സമ്പത്തിന്‍റെ ഭാരം!

https://www.kindpng.com/

 ഒരിടത്തൊരിടത്ത് ഒരു പാവം കൂലിപ്പണിക്കാരനുണ്ടായിരുന്നു. രാമാനന്ദന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. തനിക്ക് കിട്ടുന്ന പണികള്‍ ഭംഗിയായി ചെയ്തു കിട്ടുന്ന തുച്ഛമായ കൂലിയില്‍ സുഖമായി ജീവിച്ചിരുന്നു അയാള്‍. കിട്ടുന്നതെല്ലാം അന്നന്നത്തെ ആവശ്യത്തിനായി അയാള്‍ ചിലവഴിച്ചു പോന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തിന്റെ സുഹൃത്ത് ആദ്യത്തെ ഉപദേശിച്ചു. 

"നീയിങ്ങനെ കിട്ടുന്ന പണമെല്ലാം അപ്പോഴപ്പോള്‍ ചിലവഴിച്ചാല്‍ എങ്ങിനെയാണ്? ഭാവിയിലേയ്ക്ക് കുറച്ചു കരുതി വെക്കണ്ടേ? ദിവസവും കുറച്ചു പണം മാറ്റി വെക്കുക"

സുഹൃത്ത് പറഞ്ഞത് ശരിയാണെന്ന് രമാനന്ദന് തോന്നി. അന്ന് മുതല്‍ കുറച്ചു പണം അദ്ദേഹം ഒരു കുടുക്കയില്‍ ഇട്ടു വെക്കാന്‍ തുടങ്ങി.അങ്ങനെ ദിവസവും പണം ഇട്ടിരുന്ന ആ കുടുക്ക പതിയെ നിറയാന്‍ തുടങ്ങി. കുടുക്കയില്‍ പണം നിറഞ്ഞതോടെ രമാനന്ദന് പരിഭ്രാന്തിയായി. ഇനി എവിടെ പണം സൂക്ഷിയ്ക്കും. പണം ചിലവാക്കാനാണെങ്കില്‍ ഒരു ആവശ്യവും ഇല്ല താനും! രമാനന്ദന്‍ വലിയ ഒരു കുടുക്കയിലേക്ക് തന്റെ സമ്പാദ്യം മാറ്റി.

.കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ആ  കുടുക്കയും നിറഞ്ഞു. "ഇനി എന്റെ കയ്യില്‍ വേറെ കുടുക്കയൊന്നും ഇല്ല. ഇനി ഞാന്‍ പണം എവിടെ സൂക്ഷിയ്ക്കും? എന്തായാലും ഇതിങ്ങനെ കുടുക്കയില്‍ സൂക്ഷിക്കുന്നത് ബുദ്ധിയല്ല. ഇതൊഴിവാക്കി വേറെ എന്തെങ്കിലും ചെയ്യാം"

അടുത്ത ദിവസം രമാനന്ദന്‍ പണവുമായി പട്ടണത്തിലെത്തി. ഒരു സ്വര്‍ണാഭരണശാലയില്‍ ആണ് രമാനന്ദന്‍ ചെന്നത്. രമാനന്ദന്‍  കടയുടെ ഉടമസ്ഥനായ സേട്ടിനോട് പറഞ്ഞു.

"സെട്ട്ജീ! എനിക്കീ പണം മാറ്റി സൂക്ഷിക്കാന്‍ പറ്റിയ ഒരുപായം പറഞ്ഞു തരാമോ?"

"അതിനെന്താ? ഈ പണത്തിന് നല്ല ഒരു വജ്രാഭരണം വാങ്ങി വെച്ചോളൂ. സൂക്ഷിക്കാനും എളുപ്പം, ആവശ്യം വരുമ്പോള്‍ നല്ല വിലയ്ക്ക് വില്‍ക്കുകയും ചെയ്യാം". സേട്ട് പറഞ്ഞു

അങ്ങനെ രമാനന്ദന്‍ വജ്രത്തിന്റെ ഒരു നെക്‍ലെസ് വാങ്ങി. അതോടെ രാമനാനന്ദന്റെ മാനസിക പ്രശ്നവും തുടങ്ങി. 

"എനിക്കെന്താണ് ഈ നെക്‍ലെസ്  കൊണ്ട് കാര്യം. ഇത് ഞാനെന്ത് ചെയ്യാനാണ്?"

അപ്പോഴാണ് രാജകൊട്ടാരത്തിലേക്ക് പുതിയ വസ്ത്രങ്ങളുമായി പോകുന്ന ഒരു വസ്ത്രവ്യാപാരിയെ രമാനന്ദന്‍ കാണുന്നത്. അതോടെ ആ നെക്‍ലെസ്  രാജകുമാരിക്ക് സമ്മാനമായി കൊടുക്കാന്‍ അയാള്‍ തീരുമാനിച്ചു.

നെക്‍ലെസ്   രാജകുമാരിയ്ക്ക് കൊടുത്തയച്ചതോടെ രമാനന്ദന്‍ സമാധാനമായി ഉറങ്ങി.

വ്യാപാരി കൊടുത്ത നെക്‍ലെസ്  രാജകുമാരിക്ക് വളരെ ഇഷ്ടമായി. ഇത് സമ്മാനമായി തന്നയാള്‍ക്ക് കൊടുക്കാനായി രാജകുമാരി ഒരു കെട്ട് പട്ടുവസ്ത്രങ്ങള്‍ കൊടുത്തയച്ചു.

രാജകുമാരി കൊടുത്തയച്ച പട്ടുവസ്ത്രങ്ങള്‍ കണ്ട രമാനന്ദന്‍ വീണ്ടും പരിഭ്രാന്തിയിലായി. "ഈ വസ്ത്രങ്ങള്‍ ഞാനെന്തു ചെയ്യാനാണ്? ഒരു കാര്യം ചെയ്യൂ, അങ്ങ് ഈ വസ്ത്രങ്ങള്‍ അടുത്ത രാജ്യത്തെ രാജകുമാരന് സമ്മാനിച്ചോളൂ"

രമാനന്ദന്‍ ആ വസ്ത്രങ്ങള്‍ വ്യാപരിയുടെ കയ്യില്‍ അടുത്ത രാജ്യത്തെ രാജകുമാരന് കൊടുത്തു വിട്ടു. 

പട്ടുവസ്ത്രങ്ങള്‍  വളരെയധികം ഇഷ്ടമായ രാജകുമാരന്‍ തന്‍റെ കൊട്ടാരത്തിലെ ഏറ്റവും നല്ല കുറെ കുതിരകളെ തിരികെ സമ്മാനമായി കൊടുത്തയച്ചു. രമാനന്ദന്‍ ഒട്ടും മടിക്കാതെ അതെല്ലാം രാജകുമാരിയ്ക്ക് കൊടുത്തയച്ചു.

ഇത്രയും നല്ല കുതിരകളെ ആരാണ് തനിക്ക് സമ്മാനമായി കൊടുത്തയച്ചത് എന്നറിയാന്‍ രാജകുമാരി വ്യാപാരിയോട് ചോദിച്ചു. രമാനന്ദന്‍ ഒരു കൂലിപ്പണിക്കാരന്‍ ആണെന്നറിഞ്ഞതോടെ രാജകുമാരി പറഞ്ഞു.

"ഒരു കൂലിപ്പണിക്കാരന് എന്റെ കയ്യിലുള്ള പണത്തിനൊപ്പം പിടിക്കാന്‍ സാധിക്കുമോ?"

രാജകുമാരി ഉടനെ 10 കഴുതകളുടെ പുറത്തു നിറയെ വെള്ളി രമാനന്ദന് സമ്മാനമായി കൊടുത്തയച്ചു.

ഇത്രയും പണം സൂക്ഷിയ്ക്കുന്ന കാര്യം രമാനന്ദന്  ഓര്‍ക്കാന്‍ പോലും വയ്യായിരുന്നു. പതിവ് പോലെ ആ സമ്മാനവും അടുത്ത രാജ്യത്തെ രാജകുമാരന് തന്നെ പോയി.

"ഇനിയും ഇത്ര വിലപിടിപ്പുള്ള സമ്മാനമോ? ഇത് നമുക്ക് തരുന്ന വ്യക്തി ആരാണ്? രാജകുമാരന്‍ ചോദിച്ചു.

"അയാല്‍രാജ്യത്തെ രമാനന്ദന്‍ എന്ന ഒരു കൂലിപ്പണിക്കാരനാണ്!" വ്യാപാരി വിയനയത്തോടെ അറിയിച്ചു.

"ഓഹോ! അയാള്‍ക്ക് എത്രയായ്ലും എന്നോടു സമ്പത്തിന്‍റെ കാര്യത്തില്‍ കിട പിടിക്കാനാകുമോ?" രാജകുമാരന്‍ ആശ്ചര്യപ്പെട്ടു.

ഉടനെ തന്നെ രാജകുമാരന്‍ 20 കാളവണ്ടി നിറയെ മുത്തും, പവിഴവും രമാനന്ദന് സമ്മാനമായി കൊടുത്തയച്ചു. സമ്മാനങ്ങള്‍ എത്തിയ ഉടനെ രമാനന്ദന്‍ അത് രാജകുമാരിക്ക് അയച്ചു കൊടുത്തു.

വിലപിടിപ്പുള്ള ഇത്രയധികം മുത്തും പവിഴവും കണ്ടതോടെ രാജകുമാരി അത്ഭുതം കൊണ്ട് വാ പൊളിച്ച് പോയി. ഇത്ര മാത്രം ധനവാനായ രമാനന്ദനെ കാണാന്‍ തന്നെ രാജകുമാരി തീരുമാനിച്ചു. രമാനന്ദന്‍റെ വീട്ടിലേക്ക് രാജകുമാരി പുറപ്പെട്ടു.

അയല്‍രാജ്യത്തെ നമ്മുടെ രാജകുമാരനും ഇതെല്ലാം ആലോചിച്ചു ഒരു സമാധാനമുണ്ടായിരുന്നില്ല. തനിയ്ക്ക് ഇത്രയും സമ്മാനങ്ങള്‍ കൊടുത്തയച്ച രമാനന്ദനെ കാണാന്‍ അദ്ദേഹവും പുറപ്പെട്ടു.

രമാനന്ദന്‍റെ വീട്ടിലെത്തിയ രാജകുമാരനും രാജകുമാരിയും അപ്പോഴാണ് പരസ്പരം കാണുന്നത്. സംഭവിച്ച കഥകള്‍ കേട്ടു രണ്ടു പേരും അത്ഭുതപ്പെട്ടു പോയി. രാജകുമാരനും രാജകുമാരിയും പരസ്പരം ഇഷ്ടപ്പെട്ട് സ്നേഹത്തിലായി. കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ രാജകുമാരനും രാജകുമാരിയും വിവാഹിതരായി.

രാജകുമാരനും രാജകുമാരിയും തങ്ങളുടെ കൂടിച്ചേരലിന് കാരണക്കാരനായ രമാനന്ദന് വലിയ ഒരു പെട്ടി നിറയെ സ്വര്‍ണവും, മുത്തും, പവിഴങ്ങളും കൊടുത്തയച്ചു. 

കൊട്ടാരം പടയാളികള്‍ കൊണ്ട് വന്നു വെച്ച പെട്ടി നോക്കി പാവം രമാനന്ദന്‍ പരവശനായിപ്പോയി 

"ഒരു ചെറിയ കുടുക്കയിലെ നാണയങ്ങള്‍ തന്നെ എനിക്ക് വലിയ ഒരു ഭാരമായിരുന്നു. ഇതിപ്പോള്‍ ഇത്രയും വലിയ പെട്ടി നിറയെ സ്വര്‍ണ്ണവും മറ്റും എങ്ങിനെ സൂക്ഷിക്കാനാണ്"

രമാനന്ദന്‍ തലയില്‍ കയ്യും വെച്ചിരിക്കുന്നത് കണ്ടു അഭൂതപ്പെട്ടാണ് പടയാളികള്‍ തിരികെ പോയത്.


Post a Comment

0 Comments