സിംഹവും ചുണ്ടെലിയും

ഒരിയ്ക്കല്‍ ഒരു സിംഹം ഒരു മരത്തണലില്‍ കിടന്നുറങ്ങുകയായിരുന്നു. ആ മരത്തിനടിയിലെ ഒരു മാളത്തില്‍ താമസിച്ചിരുന്ന ഒരു ചുണ്ടെലി അവിടെ ഓടിച്ചാടി കളിക്കുന്നുണ്ടായിരുന്നു. കളിക്കിടയില്‍ മരത്തിലേയ്ക്ക് ചാടിക്കയറവേ ചുണ്ടെലി പിടിവിട്ട് നേരെ സിംഹത്തിന്‍റെ മുകളിലേയ്ക്ക് വീണു. ചാടിയെണീറ്റ സിംഹം ചുണ്ടെലിയ്ക്ക് രക്ഷപ്പെടാനാകും മുന്പെ അതിനെ കൈപ്പിടിയിലാക്കി.
തന്‍റെ ഉറക്കം നഷ്ടപ്പെടുത്തിയ ചുണ്ടെലിയെ സിംഹം നേരെ വായിലേയ്ക്ക് ഇടാനൊരുങ്ങി. 

അപ്പോള്‍ ചുണ്ടെലി പറഞ്ഞു.

"മഹാരാജാവേ, എനിക്കൊരബദ്ധം പറ്റിയതാണ്. ദയവായി എന്നോട് ക്ഷമിക്കൂ. അങ്ങ് എന്‍റെ ജീവന്‍ രക്ഷിച്ചാല്‍ ആ ഉപകാരം ഞാനൊരിക്കലും മറക്കില്ല. എന്നെങ്കിലും ഒരിയ്ക്കല്‍ എനിക്ക് അങ്ങയേയും സഹായിക്കാന്‍ സാധിക്കും. ഇപ്രാവശ്യം എന്നെ വെറുതെ വിടൂ"

ചുണ്ടെലിയുടെ വാക്കുകള്‍ കേട്ട് സിംഹത്തിന് ചിരിയാണ് വന്നത്. സിംഹം പറഞ്ഞു.

"ഇത്തിരിപ്പോന്ന നീ എന്നെ സഹായിക്കുകയോ? നീ ആള് കൊള്ളാമല്ലൊ?"

"ആര്‍ക്കറിയാം മഹാരാജാവേ? ഒരു പക്ഷെ, അങ്ങേയ്ക്ക് എന്നെങ്കിലും എന്‍റെ ആവശ്യം വന്നു കൂടായ്കയില്ലല്ലോ?" ചുണ്ടെലി പറഞ്ഞു. 

ചുണ്ടെലിയ്ക്ക് എന്നെങ്കിലും തന്നെ സഹായിക്കാനാകും എന്ന് കരുതിയല്ലെങ്കിലും, അവന്‍റെ സംസാരത്തില്‍ രസം തോന്നിയ സിംഹം അതിനെ വിട്ടയച്ചു. സിംഹത്തോട് നന്ദി പറഞ്ഞ് ചുണ്ടെലി വേഗം സ്ഥലം വിട്ടു.

കുറെ നാളുകള്‍ക്ക് ശേഷം,ഒരു ദിവസം സിംഹം വേട്ടക്കാരുടെ വലയില്‍ അകപ്പെട്ടു. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലാതെ സിംഹം വിഷമിച്ചു. അപ്പോഴാണ് സിംഹം പുറകില്‍ ഒരു ചെറിയ ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കിയ സിംഹം അത്ഭുതപ്പെട്ട് പോയി. ഒരു ചുണ്ടെലി താന്‍ കുടുങ്ങിയ വല കരണ്ട് മുറിക്കുന്നു!



അത് മുന്പൊരു ദിവസം സിംഹം വെറുതെ വിട്ട അതേ ചുണ്ടെലിയായിരുന്നു. സിംഹം അപകടത്തില്‍ പെട്ടത് കണ്ട് സഹായിക്കാന്‍ എത്തിയതായിരുന്നു.

ചുണ്ടെലി ആ വല കരണ്ട് മുറിച്ച് സിംഹത്തിനെ രക്ഷപ്പെടുത്തി. സ്വതന്ത്രനായ സിഹത്തിനോട് അവന്‍ ചോദിച്ചു.

"ഇപ്പൊഴെങ്ങനെയുണ്ട് രാജാവേ? ഞാന്‍ പറഞ്ഞത് പോലെ എനിക്കങ്ങയെ ഒരാപത്തില്‍ സഹായിക്കാന്‍ സാധിച്ചില്ലേ"?

സിംഹം സന്തോഷത്തോടെ സമ്മതിച്ചു. വലുപ്പത്തിലല്ല കാര്യമെന്ന് സിംഹം മനസ്സിലാക്കികഴിഞ്ഞിരുന്നു.

കാട്ടിലെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments