പലപ്പോഴും കുഴപ്പിക്കുന്ന ചോദ്യങ്ങളുമായെത്തുന്നത് അക്ബര്‍ ചക്രവര്‍ത്തിയുടെ ഒരു ശീലമായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചിന്ത ഉണ്ടായി.
"ഈ നിമിഷം എന്‍റെ രാജസദസ്സിലുള്ളവരെല്ലാം എന്തായിരിക്കും ചിന്തിക്കുന്നത്?"
ഉടന്‍ തന്നെ അക്ബര്‍ എല്ലാവരോടുമായി ഇതേ ചോദിച്ചു.
എല്ലാവരും അത്ഭുതത്തോടെ മുഖത്തോട് മുഖം നോക്കി. എങ്ങിനെയാണ് ഈ ചോദ്യത്തിനുത്തരം നല്കുക? ആര്‍ക്കാണ് മറ്റുള്ളവര്‍ എന്താണ് ചിന്തിക്കുന്നതെന്ന് പറയാന്‍ കഴിയുക? എല്ലാവരും പ്രതീക്ഷയോടെ ബീര്‍ബലിനെ നോക്കി.
ഒരു നിമിഷം ചിന്തിച്ച ശേഷം ബീര്‍ബല്‍ പറഞ്ഞു.
"പ്രഭോ, ഞാനടക്കമുള്ള എല്ലാവരും ഇപ്പോള്‍ അങ്ങയുടെ ദീര്‍ഘായുസ്സിന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്!"
"അതെങ്ങനെയാണ് ബീര്‍ബല്‍ എല്ലാവരും ഇതേ കാര്യമാണ് ചിന്തിക്കുന്നതെന്ന് ഉറപ്പിച്ച് പറയാന്‍ താങ്കള്‍ക്ക് കഴിയുക?" അക്ബര്‍ ചോദിച്ചു.
"സംശയമുണ്ടെങ്കില്‍ അങ്ങ് അവരോടു തന്നെ ചോദിച്ചു നോക്കൂ!" ബീര്‍ബല്‍ മറുപടി പറഞ്ഞു.
ഉടന്‍ തന്നെ സദസ്യരെല്ലാം ബീര്‍ബല്‍ പറഞ്ഞത് ശരിയാണെന്ന് തല കുലുക്കി സമ്മതിച്ചു. ചക്രവര്‍ത്തിയുടെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല താന്‍ ചെയ്യുന്നതെന്ന് പറയാന്‍ അവര്‍ ധൈര്യപ്പെടുമോ?
അക്ബര്‍ ചക്രവര്‍ത്തിയ്ക്കും ബീര്‍ബലിന്‍റെ തന്ത്രപരമായ മറുപടി മനസ്സിലായിരുന്നു. ചക്രവര്‍ത്തി പതിവ് പോലെ ബീര്‍ബലിനെ അനുമോദിച്ച് കൊണ്ട് ധാരാളം സമ്മാനങ്ങള്‍ നല്കി.
1 Comments
Enim kadhakal venodo
ReplyDelete