ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും,ക്വാണ്ടം ബലതന്ത്രത്തിന്‍റെ ആദ്യകാല ഉപജ്ഞാതാക്കളിൽ ഒരാളും ആയിരുന്നു വെർണർ കാൾ ഹൈസെൻബെർഗ്. 1927-ൽ അദ്ദേഹം അനിശ്ചിതത്വ തത്ത്വം ആവിഷ്കരിച്ചു. 1932-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ക്വാണ്ടം ബലതന്ത്രത്തിന്‍റെ സൃഷ്ടിക്കു ഇദ്ദേഹത്തിനു ലഭിച്ചു.
1920 മുതൽ 1923 വരെ, അദ്ദേഹം മ്യൂണിക്കിലെ ലുഡ്‌വിഗ് മാക്സിമിലിയൻ സർവകലാശാലയിൽ ഭൗതികശാസ്ത്രവും ഗണിതവും പഠിച്ചു. ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും ആറ്റം, ക്വണ്ടം ഫിസിക്സിന്റെയും ആദ്യകാല വളർച്ചയ്ക്ക് അമൂല്യമായ സംഭാവനകൾ നല്കിയ വ്യക്തികളിൽ ഒരാളായിരുന്ന അർനോൾഡ് സൊമ്മർഫെൽഡ് ആയിരുന്നു അദ്ദേഹത്തിന്‍റെ ഡോക്ടറേറ്റ് ഉപദേഷ്ടാവ്.
ഡോക്ടറൽ ബിരുദം നേടുന്നതിന് പരീക്ഷണാത്മക ഭൗതികശാസ്ത്രത്തിലെ ലബോറട്ടറി കോഴ്സുകൾ എടുക്കുന്നത് സർവകലാശാല നിർബന്ധമാക്കിയിരുന്നു. ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ പ്രശസ്ത ജെർമൻ ശാസ്ത്രജ്ഞനായ വിൽഹെം വീൻ ആയിരുന്നു ഈ കോഴ്സുകൾ നടത്തിയിരുന്നത്. ഹൈസൻബർഗിന്‍റെ പ്രാഥമിക താത്പര്യം സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലായിരുന്നു. അതിനാൽ പരീക്ഷണാത്മക കോഴ്സുകളിൽ അദ്ദേഹത്തിന് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. ഹൈസൻബർഗിന്‍റെ പ്രകടനത്തിൽ പ്രൊഫ. വീൻ അതൃപ്തനായിരുന്നെങ്കിലും, അദ്ദേഹം ഒരു വിധത്തിൽ തന്‍റെ പ്രബന്ധം പൂർത്തിയാക്കി 1923 ജൂൺ 10-ന് മ്യൂണിക്ക് ഫാക്കൽറ്റിക്ക് സമർപ്പിച്ചു.
ഹൈസൻബർഗിന്‍റെ ഗവേഷണ പ്രബന്ധത്തിന്‍റെ അവസാന വാചിക പരീക്ഷയുടെ സമയമായപ്പോഴാണ് ഹൈസൻബർഗിന്‍റെ അക്കാദമിക് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ആരംഭിച്ചത്. സോമർഫെൽഡും, വീനും, ഗണിതശാസ്ത്രത്തിൽ നിന്നും ജ്യോതിശാസ്ത്രത്തിൽ നിന്നുമുള്ള പ്രതിനിധികളും ഉൾപ്പെട്ടതായിരുന്നു വാചിക പരീക്ഷയുടെ കമ്മിറ്റി.
സോമർഫെൽഡിന്‍റെ ചോദ്യങ്ങൾക്ക് വളരെ നന്നായി തൃപ്തികരമായ ഉത്തരങ്ങൾ നല്കാൻ ഹൈസൻബർഗിന് കഴിഞ്ഞു. രണ്ടു പേരുടെയും താത്പര്യമുള്ള മേഖലകൾ ഒന്നായിരുന്നത് അദ്ദേഹത്തിന് സഹായകരമായി. എന്നാൽ വെയ്ൻ തന്‍റെ പരിശോധനയിൽ, ഹൈസൻബർഗിനോട് പാഠഭാഗത്തിൽ ഉൾപ്പെട്ട ഒരു ഇന്റർഫെറോമീറ്ററിനെക്കുറിച്ച് ചോദിച്ചു, പക്ഷേ ഹൈസൻബർഗ് ആ ഉപകരണം ഉപയോഗിച്ചിരുന്നില്ല എന്നത് കൊണ്ട് അതിന്‍റെ ഉത്തരം അദ്ദേഹത്തിന് അറിയില്ലായിരുന്നു . എങ്കിലും തത്സമയം ഒരു ഉത്തരം കണ്ടെത്താൻ ശ്രമിച്ചു. പക്ഷേ അദ്ദേഹം കൊടുത്ത മറുപടി വെയ്നെ കോപാകുലനാക്കി. തുടർന്ന് വെയ്ൻ ഹൈസൻബർഗിനോട് ദൂരദർശിനികളുടെ റെസൊല്യൂഷൻ ശക്തിയെക്കുറിച്ച് ചോദിച്ചു. വീണ്ടും, ആ യുവ ശാസ്ത്രജ്ഞന് തൃപ്തികരമായ ഒരു ഉത്തരം നല്കാൻ കഴിഞ്ഞില്ല. അതോടെ, ഹൈസൻബർഗ് മറ്റ് മേഖലകളിൽ എത്ര മിടുക്കനായിരുന്നാലും അദ്ദേഹത്തിന് ഡോക്ടറൽ ബിരുദം നൽകരുതെന്ന് വെയ്ൻ ശക്തമായി വാദിച്ചു.
ഭൗതികശാസ്ത്രത്തിൽ മൂന്ന് പാസിംഗ് ഗ്രേഡുകളിൽ ഏറ്റവും കുറഞ്ഞ പാസിംഗ് ഗ്രേഡുകൾ ലഭിച്ചതായി അറിഞ്ഞപ്പോൾ ഹൈസൻബർഗ് ഞെട്ടിപ്പോയി. സോമർഫെൽഡ് ഹൈസൻബർഗിന് തന്‍റെ മേഖലയിൽ ഉയർന്ന ഗ്രേഡ് നൽകി. സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ എപ്പോഴും തന്‍റെ ക്ലാസ്സിൽ ഒന്നാമനായിരുന്ന ഹൈസൻബർഗിന്, പരീക്ഷാഫലത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹത്തിന്‍റെ വിദ്യാർത്ഥി ഒരു പ്രതിഭയാണെന്ന് വിശ്വസിച്ചിരുന്ന ആർനോൾഡ് സോമർഫെൽഡിന്‍റെ ഇടപെടൽ മൂലമാണ്, ഹൈസൻബർഗിന് ഡോക്ടറേറ്റ് ലഭിച്ചത്.
1954ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം നേടിയ മാക്സ് ബോൺ ഹൈസൻബർഗിനെ നേരത്തെ തന്നെ ഒരു ടീച്ചിംഗ് അസിസ്റ്റന്റായി നിയമിച്ചിരുന്നു. പിന്നീട് നേരിൽ കണ്ടപ്പോൾ ഹൈസൻബർഗ് ബോണിനോട് ഇനിയും തന്നെ ആ പോസ്റ്റിലേക്ക് പരിഗണിക്കുമോ എന്ന് ആശങ്കപ്പെടുകയുണ്ടായി.
പരീക്ഷയിൽ ലഭിക്കുന്ന മികച്ച ഗ്രേഡുകൾ മാത്രമല്ല പ്രതിഭ തെളിയിക്കാൻ അത്യന്താപേക്ഷിതം എന്നതിന് നല്ല ഒരു ഉദാഹരണമാണ് ഹൈസൻബർഗിന്റെ പില്ക്കാലത്തെ നേട്ടങ്ങൾ. ഗ്രേഡുകൾ കടലാസിലെ വെറും സംഖ്യകൾ മാത്രമായി അവശേഷിക്കാം, പക്ഷേ അറിവ് ശാശ്വതമാണ്. സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ ഗഹനമായ അറിവുള്ള അദ്ദേഹം താൻ ഇഷ്ടപ്പെട്ട മേഖല പിന്തുടർന്നു. പിന്നീട് ക്വാണ്ടം മെക്കാനിക്‌സിന്‍റെ മേഖലയിൽ ഒരു മാതൃകാ വ്യക്തിത്വമായി മാറി.
0 Comments