മുക്കുവനും ഭൂതവും

ഇതൊരു പഴയ കഥയാണ്. പണ്ടൊക്കെ എല്ലാ അമ്മൂമ്മമാരും, അമ്മമാരും കുട്ടികൾക്ക് പറഞ്ഞു കൊടുത്തിരുന്ന കഥ. കേൾക്കാത്തവർക്കായി ഇതാ മുക്കുവന്റെയും ഭൂതത്തിന്റെയും കഥ.

ഒരിടത്തൊരിടത്ത്  ഒരു പാവം മുക്കുവനുണ്ടായിരുന്നു. കടലിൽ നിന്നും മീൻ പിടിച്ചുകൊണ്ട് ജീവിതം കഴിച്ചിരുന്ന ഒരു പാവം മുക്കുവൻ. പക്ഷെ അയാൾ നല്ല ബുദ്ധിമാനായിരുന്നു കേട്ടോ.

അങ്ങിനെയിരിക്കെ ഒരു ദിവസം മുക്കുവൻ പതിവ് പോലെ മീൻ പിടിക്കാൻ കടലിൽ പോയി.ദിവസം മുഴുവൻ വലവീശിയിട്ടും ഒരൊറ്റ മീൻ പോലും അയാൾക്ക് കിട്ടിയില്ല. അയാൾ പല സ്ഥലത്തും പല പ്രാവശ്യം മാറി മാറി വലയെറിഞ്ഞു നോക്കി. അന്നെന്തോ അയാളുടെ നിർഭാഗ്യം! ഒരു ചെറു മീൻ പോലും വലയിൽ കുടുങ്ങിയില്ല.

വെറും കയ്യോടെ തിരികെ പോകുന്ന കാര്യം മുക്കുവന് ആലോചിക്കാൻ പോലും വയ്യായിരുന്നു. വിശന്നുവളഞ്ഞിരിക്കുന്ന മക്കളെ ഓർത്തപ്പോൾ അയാൾക്ക് വല്ലാത്ത വിഷമമായി. മീനൊന്നും കിട്ടിയില്ലെങ്കിൽ ഇന്ന്  പട്ടിണി തന്നെ!

തിരികെ പോകുന്നതിന് മുൻപ് ഒരു പ്രാവശ്യം കൂടി ഭാഗ്യം പരീക്ഷിക്കാൻ അയാൾ തീരുമാനിച്ചു. ഒരിക്കൽ കൂടി അയാൾ വല നീട്ടിയെറിഞ്ഞു. പതിയെ വല വലിക്കുമ്പോൾ തന്നെ അതിലെന്തോ കുടുങ്ങിയിട്ടുണ്ടെന്ന് അയാൾക്ക് മനസ്സിലായി. സന്തോഷത്തോടെ അയാൾ വേഗം വല വലിച്ചെടുത്തു. ആകാംക്ഷയോടെ വലയിലേക്ക് നോക്കിയ മുക്കുവൻ വല്ലാതെ നിരാശപ്പെട്ടു പോയി. ഒരു മീൻ പോലും ഇല്ല വലയിൽ!

പെട്ടെന്നാണ് ഒരു വസ്തു അയാളുടെ ശ്രദ്ധയിൽ പെട്ടത്! ഒരു വലിയ കുടം ! അയാൾ ആ കുടം എടുത്ത് അമർത്തി തുടച്ചു. പതിയെ കുടം തിളങ്ങാൻ തുടങ്ങി.കുറെ വര്ഷങ്ങളായി കടലിൽ കിടന്ന് ക്ലാവ് പിടിച്ച ഒരു ചെമ്പ്  കുടമായിരുന്നു അത്. അതിന്റെ വായ ഒരു മൂടി കൊണ്ട് നന്നായി അടച്ചിരുന്നു.

"ഇതിലെന്തെങ്കിലും നിധിയായിരിക്കും!" പ്രതീക്ഷയോടെ മുക്കുവൻ തന്നത്താൻ പറഞ്ഞു. എന്നിട്ട് വേഗം കരയിലേക്ക് തോണി തുഴഞ്ഞു.

കരയിലെത്തിയതും അയാളെ കുടം തുറക്കാൻ നോക്കി. വര്ഷങ്ങളായി തുറക്കാതെ ക്ലാവ് പിടിച്ചിരുന്ന കുടം തുറക്കുക അത്ര എളുപ്പമായിരുന്നില്ല. സർവ്വശക്തിയുമെടുത്ത് മുക്കുവൻ മൂടി ആഞ്ഞു വലിച്ചു. ഠപ്പേ ! വലിയ ശബ്ദത്തോടെ മൂടി തുറന്നു.

പെട്ടെന്ന് ആ കുടത്തിൽ നിന്നും പതിയെ പുക ഉയരാൻ തുടങ്ങി. അത്ഭുതത്തോടെ മുക്കുവൻ പിന്നോട്ട് മാറി. കുടത്തിൽ നിന്നും പുറത്തേക്ക് വന്ന പുക പതിയെ ഒരു രൂപം പ്രാപിക്കാൻ തുടങ്ങി. പതിയെ പതിയെ അതിൽ ഒരു ഭൂതം തെളിഞ്ഞു വന്നു.ഒരു വലിയ ഭൂതം!

ഭയത്തോടെ മുക്കുവൻ പിന്നോട്ട് നീങ്ങി. പെട്ടെന്ന് ഭൂതം സംസാരിക്കാൻ തുടങ്ങി.

"ഹ..ഹ..ഹ..ഏ  മുക്കുവർ..എന്നെ തുറന്നു വിട്ടതിനു നന്ദി. കഴിഞ്ഞ എണ്ണൂറ് വര്ഷങ്ങളായി ഞാനീ കുടത്തിനുള്ളിൽ ബന്ധനസ്ഥനായിരുന്നു. നീയാണെന്നെ തുറന്നു വിട്ടത്"

ഭൂതത്തിന്റെ വാക്കുകൾ കേട്ട് മുക്കുവൻ അത്ഭുതത്തോടെ വായും പൊളിച്ചു നിന്നു. ഭൂതം തുടർന്നു.

"ഒരു മന്ത്രവാദി എന്നെ ഈ കുടത്തിലടച്ച് കടലിൽ എറിഞ്ഞതാണ് . ആരെങ്കിലും എന്നെ രക്ഷപ്പെടുത്തും എന്ന പ്രതീക്ഷയിലായിരുന്നു ഞാൻ.ആദ്യത്തെ നൂറു വര്ഷം എന്നെ രക്ഷപ്പെടുത്തുന്നവനെ ഒരു വലിയ പണക്കാരനാക്കും എന്ന്  ഞാൻ തീരുമാനിച്ചു."

ഇത് കേട്ട മുക്കുവന് സന്തോഷമായി. വലിയ പണക്കാരനായാൽ പിന്നെ ഈ കഷ്ടപ്പാടൊന്നും വേണ്ട. സുഖമായി ജീവിക്കാം. അയാൾ വിചാരിച്ചു. പക്ഷെ ഭൂതം നിർത്താതെ തന്റെ വാക്കുകൾ തുടർന്നു.

"പക്ഷെ, ആരും എന്നെ രക്ഷിച്ചില്ല. അടുത്ത ഇരുന്നൂറ് വർഷങ്ങൾ, എന്നെ തുറന്നു വിടുന്നയാൾക്ക് സ്വർണത്തിന്റെയും രത്നങ്ങളുടെയും  ഒരു വലിയ മല തന്നെ കൊടുക്കാമെന്നു ഞാൻ കരുതി. അപ്പോഴും ഒന്നും സംഭവിച്ചില്ല. മോചനം കാത്തുകിടന്നു അടുത്ത ഇരുന്നൂറു വർഷങ്ങളിൽ എന്നെ രക്ഷിക്കുന്നയാളെ ഒരു രാജാവാക്കാൻ ഞാൻ തീരുമാനിച്ചു. "

ഇതെല്ലാം കേട്ടുകൊണ്ട് നിന്ന മുക്കുവന് പ്രതീക്ഷ വർധിക്കാൻ തുടങ്ങി.

"പിന്നീടുള്ള ഇരുന്നൂറ് വര്ഷം! ഇനി എന്നെ രക്ഷപ്പെടുത്തുന്നവനെ ഈ ലോകത്തിന്റെ ചക്രവർത്തിയായി വാഴിക്കുമെന്നു ഞാനുറപ്പിച്ചു. എന്നിട്ടും എന്നെ രക്ഷപ്പെടുത്താൻ ആരും വന്നില്ല. ദേഷ്യവും നിരാശയും കൂടിയതോടെ അവസാനം ഞാൻ ഒരു പ്രതിജ്ഞയെടുത്തു." ഭൂതം പറഞ്ഞു കൊണ്ടേയിരുന്നു.

ഭൂതത്തിന്റെ പ്രതിജ്ഞ എന്തായിരിക്കുമെന്നറിയാൻ മുക്കുവൻ ആകാംക്ഷയോടെ കാതോർത്തു.

"ഇനിയെന്നെ തുറന്നു വിടുന്ന ആളെ ഞാൻ കൊന്നു തിന്നുമെന്നായിരുന്നു എന്റെ അവസാനത്തെ പ്രതിജ്ഞ!" ഭൂതം പറഞ്ഞു 

"ഹ..ഹ..ഹ.. നീയാണ് ആ മനുഷ്യൻ. എന്നെ തുറന്നു വിട്ടയാൾ ! എന്റെ പ്രതിജ്ഞ എനിക്ക് പാലിക്കാതെ വയ്യ. നിന്നെ ഞാൻ കൊന്നു തിന്നും!"

ഭൂതം പ്രഖ്യാപിച്ചു.

പാവം മുക്കുവൻ! അയാളുടെ കൈകാലുകൾ വിറക്കാൻ തുടങ്ങി. ഈ ഭൂതം എന്നെ കൊന്നു തിന്നത് തന്നെ. അയാൾ ഉറപ്പിച്ചു.

"അല്ലയോ ഭൂതമേ! ഞാൻ നിന്നെ രക്ഷിച്ചവനല്ലേ? എന്നെ കൊന്നു തിന്നുന്നത് ശരിയാണോ? എനിക്ക് ഒരു സമ്മാനവും വേണ്ട, എന്നെ ജീവനോടെ വിട്ടാൽ  മതി." കൂപ്പുകൈകളോടെ മുക്കുവൻ അഭ്യർത്ഥിച്ചു.

"ഒരു രക്ഷയുമില്ല. ഞാൻ പ്രതിജ്ഞ ചെയ്തതാണ്. അത് തെറ്റിക്കാൻ ഒരു കാരണവശാലും സാധ്യമല്ല!" ഭൂതം പറഞ്ഞു.

എങ്ങിനെ ഈ കെണിയിൽ നിന്നും രക്ഷപ്പെടുമെന്ന് മുക്കുവൻ ആലോചിച്ചു. പെട്ടെന്ന് അയാൾക്ക് ഒരു ബുദ്ധി തോന്നി. അയാൾ പറഞ്ഞു.

"ശരി. നീ പ്രതിജ്ഞ തെറ്റിക്കണ്ട. എന്നെ കൊന്നു തിന്നോളൂ! പക്ഷെ നീ പറഞ്ഞത് മുഴുവൻ ശരിയാണെന്നു എനിക്ക് തോന്നുന്നില്ല."

"ഉം..എന്താണ് നിനക്ക് സംശയം?ഞാൻ പറഞ്ഞതെല്ലാം സത്യമാണ്" ഭൂതം ചോദിച്ചു 

"അല്ല. നീ ഈ കുടത്തിനുള്ളിൽ നിന്നും വന്നതാണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല!" മുക്കുവൻ പറഞ്ഞു 

"ഞാൻ ഈ കുടത്തിൽ നിന്നും പുറത്തു വരുന്നത് നീ കണ്ടതല്ലേ? പിന്നെന്താണ് നിനക്ക് സംശയം?" ഭൂതം ചോദിച്ചു 

"ഇത്രയും വലിയ ശരീരമുള്ള, ആകാശം മുട്ടെ വലുപ്പമുള്ള  നിങ്ങൾ ഈ ചെറിയ കുടത്തിനുള്ളിൽ എങ്ങനെ കയറിയത്. അത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല"

"എടോ  മണ്ടൻ മുക്കുവാ! ഞങ്ങൾ ഭൂതങ്ങൾക്ക് ഇഷ്ടം പോലെ ശരീരം വലുതാക്കാനും ചെറുതാക്കാനും പറ്റും . പുകയാകാനും അദൃശ്യരാകാനും സാധിക്കും. അത് നിനക്കറിയില്ലേ?"

ഇത് കേട്ട മുക്കുവൻ പറഞ്ഞു. "ഇത് പച്ചക്കള്ളമാണ്. അതൊരിക്കലും സാധ്യമല്ല! ഞാൻ വിശ്വസിക്കില്ല"

ഭൂതം ഉടൻ തന്നെ പറഞ്ഞു "നിന്നെ ഞാൻ ബോധ്യപ്പെടുത്തിതരാം. ഇതാ കണ്ടോളൂ!"

ഇതും പറഞ്ഞു ഭൂതം ഒരു പുകയായി പതിയെ പതിയെ കുടത്തിനുള്ളിലേക്ക് കയറാൻ തുടങ്ങി. മുക്കുവൻ ശ്രദ്ധയോടെ അതും നോക്കി നിന്ന്. 

കുറച്ചു നിമിഷത്തിനുള്ളിൽ, ഭൂതം പുകച്ചുരുളുകളായി മുഴുവനും കുടത്തിനുള്ളിൽ പ്രവേശിച്ചു. തക്കം നോക്കി നിൽക്കുകയായിരുന്ന മുക്കുവൻ ഉടൻ തന്നെ കുടത്തിന്റെ മൂടി ചാടിയെടുത്ത്  കുടം ഭദ്രമായി അടച്ചു. ഭൂതം വീണ്ടും കുടത്തിനുള്ളിൽ കുടുങ്ങി.

"എന്നെ തുറന്നു വിടൂ. നിനക്ക് ഞാൻ എന്ത് വേണമെങ്കിലും തരാം. ദയവായി എന്നെ തുറന്നു വിടൂ " ഭൂതം കുടത്തിനുള്ളിൽ നിന്നും ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി.

"നിന്റെ ജീവൻ രക്ഷിച്ച എന്നെ കൊന്നു തിന്നാൻ നോക്കിയതല്ലേ നീ? നിന്നെ എങ്ങനെ വിശ്വസിക്കും? ഇനിയുള്ള കാലം നീ ഈ കുടത്തിൽ തന്നെ കിടന്നോളൂ. പുതിയ പ്രതിജ്ഞ എന്താണെന്ന് വെച്ചാൽ എടുത്തോളൂ." ഇതും പറഞ്ഞു മുക്കുവൻ ആ കുടം ദൂരെ കടലിലേയ്ക്ക്  നീട്ടിയെറിഞ്ഞു.

ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തോടെ മുക്കുവൻ വീട്ടിലേക്ക് മടങ്ങി.




Post a Comment

0 Comments