ലോകാവസാനമെന്തിന് കുപ്പായം! ഹോജാ കഥകള്‍ - Lokavasanam Kuppaayam

ഹോജയ്ക്ക് ഒരുപാട് ഇഷ്ടമായ ഒരു കൊഴുത്ത ആട്ടിന്‍കുട്ടിയുണ്ടായിരുന്നു. നല്ല കൊഴുത്തു തടിച്ച ആട്ടിൻകുട്ടിയെ കണ്ട്  ഹോജയുടെ അയൽവാസികൾക്ക് കൊതിയായി. 

അവര്‍ പലതവണ ഹോജയോട് പറഞ്ഞു:

"മുല്ലാ, ഈ ആട് വളരെ കൊഴുത്താണ്. നമുക്ക് ഇതിന്റെ മാംസം കൊണ്ടൊരു വിരുന്ന് നടത്താം!"


പക്ഷേ, ഹോജ നല്ല കരുണയുള്ളവനായിരുന്നു. "ഇത് എന്റെ മകനെപ്പോലെയാണ്. ഞാൻ അതിനെ കൊള്ളുന്ന പ്രശ്നമേയില്ല !" ഹോജ തീർത്ത് പറഞ്ഞു.

പലരും പല തരത്തിലും ഹോജയെ തങ്ങളുടെ വഴിക്ക് കൊണ്ടുവരാൻ നോക്കി. എന്നാൽ ഹോജ വഴങ്ങിയില്ല.

അവരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍, ഒരു ദിവസം അവര്‍ എല്ലാവരും കൂടി ഹോജയോട് പറഞ്ഞു :

"ഹോജാ ,  താങ്കൾ അറിഞ്ഞോ? നാളെ ലോകാവസാനമാണത്രെ! നമുക്ക് ഈ അവസാന ദിവസം നല്ല ആട്ടിറച്ചി വിരുന്ന് ഒരുക്കി ആഘോഷിക്കാം!"

ഒരു വിധത്തില് എല്ലാവരും കൂടി ഹോജയേ ബോധ്യപ്പെടുത്തി. അവസാനം ഹോജ പറഞ്ഞു.

"അത് ശരിയാണ്. ലോകം അവസാനിക്കുകയാണെങ്കിൽ പിന്നെ എന്തു കാര്യം. നമുക്ക് അവനെ ശരിപ്പെടുത്തിക്കളയാം ."

അതിനുശേഷം എല്ലാവരും ചേര്‍ന്ന് ഒരു രുചികരമായ വിരുന്ന് ഒരുക്കി. എല്ലാവരും ചേർന്ന് ആഘോഷത്തോടെ  ഭക്ഷണം കഴിച്ചു.

ഭക്ഷണം കഴിഞ്ഞശേഷം അയല്‍വാസികള്‍ അവരുടെ കുപ്പായങ്ങള്‍ ഊരിവെച്ച് വിശ്രമിക്കാനായി കിടന്നു. വയർ നിറച്ച് ഭക്ഷണം കഴിച്ചതല്ലേ, കുറച്ച് നിമിഷം കൊണ്ടു തന്നെ അവര്‍ എല്ലാം ഉറങ്ങിപ്പോയി.

അവരൊക്കെ ഉറക്കം പിടിച്ചതോടെ, ഹോജ എല്ലാരുടെയും കുപ്പായങ്ങള്‍ എടുത്ത് ആ മുറ്റത്ത് ഇട്ടു കത്തിച്ച് കളഞ്ഞു!

അവർ ഉന്നരണപ്പോഴേക്കും അവരുടെ വില പിടിച്ച വസ്ത്രങ്ങളൊക്കെ തീയിട്ടുകഴിഞ്ഞിരുന്നു

"ഹോജാ! നീ എന്തു പണിയാണ് ചെയ്തത്? ഞങ്ങളുടെ കുപ്പായങ്ങള്‍ നീ കത്തിച്ചു കളഞ്ഞതെന്തിനാണ് ?"

ഹോജ ഒരു ചെറുചിരിയോടെ ശാന്തനായി പറഞ്ഞു:

"സഹോദരന്മാരെ, നാളെ എന്തായാലും ലോകം അവസാനിക്കുമല്ലോ? അപ്പോള്‍ നമ്മുക്കൊക്കെ എന്തിനാണ് കുപ്പായം?"

അതിന് ആര്ക്കും മറുപടിയില്ലായിരുന്നു!

Post a Comment

0 Comments