ഒരിടത്ത് ഒരു മുടിവെട്ടുകാരനുണ്ടായിരുന്നു. എന്തിലും ഏതിലും കുറ്റം മാത്രം കണ്ടെത്തുന്ന ഒരാള്‍. കൂട്ടുകാരും ഒരു പക്ഷേ ഇത്തരക്കാരെ കണ്ടുമുട്ടിയിട്ടുണ്ടാകും.
ഒരു ദിവസം നമ്മുടെ മുടിവെട്ടുകാരന്‍ ചന്തയിലേയ്ക്ക് പോകുകയായിരുന്നു. യാത്രാമദ്ധ്യെ, അയാല്‍ ഒരു വയലില്‍ വിളഞ്ഞു കിടക്കുന്ന മത്തന്‍ കണ്ടു.
"എന്തൊരു വലിയ മത്തങ്ങയാണ് ഉണ്ടായിരുക്കുന്നത്!" അയാള്‍ ആശ്ചര്യപ്പെട്ടു.
നട്ടുച്ച സമയമായതിനാല്‍ നല്ല വെയില്‍ ഉണ്ടായിരുന്നു. വെയിലില്‍ നിന്ന് രക്ഷനേടാനായി അയാള്‍ ഒരു വലിയ പേരാലിന്‍റെ തണലില്‍ വിശ്രമിക്കാനായി തീരുമാനിച്ചു. ഒരു തുണി വിരിച്ച അയാല്‍ ആ പേരാലിന്‍റെ ചുവട്ടില്‍ കിടന്നു. അപ്പോഴാണ് അയാള്‍ ആ ആലിന്‍റെ കായ്കള്‍ ശ്രദ്ധിച്ചത്.
"ഈ ദൈവത്തിന് ഒരു ഔചിത്യവുമില്ല. ഇത്രയ്ക്ക് സാമാന്യ ബോധമില്ലാത്തവനാണോ ഈശ്വരന്‍? ഇത്രയും വലിയ ആല്‍ മരത്തിന്‍റെ കായ ഇത്തിരിയോളം പോന്നത്. അതേ സമയം, നിലത്തിഴഞ്ഞ് വളരുന്ന ഇത്തിരി മാത്രം വണ്ണമുള്ള മത്തനില്‍ ഉണ്ടാകുന്നതോ എത്രമാത്രം വലിപ്പമുള്ള കായയാണ്!"
ഇതും പറഞ്ഞ് അയാള്‍ അവിടെ കിടന്ന് ഉറക്കമായി. കുറച്ച് നേരം കഴിഞ്ഞതും ഒരു പഴുത്ത ആലില്‍കായ് അടര്‍ന്ന് അയാളുടെ തലയില്‍ വീണു. അയാള്‍ ഞെട്ടിയെഴുന്നേറ്റു. താഴെ വീണു കിടക്കുന്ന ആലിന്‍ കായ് കണ്ടപ്പോള്‍ അയാള്‍ക്ക് കാര്യം മനസ്സിലായി. കായ് വീണിടത്ത് ചെറുതായി വേദനിക്കുന്നുണ്ടായിരുന്നു. തലയില്‍ പതിയെ തടവിക്കൊണ്ട് അയാള്‍ അറിയാതെ പറഞ്ഞു.
"ദൈവം ഒന്നും കാണാതെയല്ല ആലില്‍ ചെറിയ കായ്കള്‍ ഉണ്ടാക്കിയത്. ഈ കായ്ക്ക് മത്തങ്ങയുടെ വലിപ്പമുണ്ടായിരുന്നെങ്കില്‍ എന്‍റെ തല മത്തങ്ങ പോലെ ചിതറിപ്പോയേനെ!"
അതും പറഞ്ഞ് അയാള്‍ യാത്ര തുടര്‍ന്നു. ഒരുപക്ഷെ, ഈ അനുഭവത്തോടെ എല്ലാത്തിലും കുറ്റം കണ്ടെത്തുന്ന സ്വഭാവം അയാള്‍ മാറ്റിയിട്ടുണ്ടാകാം, അല്ലേ?



0 Comments