ഒല്ലി നീലിന്‍റെ കഥ The Story of Olly Neel and Mildred Grady

ഇത് ഒരു സംഭവകഥയാണ്. വികൃതിയായ ഒരു വിദ്യാര്‍ത്ഥിയെ നേര്‍വഴിയിലേയ്ക്ക് നയിച്ച ഒരു അധ്യാപികയുടെ കഥ. പഠനത്തില്‍ താത്പര്യമില്ലാതിരുന്ന ഒരു  വിദ്യാര്‍ത്ഥിയെ പുസ്തക വായന വിജയിയാക്കിയ കഥ.

1970-കളിൽ മരിയാനയിൽ (ലീ കൗണ്ടി) ഒരു കമ്മ്യൂണിറ്റി ഹെൽത്ത് ക്ലിനിക്കിന് നേതൃത്വം നൽകിയ ഒല്ലി  നീൽ ജൂനിയർ, അർക്കൻസാസിലെ  ഡിസ്ട്രിക്ട് പ്രോസിക്യൂട്ടിംഗ് അറ്റോർണിയായ ആദ്യത്തെ കറുത്ത വര്‍ഗക്കാരനാണ്.  സർക്യൂട്ട് കോടതി ജഡ്ജിയായും അർക്കൻസാസ് കോടതി ഓഫ് അപ്പീലിലും സേവനമനുഷ്ഠിച്ചു.

ഒല്ലി നീൽ ജൂനിയർ മരിയാനയ്ക്ക് പടിഞ്ഞാറ് പതിനൊന്ന് മൈൽ അകലെയുള്ള ഒരു ഫാമിൽ ന്യൂ ഹോപ്പ് കമ്മ്യൂണിറ്റിയിൽ ഒല്ലി നീലിൻ്റെയും വില്ലി ബിയാട്രിസ് ജോൺസ് നീലിൻ്റെയും മകനായി ജനിച്ചു. 1941 ജൂലൈ 13 ന് ആയിരുന്നു ജനനം. വൈദ്യുതിയില്ലാത്ത ഒരു വീട്ടിൽ ദരിദ്രനായി നീൽ വളർന്നു. നീലിൻ്റെ പിതാവിന് രണ്ടാം ഗ്രേഡ് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീലുൾപ്പെടെ 14 മക്കളെ പോറ്റി വളർത്താൻ പാടുപെടുന്ന ആ കർഷകൻ  പക്ഷേ തൻ്റെ മക്കൾ ഹൈസ്കൂൾ പൂർത്തിയാക്കണമെന്ന് നിർബന്ധം പിടിച്ചു. നീൽ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയതിന് ഒരു വർഷത്തിന് ശേഷം 1959 ൽ അമ്മ കോളേജ് ബിരുദം നേടി എന്നത് ഒരു ആകര്‍ഷകമായ നേട്ടമാണ്.

കറുത്തവർഗ്ഗക്കാർക്കായുള്ള സ്കൂളിൽ അദ്ദേഹം നീലിനെ ചേർത്തു. പഠനത്തില്‍ നീല്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല.ഒന്നും പഠിയ്ക്കാതെ, അധ്യാപകരെ ചീത്ത വിളിച്ചും ചില്ലറ മോഷണങ്ങൾ നടത്തിയും നീൽ ഉഴപ്പി നടന്നു . അധിക സമയവും ക്ലാസ്സിന് പുറത്തായിരുന്നു നീല്‍. 

അങ്ങനെ ക്ലാസിലൊന്നും കയറാതെ കറങ്ങി നടന്ന നീൽ ഒരു ദിവസം അറിയാതെ എങ്ങിനെയോ സ്കൂള്‍ ലൈബ്രറിയിലെത്തി. ലൈബ്രറിയില്‍ ചുറ്റിക്കറങ്ങവേ, ഷെല്‍ഫില്‍ ഇരുന്ന ഒരു പുസ്തകം നീലിന്റെ ശ്രദ്ധയിൽ പെട്ടു.  ആ പുസ്‌തകം ഫ്രാങ്ക് യെർബി എഴുതിയ "ദ ട്രഷർ ഓഫ് പ്ലസൻ്റ് വാലി"  ആയിരുന്നു - അതിന് കൌമാരക്കാരെ ആകർഷിക്കും വിധത്തിലുള്ള ഒരു പുറംചട്ട ആയിരുന്നു - സിഗരറ്റ് പുകച്ചിരിക്കുന്ന , അല്പം അലസമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടി! 

സ്വാഭാവികമായും നീലിന് ആ പുസ്തകത്തോട് ഒരു കൌതുകം തോന്നി. പക്ഷേ ഒരു പ്രശ്നം! നീൽ പുസ്തകം ചെക്ക്ഔട്ട് കൗണ്ടറിലേക്ക് കൊണ്ടുപോയാൽ, കൗണ്ടറിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ തൻ്റെ സുഹൃത്തുക്കളോട് പറയുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു. താന്‍ പുസ്തകം വായിക്കുന്നത് മറ്റ് കുട്ടികള്‍ അറിഞ്ഞാല്‍ അത് തന്റെ "പ്രശസ്തിയെ" ബാധിക്കുമെന്ന് നീല്‍ ഭയ്ന്നു. ആകെ നാണക്കേടാകും! താന്‍ വെറും ഒരു വഴക്കാളിയാണെന്ന് മറ്റുള്ളവര്‍ കരുതുന്നതായിരുന്നു അവനിഷ്ടം.

അതുകൊണ്ട് നീൽ  പുസ്തകം മോഷ്ടിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ അവൻ ഷർട്ടിനിടയിൽ ഒളിപ്പിച്ച് ആ പുസ്തകം ലൈബ്രറിയില്‍ നിന്നും കടത്തി വീട്ടില്‍ കൊണ്ടുപോയി വായിച്ചു. ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്ക് ശേഷം, നീൽ പുസ്തകം പൂർത്തിയാക്കി. അത് ലൈബ്രറിയിലേക്ക് തിരികെ കൊണ്ടുവന്നു വെക്കാന്‍ തീരുമാനിച്ചു.  അത് കണ്ടെത്തിയ അതേ സ്ഥലത്ത് അത് തിരികെ വെക്കാന്‍ ശ്രമിക്കുമ്പോഴാണ്  ഫ്രാങ്ക് യെർ ബിയുടെ മറ്റൊരു പുസ്തകം അവിടിരിക്കുന്നത് കണ്ടത് . അതും നീല്‍ ഷര്‍ട്ടിനിടയില്‍ ഒളിപ്പിച്ചു കൊണ്ട്പോയി വായിച്ചു. അത് തിരിച്ചു വെക്കാൻ ചെന്നപ്പോൾ യെർ ബിയുടെ തന്നെ മറ്റൊരു പുസ്തകം കിട്ടി.  അങ്ങിനെ അവൻ ആ സെമസ്റ്ററില്‍ യെർബിയുടെ നാല് പുസ്തകങ്ങൾ വായിച്ചു -എല്ലാം ഒളിച്ചു കടത്തിയവ തന്നെ!

അതോടെ വായനയുടെ സുഖം നീലറിഞ്ഞു .  പിന്നെ വായനയോട് വായന തന്നെ . വായന നീലിന്‍റെ ജീവിതത്തെ മാറ്റിമറിച്ചു.. നീൽ സ്കൂൾ ജയിച്ചു .  കോളേജിലെത്തി .  നിയമത്തിൽ ബിരുദം നേടി .  അർക്കൻസാസിലെ  ഡിസ്ട്രിക്ട് പ്രോസിക്യൂട്ടിംഗ് അറ്റോർണിയായ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായി. പിന്നീട് ജഡ്ജിയായി.

വർഷങ്ങൾക്കു ശേഷം ഹൈസ്കൂൾ റീയൂണിയനിൽ പങ്കെടുക്കവെ നീലിനെ ഞെട്ടിച്ചുകൊണ്ട് സ്കൂളിലെ ലൈബ്രേറിയനായ മിൽഡ്രഡ് ഗ്രേഡി ഒരു വെളിപ്പെടുത്തല്‍ നടത്തി. വർഷങ്ങൾക്ക് മുമ്പ് അവൻ ദി ട്രഷർ ഓഫ് പ്ലസൻ്റ് വാലി മോഷ്ടിക്കാൻ ശ്രമിക്കുന്നത് അവര്‍ കണ്ടിരുന്നുവെന്ന്!

ആദ്യം അവനെ കൈയോടെ പിടികൂടി ആ പുസ്തകം മോഷ്ടിക്കേണ്ടതില്ല, നിനക്കു വായിക്കാന്‍ കൊണ്ടുപോകാം എന്നു പറയാമെന്ന് കരുതി. എന്നാല്‍ അങ്ങിനെ ചെയ്താല്‍ അവന്റെ ആത്മാഭിമാനത്തിന് മുറിവേൽക്കുമെന്നതിനാൽ വെറുതെ വിടുകയായിരുന്നു.  

നീലിന് വായനയില്‍ താത്പര്യം തോന്നിയാലോ എന്നു കരുതി ഗ്രാഡിയും, മിസ്സിസ് സോണ്ടേഴ്‌സും മെംഫിസിലേക്ക് വണ്ടിയോടിച്ച് പോയി അവന് വായിക്കാൻ മറ്റൊരു തേടിപ്പിടിച്ച് ഷെൽഫിൽ വെക്കുകയായിരുന്നു!

ഓരോ തവണയും നീൽ ഒരു പുസ്തകം വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുമ്പോൾ, ഗ്രേഡി അവനുവേണ്ടി മറ്റൊരു പുസ്തകം കണ്ടെത്താൻ നഗരത്തിലേക്ക് പുറപ്പെടും. 

ഗ്രേഡി മരിച്ചപ്പോൾ, ഒരു ലൈബ്രേറിയൻ തൻ്റെ വായനാശീലം എങ്ങനെ വളർത്തിയെടുത്തു എന്നതിൻ്റെ കഥ അവരുടെ ശവസംസ്കാര ചടങ്ങിനായി ഒത്തുകൂടിയ എല്ലാവരോടും പറയാൻ ഗ്രഡിയുടെ മകൻ നീലിനോട് ആവശ്യപ്പെട്ടു. ഒരു കുട്ടിയെ വായയിലേയ്ക്ക് നയിക്കാന്‍ മിസ്സ്. ഗ്രേഡി ചെയ്ത ത്യാഗമാണ് തന്നെ ഇന്നത്തെ നിലയിലെത്തിച്ചത് എന്ന് അദ്ദേഹം നന്ദിയോടെ ഓര്‍ത്തു

Post a Comment

0 Comments