചവടക്കാരന് മനസ്സിലായി. അയാള്‍ കൂടുതല്‍ തര്‍ക്കിക്കാനൊന്നും നിന്നില്ല. വീട്ടിലേയ്ക്ക് മറ്റങ്ങിപ്പോയി.

അടുത്ത ദിവസം സുഹൃത്തിന്‍റെ മകന്‍ കളിക്കാന്‍ പോകുന്നത് കച്ചവടക്കാരന്‍ കണ്ടു. അയാള്‍ ഉടന്‍ തന്നെ ആ കുട്ടിയെ പിടിച്ച് തന്‍റെ വീട്ടില്‍ കൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടി.

കുട്ടിയെ കാണാതെ സുഹൃത്ത് അന്വേഷിച്ചിറങ്ങി. കച്ചവടക്കാരന്‍ മകനുമായി പോകുന്നത് കണ്ടിരുന്നു എന്ന് ആരോ പറഞ്ഞ് അയാള്‍ കച്ചവടക്കാരന്‍റെ അടുത്ത് മകനെയും തിരഞ്ഞെത്തി.

"ശരിയാണ്. അവനെന്‍റെ കൂടെ വീട്ടിലേയ്ക്ക് വരുകയായിരുന്നു. പെട്ടെന്ന് ഒരു കൂറ്റന്‍ പരുന്ത് വന്ന് അവനെ റാഞ്ചിക്കൊണ്ട് പോയി" കച്ചവടക്കാരന്‍ പറഞ്ഞു.

"പരുന്ത് കുട്ടിയെ റാഞ്ചിക്കൊണ്ട് പോയെന്നോ? എന്ത് കള്ളമാണ് നിങ്ങള്‍ പറയുന്നത്?" സുഹൃത്ത് അവിശ്വസനീയതയോടെ ചോദിച്ചു.

"ഞാന്‍ സത്യമാണ് പറയുന്നത്!" കച്ചവടക്കാരന്‍ പറഞ്ഞു,

തുടര്‍ന്ന് രണ്ട് പേരും തമ്മില്‍ പൊരിഞ്ഞ വഴക്കായി. ആളുകള്‍ ഓടിക്കൂടി.

അതിനിടയില്‍ ബഹളം കണ്ട് എത്തിയ രാജഭടന്മാര്‍ രണ്ട് പേരെയും പിടികൂടി രാജസന്നിധിയില്‍ എത്തിച്ചു.

"മഹാരാജാവേ, ഇയാള്‍ എന്‍റെ മകനെ തട്ടിയെടുത്തതാണ്" സുഹൃത്ത് രാജാവിനോട് പരാതി ബോധിപ്പിച്ചു.

"അല്ല മഹാരാജന്‍! ഞാന്‍ കുട്ടിയെ തട്ടിയെടുത്തതൊന്നുമല്ല. ഒരു പരുന്ത് കുട്ടിയെ റാഞ്ചിക്കൊണ്ട് പോകുന്നത് ഞാനെന്‍റെ കണ്ണ് കൊണ്ട് കണ്ടതാണ്." കച്ചവടക്കാരന്‍ പറഞ്ഞു.

"നിങ്ങളെന്ത് നുണയാണ് പറയുന്നത്? പരുന്ത് കുട്ടിയെ റാഞ്ചിക്കൊണ്ട് പോകുകയോ? അതെങ്ങിനെ സംഭവിക്കാനാണ്?" രാജവ് വിശ്വസിക്കാനാകാതെ ചോദിച്ചു.

"അതെ തിരുമേനീ, ഇയാള്‍ കള്ളം പറയുകയാണ്" സുഹൃത്ത് പറഞ്ഞു.

"സത്യം പറയണം. കുട്ടിക്ക് എന്താണ് സംഭവിച്ചത്? " രാജാവ് കല്‍പ്പിച്ചു.

"ഞാന്‍ സത്യമാണ് പറഞ്ഞത് തിരുമേനീ. അങ്ങേയ്ക്ക് വിശ്വാസം വരുന്നില്ലേ? സ്വര്‍ണ്ണം തിന്നുന്ന എലികളുള്ള ഈ നാട്ടില്‍ പരുന്ത് കുട്ടിയെ റാഞ്ചിക്കൊണ്ട് പോകുന്നത് അത്ര വലിയ ഒരു സംഭവമാണോ?" കച്ചവടക്കാരന്‍ ചോദിച്ചു.

"സ്വര്‍ണ്ണം തിന്നുന്ന എലികളൊ? അതെന്താണ് കഥ?" രാജാവ് അത്ഭുതത്തോടെ ചോദിച്ചു.

കച്ചവടക്കാരന്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു. കച്ചവടക്കാരനെ സുഹൃത്ത് ചതിച്ചതാണെന്ന് രാജാവിനും ബോദ്ധ്യപ്പെട്ടു. കച്ചവടക്കാരന് അയാളുടെ സ്വര്‍ണ്ണം തിരികെ കൊടുക്കാന്‍ രാജാവ് ഉത്തരവിട്ടു. സുഹൃത്തിന് അയാളുടെ കുട്ടിയെ തിരികെ ലഭിച്ചു. ചതിയനായ സുഹൃത്തിനോട് നൂറ് പൊന്‍പണം പിഴയായി അടയ്ക്കാനും രാജാവി കല്‍പ്പിച്ചു.


Post a Comment

0 Comments