അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി...പ്രാര്‍ത്ഥനാ ഗാനം Akhilanda Mandalamaniyichorukki Prayer Song


അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ! ശരണം നീയെന്നും

സുരഗോളലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
നിലനിര്‍ത്തും പ്രേമമേ! ശരണം നീയെന്നും

അവസാന ജ-ലധിയിലൊരുനാളീ വിശ്വം
പരിപൂര്‍ണ്ണശൂന്യമായ് വിലയിച്ചു തീരും !
അതുനാളും സത്തുചിത്താനന്ദ ദീപ്തം
ഒരു സത്യം നിലനില്‍ക്കും അതുനിത്യം ശരണം

ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്‍റെ
പരിശുദ്ധതേജസ്സു വിളയാടിക്കാണ്മാന്‍
ഒരുജാതി ഒരുമതം ഒരുദൈവമേവം
പരമാര്‍ഥ വേദാന്തം സഫലമായ് തീരാന്‍

അഖിലാധിനായകാ തവതിരുമുമ്പില്‍
അഭയമായ് ഞാനിതാ പ്രണമിപ്പൂ നിത്യം
സമരാദി തൃഷ്ണകളൊക്കവേ നീങ്ങി
സമതയും ക്ഷേമവും ശന്തിയും തിങ്ങി

ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിതസൗഹാര്‍ദ്ദത്തിന്‍ ഗീതം മുഴങ്ങി
നരലോകമെപ്പേരുമാനന്ദം തേടി
വിജയിക്ക നിന്‍തിരു നാമങ്ങള്‍ പാടി

അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി...

Post a Comment

0 Comments