ടോം ചുറ്റുമതിലിന് വെള്ളപൂശുന്നു -ടോം സോയറിൻ്റെ സാഹസികതകള്‍

1876-ൽ, മാര്‍ക് ട്വൈന്‍ എഴുതിയ പ്രശസ്ത നോവലായ അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയർ (ടോം സോയറിൻ്റെ സാഹസികതകള്‍) പ്രസിദ്ധീകരിച്ചു, മാർക്ക് ട്വെയിന്‍ എന്ന എഴുത്തുകാരനെ ലോകത്തിന്റെ സാഹിത്യ ഭൂപടത്തിൽ ഉൾപ്പെടുത്തിയ കൃതിയായിരുന്നു അത്. അർത്ഥവും പ്രതീകാത്മകതയും നിറഞ്ഞതായിരുന്നതിനാൽ, അത് കാലത്തിനു മുൻപേ സഞ്ചരിച്ച ഒരു നോവലായിരുന്നു. വായിക്കാൻ ആകർഷകവും രസകരവുമായ ഈ നോവല്‍ താൻ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാൻ അതിസമര്‍ത്ഥമായി  തന്ത്രങ്ങള്‍ മെനയുന്ന ഒരു കൊച്ചുകുട്ടിയെക്കുറിച്ചുള്ള കഥയായിരുന്നു അത്.

പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിലൊന്ന് അതില്‍ ടോം ചുറ്റുമതിലിന് വേളപൂശുന്ന പണി ചെയ്യുന്നത് ആയിരുന്നു., ടോം സോയറിന് അവന്‍ ചെയ്ത ഒരു തെറ്റിനുള്ള ശിക്ഷയായി അവരുടെ വേലി വെള്ളപൂശാൻ അദ്ദേഹത്തിന്റെ അമ്മായി പോളി ചുമതലപ്പെടുത്തി. അത് ടോം പൂര്‍ത്തിയാക്കിയ ഈ കഥ വളരെ രസകരമാണ്. 

ടോം തന്റെ അമ്മായിയോടൊപ്പം താമസിച്ചിരുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു. അവന്‍റെ പ്രായത്തിലുള്ള മറ്റെല്ലാ ആൺകുട്ടികളെയും പോലെ, അവൻ പലപ്പോഴും നിഷ്കളങ്കമായ കുസൃതികളിൽ ഏർപ്പെട്ടിരുന്നു. അവന്‍റെ അമ്മായി അവനെ വളരെയധികം സ്നേഹിച്ചിരുന്നുവെങ്കിലും അവര്‍ വളരെ വളരെ കർശക്കാരിയായിരുന്നു, ചിലപ്പോൾ അവന്‍റെ ചെറിയ കുസൃതിക്ക് പോലും അവര്‍ അവനെ ശിക്ഷിക്കുകയും ചെയ്യുമായിരുന്നു.

അന്നൊരു ശനിയാഴ്ചയായിരുന്നു, സ്കൂൾ അടച്ചിരുന്നു. നല്ല വെയിലുള്ള ഒരു പകല്‍ സമയം.  ടോം തന്‍റെ  സുഹൃത്തുക്കളോടൊപ്പം നദിയിൽ നീന്താൻ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. പക്ഷേ എന്തു ചെയ്യാന്‍? അവന് അന്നത്തെ ദിവസം കളിയ്ക്കാന്‍ പോകുന്നത് സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്നില്ല. തലേദിവസം രാത്രി അലമാരയിൽ നിന്ന് മധുരപലഹാരങ്ങൾ മോഷ്ടിക്കുന്നത് അമ്മായി കയ്യോടെ പിടിച്ചിരുന്നു. . അതിനാൽ, ശിക്ഷയായി മതിലിന് വെള്ളപൂശാൻ പോളി അമ്മായി ഉത്തരവിട്ടിരിക്കുകയാണ്!

അതിന്‍പ്രകാരം ടോം ഒരു വെള്ളപൂശുന്ന ബക്കറ്റും നീളമുള്ള ഒരു ബ്രഷുമായി ഗേറ്റിന് പുറത്ത് പ്രത്യക്ഷപ്പെട്ടു. വേലി പരിശോധിച്ചതോടെ, അവന്‍റെ  സന്തോഷമെല്ലാം അസ്തമിച്ചു. ഒൻപത് അടി ഉയരവും മുപ്പത് വാരയോളം നീളവുമുള്ള മതില്‍! അവന്, തന്‍റെ ജീവിതം യാതൊരു അര്‍ത്ഥവും, ഉപകാര്‍വും ഇല്ലാത്തതുമാണെന്ന് തോന്നി. അറിയാതെ അവനില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു., അവൻ തന്‍റെ ബ്രഷ് മുക്കി ഏറ്റവും മുകളിലുള്ള പലകയിലൂടെ ബ്രഷ് ഓടിച്ചു. ആ ജോലി അവന് ആവർത്തിച്ചു, മതിലില്‍ താന്‍ വെള്ള പൂശിയ ആ ചെറിയ ഭാഗം അവന്‍ നോക്കി, പിന്നെ വെള്ളപ്പൂശാന്‍ ബാക്കിയുള്ള അനന്തമായ മതിലിലേയ്ക്ക് അവന്‍റെ കണ്ണുകള്‍ നീണ്ടു. ടോം ആകെ തളര്‍ന്ന് നിരാശനായി താഴെയിരുന്നു.

അതേ സമയം ജിം ഒരു തകരക്കുപ്പിയുമായി, ഒരുമ് പാട്ടും പാടിക്കൊണ്ട് ഗേറ്റിലൂടെ പുറത്തേക്ക് വന്നു, . ടൗൺ പമ്പിൽ നിന്ന് വെള്ളം കൊണ്ടുവരുന്നത് ടോമിന്റെ കണ്ണിൽ എപ്പോഴും വെറുപ്പുളവാക്കുന്ന ഒരു ജോലിയായിരുന്നു, പക്ഷേ ഇപ്പോൾ അത് അവന് അതൊരു ബുദ്ധിമുട്ടുള്ള പണിയാണെന്ന് തോന്നിയില്ല. പമ്പിനടുത്ത്  വേറെയും കുട്ടികള്‍ ഉണ്ടാകും.  വെള്ളക്കാരും,  നീഗ്രോകളും തുടങ്ങി എല്ലാ വിഭാഗത്തിലും പെട്ട ആൺകുട്ടികളും പെൺകുട്ടികളും എപ്പോഴും അവിടെ അവരുടെ ഊഴം കാത്തുനിൽക്കുകയും, വിശ്രമിക്കുകയും, കളിപ്പാട്ടങ്ങൾ വിൽക്കുകയും, വഴക്കിടുകയും, അടിപിടി കൂടുകയും ചെയ്തിരുന്നു. പമ്പ് നൂറ്റമ്പത് വാര്‍ മാത്രം അകലെയാണെങ്കിലും, ജിം ഒരിക്കലും ഒരു മണിക്കൂറിനുള്ളിൽ ഒരു ബക്കറ്റ് വെള്ളവുമായി തിരിച്ചെത്താറില്ലെന്നും ടോംഓർത്തു - സാധാരണയായി ആരെങ്കിലും അവനെ തേടി പോകേണ്ടി വന്നിരുന്നു. 

ടോം ജിമ്മിനോട് പറഞ്ഞു:

"ഹലോ, ജിം, നീ കുറച്ച് വെള്ളപ്പൂശുകയാണെങ്കില്‍, ഞാൻ പോയി വെള്ളം കൊണ്ടുവരാം."

ജിം തലയാട്ടിക്കൊണ്ട് പറഞ്ഞു:

“പറ്റില്ല മിസ്റ്റര്‍ ടോം. കൊച്ചമ്മ എന്നോടു തന്നെ പോയി വെള്ളം കൊണ്ടുവരാന്‍ പറഞ്ഞിരുന്നു. ആരോടും കളിച്ചു നില്‍ക്കത്തെ പെട്ടെന്ന് പണി തീര്‍ത്തു വരാനും പറഞ്ഞിട്ടുണ്ട്.  ടോം എന്നെ വെള്ളപ്പൂശാന്‍ പ്രേരിപ്പിക്കുമെന്ന് അപ്പോഴേ അവര്‍ പറഞ്ഞൂ. അത് കൊണ്ട് ഞാന്‍  'എന്റെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കാണിക്കാന്‍ പ്രതേയ്കമ് പറഞ്ഞിരുന്നൂ."

“ഓ, അവര്‍പറഞ്ഞത് നീ കാര്യമാക്കേണ്ട, ജിം. അവര്‍എപ്പോഴും അങ്ങനെയാണ് സംസാരിക്കുന്നത്. നീ എനിക്ക് ബക്കറ്റ് തരൂ - ഞാൻ ഒരു മിനിറ്റ് പോലും എടുക്കില്ല, അവര്‍ ഇതൊന്നും ഒരിയ്ക്കലും അറിയാനും പോകുന്നില്ല."

“ഓ, എനിക്ക് പറ്റില്ല, ടോം. കൊച്ചമ്മ എന്‍റെ  തലത്തിന്നുകലയും. തീർച്ചയായും അവര്‍ അത് ചെയ്യും.”

“ഏയ്, അവര്‍ ആരെയും ഒന്നും ചെയ്യില്ല ജിം. - ചിലപ്പോള്‍ അവളുടെ കൈവിരലുകൊണ്ട് തലയിൽ അടിക്കും - അതും പക്ഷേ ആര്‍ക്കും വേദനിക്കാറില്ല, ആരും അതത്ര കാര്യമാക്കാറില്ല. ചിലപ്പോള്‍ അവര്‍ ചീത്ത പറയുമായിരിക്കും., പക്ഷേ അത് കൊണ്ട് വേദനിക്കില്ലല്ലൊ!  ജിം, ഞാൻ നിനക്കൊരു അത്ഭുതകരമായ വെളുത്ത മാര്‍ബിള്‍ സമ്മാനം തരാം!”

അത് കേട്ടതും ജിം ചെറുതായി ഒന്നുലഞ്ഞു.

“വെളുത്ത മാര്‍ബിള്‍! ശരിക്കും? അതൊരു സംഭവമാണല്ലോ?.” ടോം അവനെ ഒന്നു കൂടി ചൂട് കേറ്റി

“അതെയോ! അത് തികച്ചും മനോഹരമാണ്. പക്ഷേ എന്തു ചെയ്യാം, ടോം, എനിക്കു കൊച്ചമ്മയെ ഭയങ്കര പേടിയാണ്!" ജിം പറഞ്ഞു.

“കൂടാതെ, നിനക്ക് വേണമെങ്കില്‍ ഞാൻ എന്‍റെ മുറിവേറ്റ കാൽവിരൽ കാണിച്ചുതരാം.” ടോം കൂട്ടിച്ചേര്‍ത്തു.

ജിം വെറും സാധാരണ മനുഷ്യനായിരുന്നു. ഈ പ്രലോഭനം അവന് താങ്ങാനാകുന്നതിലും വളരെയധികം ആയിരുന്നു. അവൻ തന്‍റെ ബക്കറ്റ് താഴെ വച്ചു.  എന്നിട്ട്ക ടോമിന്‍റെ കയ്യില്‍ നിന്നും വെളുത്ത മാര്‍ബിള്‍ എടുത്തു. ടോം തന്‍റെ കാല്‍വിരലിലെ ബാൻഡേജ് അഴിച്ചുമാറ്റുന്നതിനിടെ ജിം കുനിഞ്ഞു അതിലേയ്ക്ക് ആകാംക്ഷയോടെ നോക്കി. തൊട്ടടുത്ത നിമിഷം അവൻ തന്‍റെ ബക്കറ്റും പൊക്കിയെടുത്ത്,  ചുട്ടുപൊള്ളുന്ന തന്‍റെ പിൻഭാഗവും തുടച്ച് തെരുവിലൂടെ പറന്നുപോകുന്നതാണ് കണ്ടത്.  ടോമാണെങ്കിലോ? പൂര്‍വാധികം ശക്തിയോടെ മതില്‍ വെള്ള പൂശുകയും. പോളി അമ്മായി കയ്യിൽ ഊരിപ്പിടിച്ച ഒരു ചെരുപ്പും (അതാണ് നമ്മുടെ ജിമ്മിന്‍റെ പിന്‍ഭാഗം പൊളിച്ചത്!) കണ്ണിൽ വിജയത്തിന്‍റെ തിളക്കവുമായി വീട്ടിലേയ്ക്ക് നടക്കുന്നു നീങ്ങുന്നു. എല്ലാം ഞൊടിയിടയില്‍ കഴിഞ്ഞു!

 പക്ഷേ ടോമിന്‍റെ ഊർജ്ജം അധിക നേരം നീണ്ടുനിന്നില്ല. ഇന്നത്തെ ദിവസത്തിനായി താൻ ആസൂത്രണം ചെയ്ത വിനോദത്തെക്കുറിച്ച് അവൻ ചിന്തിക്കാൻ തുടങ്ങി. അതോടെ അവന്‍റെ സങ്കടം വര്‍ധിച്ചു. താമസിയാതെ സ്വതന്ത്രരായ മറ്റ് ആൺകുട്ടികൾ എല്ലാത്തരം രസകരമായ പര്യവേഷണങ്ങളിലും ഇടപെടും, അതേ സമയം ഇങ്ങിനെ ഒരു ജോലി ചെയ്യേണ്ടി വന്നതിന് അവർ അവനെ കളിയാക്കും. അവരുടെ കളിയാക്കലിനെ  കുറിച്ചാലോചിച്ചപ്പോള്‍ തന്നെ അവന് ആകെ വേവലാതിയായി. 

അവൻ തന്‍റെ ആകെ സമ്പാദ്യം പുറത്തെടുത്ത് അത് പരിശോധിച്ചു - കളിപ്പാട്ടങ്ങൾ, മാർബിളുകൾ, മറ്റ് അല്ലറ ചില്ലറ സാധനങ്ങള്‍! ഒരുപക്ഷേ ഇതെല്ലാം കൊടുത്ത് മറ്റാരെകൊണ്ടെങ്കിലും കൊണ്ട് ജോലി ചെയ്യിക്കാന്‍ ആകുമായിരിക്കും!പക്ഷേ, അര മണിക്കൂർ തികച്ച് പണി ചെയ്യിച്ച് തനിക്ക് സ്വതന്ത്രനാകാന്‍ ഇതൊന്നും  മതിയാകില്ല. അങ്ങനെ അവൻ തന്‍റെ ചെറിയ സമ്പാദ്യം പോക്കറ്റിലേക്ക് തിരികെയിട്ടു.  ആ ആശയം ഉപേക്ഷിച്ചു. അങ്ങിനെ  നിരാശാജനകവും, അതിദയനീയവുമായ ആ നിമിഷത്തിൽ പെട്ടെന്ന് അവന് ഒരു ഗംഭീര ആശയം തോന്നി. ഒരു അസാധാരണ ആശയം!

അവന്‍ തന്‍റെ ബ്രഷ് എടുത്തു വളരെ ശാന്തതയോടെയും ശ്രദ്ധയോടെയും വെള്ളപൂശാന്‍ തുടങ്ങി. ദൂരെ നിന്നും ബെന്‍ റോജേര്‍സ് വരുന്നത് കാണാമായിരുന്നു. ടോം ആരുടെ കളിയാക്കലിനെയാണോ ഏറ്റവും ഭയന്നിരുന്നത് അതേ ബെന്‍! ബെന്‍ ഒരു ആവിക്കപ്പലാണ് താന്‍ എന്ന നാട്യത്തോടെ കപ്പലിന്റെ ബെല്‍ ശബ്ദവും മുഴക്കി ഒരാപ്പിലും കടിച്ച് കൊണ്ടാണ് വരുന്നത്!

പെട്ടെന്ന് ബെന്‍ തന്‍റെ ആവിക്കപ്പല്‍ നിര്‍ത്തി, അവന്‍ ടോമിനെ നോക്കിന്‍ ചോദിച്ചു.

"നീ ശരിക്കും കുടുങ്ങിയല്ലേ ടോം?"

പക്ഷേ ടോം അവനെ ശ്രദ്ധിച്ചതേയില്ല!

ബെന്‍ കുറച്ച്കൂടി അടുത്തേയ്ക്ക് നീങ്ങി.

"ഹെയ് ടോം. നിനക്ക് നല്ല പണി കിട്ടിയല്ലേ?"

ഇപ്പോള്‍ ടോം ഒന്നു തിരിഞ്ഞു നോക്കി. എന്നിട്ട് പറഞ്ഞു

"പണിയോ? ങാ, ഒരു പക്ഷേ പണിയായിരിക്കാം, അല്ലാതെയുമിരിക്കാം, എന്തായാലും ഇതെനിക്ക് ചേര്‍ന്ന പണിയാണ്!"

"ഓ പിന്നെ! ഒന്നു പോ ടോം. നീയിത് ഇഷ്ടപ്പെട്ടു ചെയ്യുന്നതല്ലല്ലോ? നീയത് ചുമ്മാ പറയുന്നതല്ലേ?" ബെന്‍ ആശ്ചര്യപ്പെട്ടു.

ടോം തന്‍റെ ബ്രഷ് അതിവിദഗ്ദമായി ചലിപ്പിച്ചു കൊണ്ടേയിരുന്നു. എന്നിട്ട് പറഞ്ഞു.

"ചുമ്മാതെയോ? ഇഷ്ടപ്പെടാതെ ചെയ്യുന്നതോ? അത് കൊള്ളാം. ഈ പണിയൊക്കെ എന്നും ചെയ്യാന്‍ കിട്ടുന്ന പണിയാണോ?

അത് ശരിക്കും ഏറ്റു! ബെന്‍ പെട്ടെന്ന് തന്‍റെ ആപ്പിള്‍ വിട്ട് ആ മതിലിലേയ്ക്ക് ശ്രദ്ധിച്ചു. ടോം വളരെ ശ്രദ്ധയോടെ, ഒരു ആര്‍ടിസ്റ്റിനെപ്പോലെയാണ് ജോലി ചെയ്തു കൊണ്ടിരിക്കുന്നത്. കുറച്ചു വെള്ളപൂശിയ ശേഷം അവന്‍ ആ ഭാഗം ഒന്ന് മാറി നിന്ന് വീക്ഷിക്കുന്നു. എന്നിട്ട് അത് വീണ്ടും വളരെ കൃത്യമായി പൂര്‍ത്തീകരിക്കുന്നു.

ബെന്‍ വളരെ കൌതുകത്തോടെ നോക്കി. എന്നിട്ട് പെട്ടെന്ന് പറഞ്ഞു.

"ഏയ്, ടോം! നീ ആ ബ്രഷ് ഒന്നു തരൂ! ഞാനും കുറച്ചു വെള്ളപൂശി നോക്കട്ടെ!"

"ഇല്ലില്ല! അത് പറ്റില്ല ബെന്‍. അത് ശരിയാകില്ല. പോളി അമ്മായി ഒരിയ്ക്കലും അതിന് സമ്മതിക്കില്ല. അവര്‍ ഈ മതിലിന്റെ കാര്യത്തില്‍ വളരെ കര്‍ക്കശക്കാരിയാണ്. ഇത് വളരെ വൃത്തിയായി തന്നെ വെള്ളപൂശണമെന്ന് നിര്‍ബന്ധമാണ്. അതങ്ങനെ എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്ന പണിഒന്നുമല്ല" ടോം സമ്മതിച്ചില്ല."

"അങ്ങിനെ പറയാതെ ടോം. എനിക്ക് ഒരല്‍പ്പം വെള്ളപൂശാന്‍ തരൂ. നിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ തീര്‍ച്ചയായും അനുവദിക്കുമായിരുന്നു." ബെന്‍ അപേക്ഷിക്കാന്‍ തുടങ്ങി.

"എനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ല ബെന്‍. നിനക്കറിയാമോ? ജിം ഈ ജോലി ചെയ്യാനാഗ്രഹിച്ചതാണ്. പോളി അമ്മായി അവനെ അടിച്ചോടിച്ചു. സിഡ് ഇത് ചെയ്യാന്‍ തയ്യാറായി വന്നിട്ടും അമ്മായി സമ്മതിച്ചില്ല. ഇനി നീ പറയൂ, ഞാനെങ്ങിനെ ഇത് നിന്നെ ഏല്‍പ്പിക്കും. എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ അമ്മായി എന്‍റെ പണി തീര്‍ക്കും!" ടോം പറഞ്ഞു.

"ഒന്നും സംഭവിക്കില്ല ടോം. ഞാന്‍ വളരെ ശ്രദ്ധിച്ച് ചെയ്തോളാം. മാത്രമല്ല ദാ ഈ ആപ്പിളിന്‍റെ ഒരു കഷണം നിനക്ക് തരാം"

"വേണ്ട ബെന്‍, അത് ശരിയാകില്ല..ഞാന്‍..."

"അല്ല, ഈ ആപ്പിള്‍ മുഴുവനും നീ എടത്തോ.." ബെന്‍ ചാടിക്കയറി പറഞ്ഞു.

ടോം വളരെ മടിയോടെ ബ്രഷ് ബെന്നിന് കൊടുത്തു, അവന്‍റെ ആപ്പിള്‍ വാങ്ങിച്ചു. അങ്ങിനെ ആ "ആവിക്കപ്പല്‍" കഷ്ടപ്പെട്ട് പണിയെടുത്ത് കൊണ്ടിരിക്കെ നമ്മുടെ മിടുക്കനായ " കലാകാരന്‍" ബാക്കി വരുന്ന കുട്ടികളെ എങ്ങിനെ പണിയെടുപ്പിക്കാമെന്ന് പദ്ധതി ആവിഷ്കരിക്കുകയായിരുന്നു. 

ആവശ്യത്തിലധികം പെയിന്‍റ് ഉണ്ടായിരുന്നു. ബെന്‍ പണിയെടുത്ത് മടുത്തപ്പോഴേയ്ക്കും ടോം അടുത്ത ഇരയെ കണ്ടെത്തിയിരുന്നു. ഒരു പട്ടത്തിനാണ് ടോം ബില്ലി ഫിഷറിന് അവസരം നല്കിയത്. അതിന് ശേഷം, നൂലില്‍ കെട്ടിയ ഒരു ചത്ത എലിയെ കൊടുത്ത് ജോണി മില്ലര്‍ അവസരം നേടിയെടുത്തു. അങ്ങിനെ ഓരോരുത്തരായി ടോമിന് ഓരോ സാധനങ്ങള്‍ കൊടുത്ത് ആ ജോലി ചെയ്യാനുള്ള അവസരം കരസ്ഥമാക്കി. ഉച്ചതിരിഞ്ഞതോടെ കാര്യമായി കയ്യില്‍ ഒന്നുംതന്നെ ഇല്ലാതിരുന്ന ടോം തരക്കേടില്ലാത്ത ഒരു ധനികനായി. 

നേരത്തെ പറഞ്ഞവയ്ക്ക് പുറമേ, പന്ത്രണ്ട് മാർബിളുകൾ, ഒരു ജൂത കിന്നരത്തിന്റെ ഒരു ഭാഗം, ഒരു നീല കുപ്പി ഗ്ലാസിന്റെ കഷണം, ഒരു കളിപീരങ്കി, ഒന്നും തുറക്കാൻ കഴിയാത്ത ഒരു താക്കോൽ, ഒരു ചോക്ക് കഷണം, ഒരു ഗ്ലാസ് സ്റ്റോപ്പർ, ഒരു ടിൻ പട്ടാളക്കാരൻ, രണ്ട് ടാഡ്‌പോളുകൾ, ആറ് പടക്കങ്ങൾ, ഒരു കണ്ണ് മാത്രമുള്ള ഒരു പൂച്ചക്കുട്ടി, ഒരു പിച്ചള വാതിൽപ്പടി, ഒരു നായ കോളർ - പക്ഷേ നായയില്ല - ഒരു കത്തിയുടെ പിടി, നാല് ഓറഞ്ച് തൊലി കഷണങ്ങൾ, ഒരു പഴയ ജനൽ ചില്ല എന്നിവ ടോമിന്‍റെ കൈവശം വന്നു ചേര്‍ന്നു.

ടോം മുഴുവന്‍ സമയവും അടിപൊളിയായി ആസ്വദിച്ചു. കളിയ്ക്കാന്‍ ഒരു പാട് കൂട്ടുകാര്‍, കൈ നിറയെ സാധനങ്ങള്‍ - ആകപ്പാടെ ഒരു പാര്‍ട്ടി മയം! അതിനിടയില്‍ മതിലിന് ഒരു മൂന്നു തവണയെങ്കിലും വെള്ളപൂശി കഴിഞ്ഞിരുന്നു. അതിനുള്ളില്‍ പെയിന്‍റ് തീര്‍ന്ന് പോയത് കൊണ്ടാണ്. അല്ലെങ്കില്‍ ആ വില്ലേജിലുള്ള മുഴുവന്‍ കുട്ടികളുടെയും സമ്പാദ്യം ടോമിന്‍റെ കയ്യിലെത്തുമായിരുന്നു.

ഈ അനുഭവത്തില്‍ നിന്നും ടോം ഒരു പ്രധാനപ്പെട്ട കാര്യം പഠിച്ചു. ഒരു കാര്യം നേടാന്‍ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നതിന് അത് കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്ന്! എളുപ്പം കരസ്ഥമാക്കാവുന്ന ഒരു വസ്തുവും ആരിലും ഒരു താഥ്ര്‍പര്യവും ഉണ്ടാക്കില്ലെന്ന് തത്ത്വം അവന്‍ മനസ്സിലാക്കി.

Post a Comment

0 Comments