ഒരു കഴുതക്കഥ


ഇതൊരു കഴുതയുടെ കഥയാണ്. ഒരു കഴുതയുടെയോ അതോ ഒന്നിലധികം കഴുതകളുടെയൊ എന്ന് കഥ വായിച്ച് കഴിഞ്ഞാല്‍ കൂട്ടുകാര്‍ക്ക് തീരുമാനിക്കാം.

ഒരു ദിവസം ഒരച്ഛനും മകനും കൂടി തങ്ങളുടെ കഴുതയെ വില്‍ക്കാന്‍ ചന്തയിലേയ്ക്ക് പോകുകയായിരുന്നു. കഴുതയുടെ വശങ്ങളിലായി രണ്ടു പേരും നടന്ന് പോകവേ അതു വഴി വന്ന ഒരാള്‍ ചോദിച്ചു.


"നിങ്ങള്‍ രണ്ടാള്‍ക്കും അല്‍പ്പം പോലും ബുദ്ധിയില്ലേ? നല്ല ഒരു കഴുത കൂടെയുണ്ടായിട്ട് രണ്ടു പേരും നടക്കുന്നു. കഴുത മനുഷ്യര്‍ക്ക് കയറിയിരുന്ന് സഞ്ചരിക്കാന്‍ കൂടിയുള്ളതല്ലേ? ഒരാള്‍ക്ക് അതിന്മേല്‍ യാത്ര ചെയ്ത് കൂടേ?"

അച്ഛനും മകനും അതു ശരിയാണല്ലോ എന്ന് തോന്നി. അച്ഛന്‍ മകനോട് കഴുതയുടെ പുറത്ത് കയറി യാത്ര ചെയ്ത്കൊള്ളാന്‍ പറഞ്ഞു. അങ്ങിനെ മകന്‍ പിന്നെ കഴുതപ്പുറത്തായി യാത്ര.

കുറെ ദൂരം ചെന്നപ്പോള്‍ അവര്‍ ഒരു യാത്രാസംഘത്തിന്‍റെ മുന്നിലെത്തി. അതില്‍ പ്രായമായ ചില ആളുകള്‍ അച്ഛനെയും മകനെയും കണ്ടപ്പോള്‍ ഒരോന്ന് പറയാന്‍ തുടങ്ങി.

"എന്തൊരു മര്യാദയില്ലാത്ത ചെറുപ്പക്കാരന്‍! പ്രായമായ അച്ഛന്‍ നടക്കുന്നു, മകന്‍ കഴുതപ്പുറത്ത് സുഖമായിരിക്കുന്നു! കലികാലം എന്നല്ലാതെ എന്ത് പറയാന്‍!"

ഇത് കേട്ടതും മകന്‍ വേഗം താഴെയിറങ്ങി അച്ഛനെ കഴുതപ്പുറത്തേറ്റി യാത്ര തുടര്‍ന്നു. അധികദൂരം ചെന്നില്ല, അതിന് മുന്പ് തന്നെ ചിലര്‍ അഭിപ്രായവുമായെത്തി.

"കഷ്ടം! ഇതെന്തൊരു മനുഷ്യനാണ്? ചെറിയ കുട്ടിയെ ഈ വെയിലത്ത് നടത്തി ഇയാള്‍ ഗമയില്‍ കഴുതപ്പുറത്തിരുന്ന് യാത്ര ചെയ്യുന്നു. എന്ത് പറയാന്‍?"

അച്ഛന്‍ ആളുകള്‍ പറയുന്നത് കേട്ട് വിഷമമായി. അയാള്‍ വേഗം തന്നെ മകനെയും കഴുതയുടെ പുറത്ത് കേറ്റി യാത്ര തുടര്‍ന്നു.  പാവം കഴുത, രണ്ട് പേരുടെയും ഭാരം താങ്ങി വല്ലാതെ ബുദ്ധിമുട്ടിയാണ് നടന്നിരുന്നത്.

കുറച്ച് ദൂരം അങ്ങിനെ പിന്നിട്ടപ്പോള്‍ അവര്‍ ഒരു കവലയിലെത്തി. അവിടെ കൂടി നിന്നിരുന്ന ആളുകള്‍ രണ്ട് പേര്‍ ഒരു കഴുതപ്പുറത്ത് വരുന്നത് കണ്ട് കളിയാക്കാന്‍ തുടങ്ങി.

"അയ്യേ! രണ്ട് കണ്ണില്‍ ചോരയില്ലാത്ത മനുഷ്യരെ കണ്ടില്ലേ? ഒരല്‍പ്പം പോലും ദയയില്ലാതെ ഒരു പാവം കഴുതയുടെ പുറത്ത് കയറി യാത്ര ചെയ്യുന്നു! നിങ്ങള്‍ക്ക് നാണമാകില്ലേ? അല്ലെങ്കില്‍ തന്നെ ആ പാവം കഴുതയ്ക്ക് നേരെ നടക്കാന്‍ ശേഷിയില്ല."

അച്ഛനും മകനും ഉടന്‍ തന്നെ കഴുതപ്പുറത്ത് നിന്നും ചാടിയിറങ്ങി.  ഇനിയെന്ത് ചെയ്യും എന്നായി രണ്ട് പേരുടെയും ചിന്ത.

അപ്പോഴാണ് അച്ചന് ഒരു ബുദ്ധി തോന്നിയത്. അയാള്‍ വേഗം ഒരു വലിയ മുള വെട്ടിയെടുത്ത്, കഴുതയുടെ കാലുകള്‍ കൂട്ടിക്കെട്ടി മുളക്കമ്പ് കഴുതയുടെ കാലിനിടയിലൂടെ എടുത്ത് കഴുതയെ രണ്ട് പേരും കൂടി ചുമന്ന് കൊണ്ട് പോകാന്‍ തീരുമാനിച്ചു.

അങ്ങിനെ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. കഴുതയാണെങ്കില്‍ അസ്വസ്ഥത കാരണം കിടന്ന് പിടയാന്‍ തുടങ്ങി. അച്ഛനും മകനും മുള തങ്ങളുടെ തോളില്‍ ചുമക്കാന്‍ ബുദ്ധിമുട്ടിത്തുടങ്ങി.

രസകരമായ ഈ കാഴ്ച കണ്ട് ആളുകള്‍ കൂകി വിളിക്കാനും ഉറക്കെച്ചിരിക്കാനും തുടങ്ങി. ആരോ ഒരാള്‍ ഉറക്കെ വിളിച്ച് പറഞ്ഞു. 

"എടോ മണ്ടന്മാരേ! ജീവനുള്ള കഴുതയെ ആരെങ്കിലും ഇതു പോലെ കെട്ടിയിട്ട് കൊണ്ട് പോകുമോ? അതിനെ അഴിച്ച്  വിട്ടാല്‍ അത് താനെ നടന്ന് വരില്ലേ?"

അച്ഛനും മകനും ആകെ നാണം കെട്ട് നില്‍പ്പായി. അതിനകം തന്നെ മറ്റുള്ളവര്‍ പറയുന്നത് കേട്ട് സ്വയം ചിന്തിക്കാതെ ഓരോന്ന് ചെയ്തതിലെ വിഡ്ഡിത്തം രണ്ടാള്‍ക്കും മനസ്സിലായിരുന്നു.

പിന്നീടവര്‍ കഴുതയെ കെട്ടഴിച്ച് സാധാരണ പോലെ നടത്തിക്കൊണ്ട് പോയി.



Post a Comment

0 Comments