ചെമ്പന്‍ കുതിര - റഷ്യന്‍ നാടോടിക്കഥ ഭാഗം 1

പണ്ടൊരിക്കല്‍ ഒരിടത്ത് ഒരു വൃദ്ധനും മൂന്ന് ആണ്‍മക്കളും താമസിച്ചിരുന്നു. മൂത്ത പുത്രന്മാര്‍ രണ്ടുപേരും യോഗ്യന്മാരും, നല്ല വസ്ത്രം ധരിക്കാന്‍ ഇഷ്ടമുള്ളവരും കഴിവുള്ള കൃഷിക്കാരുമായിരുന്നു. എന്നാല്‍ ഇളയ പുത്രനായ മണ്ടന്‍ ഇവാന്‍ ഇങ്ങിനെയൊന്നുമായിരുന്നില്ല. അടുപ്പിന്‍തിണ്ണയില്‍ ചടഞ്ഞിരുന്നാണ് അവന്‍ അധിക സമയവും കഴിച്ചത്. അവന്‍ പുറത്തിറങ്ങുന്നത് കാട്ടില്‍പ്പോയി കൂണ്‍ ശേഖരിക്കാന്‍ മാത്രമായിരുന്നു.

വൃദ്ധന്‍ മരിക്കാരായപ്പോള്‍ മൂന്നു പുത്രന്മാരെയും അടുത്ത് വിളിച്ച് ഇങ്ങിനെ പറഞ്ഞു.


"ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ മൂന്നു ദിവസത്തേയ്ക്ക് എന്നും രാത്രി നിങ്ങള്‍ എന്‍റെ കുഴിമാടം സന്ദര്‍ശിച്ച് എനിക്കു തിന്നാന്‍ കുറെ റൊട്ടി കൊണ്ടുവന്നു തരണം"

വൃദ്ധന്‍ മരിച്ചു. അയാളുടെ ശവസംസ്കാരം കഴിഞ്ഞു. അന്ന് രാത്രി കുഴിമാടത്തില്‍ പോകേണ്ട ഊഴം ഏറ്റവും മൂത്ത മകനായിരുന്നു. എന്നാല്‍ അലസത കൊണ്ടോ അതോ പേടി കൊണ്ടോ എന്നു തീര്‍ച്ചയില്ല, അയാള്‍ പോകാന്‍ മടിച്ചു. അയാള്‍ ഇവാനെ വിളിച്ച് ഇങ്ങിനെ പറഞ്ഞു.

"ഇവാന്‍, എനിക്കു പകരം നീ ഇന്ന് അച്ഛന്‍റെ കുഴിമാടത്തില്‍ പോകാമെങ്കില്‍ നിനക്കു ഞാന്‍ ഒരു കേക്ക് വാങ്ങിത്തരാം"

ഇവാന്‍ ഉടന്‍ തന്നെ അതിന് സമ്മതിച്ചു. അവന്‍ കുറച്ചു റൊട്ടിയും കൊണ്ട് അച്ഛന്‍റെ കുഴിമാടത്തിലെത്തി. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ അവന്‍ അവിടെ കാത്തിരുന്നു. കൃത്യം പാതിരായായപ്പോള്‍ കുഴിമാടത്തിലെ മണ്ണ് ഇരുവശത്തേയ്ക്കും മാറി. വൃദ്ധന്‍ എഴുന്നേറ്റ് വന്ന് ചോദിച്ചു.

"ആരാണത്? എന്‍റെ മൂത്തമകനാണോ? റഷ്യ എങ്ങിനെയുണ്ട്? അവിടെ പട്ടികള്‍ കുരയ്ക്കുകയോ, ചെന്നായ്ക്കള്‍ ഓരിയിടുകയോ, കുട്ടികള്‍ കരയുകയോ ചെയ്യുന്നുണ്ടോ?"

ഇവാന്‍ മറുപടി പറഞ്ഞു. 

"ഇത് അങ്ങയുടെ മകനാണ്. റഷ്യയില്‍ എല്ലാം ശാന്തമാണ്"

അച്ഛന്‍, ഇവാന്‍ കൊണ്ടുചെന്ന റൊട്ടി വയറു നിറയെ തിന്നിട്ട് കുഴിമാടത്തിനുള്ളില്‍ കയറി കിടന്നു. വഴിക്കു കുറെ കൂണ്‍ ശേഖരിച്ചിട്ട് ഇവാന്‍ വീട്ടിലെത്തി.

ഏറ്റവും മൂത്ത സഹോദരന്‍ അവനോടു ചോദിച്ചു.

"നീ നമ്മുടെ അച്ഛനെ കണ്ടോ?"

"കണ്ടു" ഇവാന്‍ പറഞ്ഞു.

"അച്ഛന്‍ നീ കൊണ്ട് പോയ റൊട്ടി തിന്നോ?"

"വയറ് നിറയുന്നത് വരെ തിന്നു"

പിറ്റേദിവസം രണ്ടാമത്തെ സഹോദരന്‍റെ ഊഴമായിരുന്നു.  അലസത കൊണ്ടോ അതോ പേടി കൊണ്ടോ എന്നു തീര്‍ച്ചയില്ല, അയാളും പോകാന്‍ മടിച്ചു. അയാള്‍ ഇവാനെ വിളിച്ച് ഇങ്ങിനെ പറഞ്ഞു.

"എനിക്കു പകരം നീ ഇന്ന് രാത്രി അച്ഛന്‍റെ കുഴിമാടത്തില്‍ പോകാമെങ്കില്‍ നിനക്കു ഞാന്‍ ഒരു ജോഡി ചെരുപ്പ്  വാങ്ങിത്തരാം" 

"ശരി," ഇവാന്‍ പറഞ്ഞു. "ഞാന്‍ പോകാം."

അവന്‍ കുറച്ചു റൊട്ടിയും കൊണ്ട് അച്ഛന്‍റെ കുഴിമാടത്തിലെത്തി.  കൃത്യം പാതിരായായപ്പോള്‍ കുഴിമാടത്തിലെ മണ്ണ് ഇരുവശത്തേയ്ക്കും മാറി. വൃദ്ധന്‍ എഴുന്നേറ്റ് വന്ന് ചോദിച്ചു.

"ആരാണത്? എന്‍റെ രണ്ടാമത്തെ മകനാണോ? റഷ്യ എങ്ങിനെയുണ്ട്? അവിടെ പട്ടികള്‍ കുരയ്ക്കുകയോ, ചെന്നായ്ക്കള്‍ ഓരിയിടുകയോ, കുട്ടികള്‍ കരയുകയോ ചെയ്യുന്നുണ്ടോ?"

"ഇത് അങ്ങയുടെ മകനാണ്. റഷ്യയില്‍ എല്ലാം ശാന്തമാണ്"

അച്ഛന്‍, ഇവാന്‍ കൊണ്ടുചെന്ന റൊട്ടി വയറു നിറയെ തിന്നിട്ട് കുഴിമാടത്തിനുള്ളില്‍ കയറി കിടന്നു. വഴിക്കു കുറെ കൂണ്‍ ശേഖരിച്ചിട്ട് ഇവാന്‍ വീട്ടിലെത്തി.

"അച്ഛന്‍  റൊട്ടി തിന്നോ?" രണ്ടാമത്തെ സഹോദരന്‍ ചോദിച്ചു.

"വയറ് നിറയുന്നത് വരെ തിന്നു" ഇവാന്‍ മറുപടി പറഞ്ഞു.

മൂന്നാം ദിവസം രാത്രി കുഴിമാടത്തില്‍ പോകേണ്ടത് ഇവാന്‍ ആയിരുന്നു. അവന്‍ സഹോദരന്മാരോട് പറഞ്ഞു.

"രണ്ടു ദിവസം ഞാന്‍ അച്ഛന്‍റെ കുഴിമാടത്തില്‍ പോയി. ഇനി നിങ്ങളാരെങ്കിലും പോകണം. ഞാന്‍ വീട്ടിലിരുന്ന് വിശ്രമിക്കട്ടെ!"

"അത് പറ്റില്ല, " സഹോദരന്മാര്‍ പറഞ്ഞു. "നിനക്കു പോയി പരിചയമുണ്ടല്ലോ, അത്കൊണ്ട് നീ തന്നെ പോകണം."

"ശരി, എന്നാല്‍ ഞാന്‍ തന്നെ പോകാം." ഇവാന്‍ സമ്മതിച്ചു.

അവന്‍ പതിവ് പോലെ കുറച്ചു റൊട്ടിയും കൊണ്ട് അച്ഛന്‍റെ കുഴിമാടത്തിലെത്തി.  കൃത്യം പാതിരായായപ്പോള്‍ കുഴിമാടത്തിലെ മണ്ണ് ഇരുവശത്തേയ്ക്കും മാറി. വൃദ്ധന്‍ എഴുന്നേറ്റ് വന്ന് ചോദിച്ചു.

"ആരാണത്? എന്‍റെ ഇളയ മകനാണോ? റഷ്യ എങ്ങിനെയുണ്ട്? അവിടെ പട്ടികള്‍ കുരയ്ക്കുകയോ, ചെന്നായ്ക്കള്‍ ഓരിയിടുകയോ, കുട്ടികള്‍ കരയുകയോ ചെയ്യുന്നുണ്ടോ?"

"അച്ഛാ, ഇത് ഞാനാണ്, അങ്ങയുടെ ഇളയ പുത്രനായ ഇവാന്‍.. റഷ്യയില്‍ എല്ലാം ശാന്തമാണ്"

ഇവാന്‍ കൊണ്ട് ചെന്ന റൊട്ടി മതിയാവോളം ഭക്ഷിച്ചിട്ട് അച്ഛന്‍ പറഞ്ഞു.

"ഇവാന്‍, എന്‍റെ ആജ്ഞ അനുസരിച്ചത് നീ മാത്രമാണ്. മൂന്ന് രാത്രി എന്‍റെ കുഴിമാടത്തില്‍ വരാന്‍ നിനക്കു പേടിയില്ലായിരുന്നു.  ഇപ്പോള്‍ നീ വെളിപ്രദേശത്ത് പോയി ഇങ്ങനെ വിളിച്ച് പറയണം. "ചെമ്പന്‍ കുതിരെ, നീ കേട്ടാലും, വന്നാലും. അല്ലെങ്കില്‍ ആപത്ത് വന്നു ഭവിച്ചീടും!" കുതിര അടുത്തെത്തിയാല്‍ നീ അതിന്റെ വലത്തെ ചെവിയില്‍ കയറി ഇടത്തെ ചെവിയിലൂടെ പുറത്തിറങ്ങണം. അപ്പോള്‍ നീ മറ്റാരേക്കാളും സുന്ദരനായ ഒരു യുവാവായിത്തീരും. എന്നിട്ട് കുതിരപ്പുറത്ത് കയറി ഇഷ്ടമുള്ളിടത്ത് പോകാം."

ഇവാന്‍, അച്ഛന്‍ കൊടുത്ത കടിഞ്ഞാണ്‍ വാങ്ങി അഃച്ഛനോട് നന്ദി പറഞ്ഞു വീട്ടിലേയ്ക്ക് പോയി. വഴിയില്‍ നിന്ന് പതിവ് പോലെ കൂണ്‍ ശേഖരിച്ച് കൊണ്ടാണ്‍ അവന്‍ വീട്ടിലെത്തിയത്. സഹോദരന്മാര്‍ അവനോടു ചോദിച്ചു.

"നീ അച്ഛനെ കണ്ടോ"?

"കണ്ടു" ഇവാന്‍ പറഞ്ഞു.

"നീ കൊണ്ടുചെന്ന റൊട്ടി അച്ഛന്‍ തിന്നോ?"

"വയറ് നിറച്ചു തിന്നു. ഇനി കുഴിമാടത്തില്‍ ചെല്ലേണ്ടെന്ന് അദ്ദേഹം എന്നോട് പ്രത്യേകം പറഞ്ഞു."

ഇക്കാലത്താണ് രാജാവ് അവിവാഹിതരും സുന്ദരന്മാരുമായ യുവാക്കല്‍ എല്ലാവരും കൊട്ടാരത്തിലെത്തണമെന്ന് വിളംബരം ചെയ്തത്. രാജാവിന്റെ മകളായ സുന്ദരി എന്ന രാജകുമാരിക്കുവേണ്ടി ഓക്ക് മരത്തടി കൊണ്ട് പന്ത്രണ്ടു തൂണുകളും പന്ത്രണ്ടു നിലകളുമുള്ള ഔ മാളിക പണിയിക്കപ്പെട്ടു. രാജകുമാരി ഏറ്റവും മുകളിലത്തെ നിലയിലുള്ള തന്‍റെ മുറിയുടെ ജനാലയ്ക്കരികിലിരിക്കുമ്പോള്‍ കുതിരപ്പുറത്ത് അത്രയും ഉയരത്തില്‍ ചാടി അവളുടെ ചുണ്ടില്‍ ചുംബിക്കുന്നവന്‍ ആര് തന്നെ ആയാലും അയാള്‍ക്ക് രാജകുമാറിയെ വിവാഹം ചെയ്തു കൊടുക്കുമെന്നായിരുന്നു രാജാവിന്‍റെ തീരുമാനം. കൂടാതെ രാജ്യത്തില്‍ പകുതിയും അയാള്‍ക്ക് നല്‍കപ്പെടും. ഈ വാര്‍ത്ത ഇവന്റെ സഹോദരന്മാരുടെ ചെവിയിലെത്തി. മറ്റുള്ളവരോടൊപ്പം തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചു.

അവര്‍ ഏറ്റവും നല്ല രണ്ടു കുതിരകള്‍ക്ക് ഓട്ട്സ് തിന്നാന്‍ കൊടുത്ത് ലായത്തില്‍ നിന്ന് പുറത്തിറക്കി. ഏറ്റവും നല്ല വസ്ത്രങ്ങള്‍ ധരിച്ചു. ചുരുണ്ട മുടി ചീകി മിനുക്കി. അടുപ്പിന്‍തിണ്ണയില്‍ പുകക്കുഴലിന്‍റെ പിന്നില്‍ ഇരുന്നുകൊണ്ട് ഇവാന്‍ ജ്യേഷ്ഠന്‍മാരോട് പറഞ്ഞു.

"എന്നെക്കൂടെ കൊണ്ട് പോകൂ. ഞാന്‍ ഭാഗ്യം പരീക്ഷിക്കട്ടെ!"

"അടുപ്പിന്‍തിണ്ണയില്‍  പതുങ്ങിയിരിക്കുന്ന കൊള്ളരുതാത്തവനെ, " അവര്‍ പരിഹസിച്ചു. "നീ ഞങ്ങളുടെ കൂടെ വന്നാല്‍ നിന്നെ ആളുകള്‍ പരിഹസിക്കുകയെയുള്ളൂ. കാട്ടില്‍പ്പോയി കൂണ്‍ അന്‍വേശിക്കുന്നതാണ് നിനക്കു നല്ലത്"

മൂത്ത സഹോദരന്മാര്‍ രണ്ടു പേരും ഒന്നാന്തരം കുതിരകളുടെ പുറത്തു കയറി, തോപ്പി ശരിയ്ക്ക് വെച്ചു, ചൂളം വിളിച്ചുകൊണ്ട് പാഞ്ഞുപോയി. കുതിരകള്‍ വഴിയില്‍ പൊടിപടലമുയര്‍ത്തിക്കൊണ്ട് മറഞ്ഞു. ഇവാന്‍ അച്ഛന്‍ കൊടുത്ത കടിഞ്ഞാണ്‍ കയ്യിലെടുത്ത് കൊണ്ട് വേലിപ്രദേശത്ത് പോയി അച്ഛന്‍ പറഞ്ഞിരുന്നത് പോലെ വിളിച്ചുപറഞ്ഞു.

"ചെമ്പന്‍ കുതിരെ, കേട്ടാലും, വന്നാലും.!

അല്ലെങ്കിലാപത്ത് വന്നു ഭവിച്ചിടും!"

അത്ഭുതം! ഉഗ്രനൊരു കുതിര അവന്‍റെ അടുത്തേയ്ക്ക് പാഞ്ഞുവന്നു. അതിന്‍റെ കുളമ്പടിയേറ്റ് ഭൂമി കിടിലം കൊണ്ട്. അതിന്‍റെ മൂകീല്‍ നിന്നും തീപ്പൊരി ചിതറി, ചെവികളില്‍ നിന്നും മേഘം പോലെ പുക വമിച്ചു. കുതിര ഇവാന്‍റെ അടുത്തെത്തി അനങ്ങാതെ നിന്ന് കൊണ്ട് ചോദിച്ചു.

"ഇവാന്‍, എന്താണ് വേണ്ടത്?"

ഇവാന്‍ കുതിരയുടെ കഴുത്തില്‍ തലോടി. അതിന് കടിഞ്ഞാണ്‍ ഇട്ടു കൊണ്ട് അതിന്‍റെ വലത്തെ ചെവിയിലൂടെ കയറി ഇടത്തേ ചെവിയിലൂടെ പുറത്തിറങ്ങി. അത്ഭുതം! അവന്‍ പുലകാലത്തെ ആകാശം പോലെ ഭംഗിയുള്ള ഒരു യുവാവായിത്തീര്‍ന്നു. അവന്‍ ചെമ്പന്‍ കുതിരയുടെ പുറത്തു കയറി കൊട്ടാരത്തിലേയ്ക്ക് പുറപ്പെട്ട്. ചെമ്പന്‍ കുതിര ഒരാഴ്ചയും ഒരു ദിവസവും സഞ്ചരിച്ചു. വാല്‍ വീശിക്കൊണ്ട് അത് പര്‍വതങ്ങളും താഴ്വരകളും കടന്നു. വായുവേഗത്തില്‍ നാടുകളും കാടുകളും പിന്നിട്ട്.

ഇവാന്‍ കൊട്ടാരത്തിലെത്തിയപ്പോള്‍ കൊട്ടാരത്തിന്റെ മുറ്റം നിറയെ ആളായിരുന്നു. പന്ത്രണ്ടു തൂണുകളും പന്ത്രണ്ടു നിലകളുമുള്ള മാലികയുടെ ഏറ്റവും മുകളിലുള്ള സ്വകാര്യമുറിയുടെ ജനാലയ്ക്കടുത്ത് സുന്ദരി രാജകുമാരി ഇരുന്നിരുന്നു.

രാജാവ് പൂമുഖത്ത് വന്ന്‍ നിന്നുകൊണ്ടു പറഞ്ഞു.

"കുതിരപ്പുറത്ത് മുകളിലേയ്ക്ക് ചാടി അക്കാണുന്ന ജനാലയ്ക്ക് പിന്നിലിരിക്കുന്ന എന്‍റെ മകളുടെ ചുണ്ടില്‍ ചുംബിക്കുന്ന യുവാവിന് ഞാന്‍ അവളെ കല്യാണം കഴിച്ചു കൊടുക്കും, പകുതി രാജ്യവും കൊടുക്കും."


 ചെമ്പന്‍ കുതിര - റഷ്യന്‍ നാടോടിക്കഥ ഭാഗം 2

Post a Comment

0 Comments