കുരുവിയുടെ വിശ്വാസം - പുരാണ കഥ

 മഹാഭാരത യുദ്ധം നടക്കുന്ന സമയം. കുരുക്ഷേത്ര യുദ്ധഭൂമി വലിയ സൈനികവ്യൂഹങ്ങള്‍ക്ക് കടന്നു പോകാന്‍ വേണ്ടി തയ്യാറാക്കി കൊണ്ടിരിക്കുന്നു. ആനകളെ ഉപയോഗിച്ച് കൊണ്ട് വന്മരങ്ങള്‍ കട പുഴക്കി വഴി തെളിയിച്ച് കൊണ്ടിരിക്കുകയാണ്.


പിഴുതെറിയപ്പെടുന്ന മരങ്ങളില്‍ ഒന്നില്‍ ഒരു അമ്മക്കുരുവിയും അവളുടെ നാല് കുഞ്ഞുങ്ങളും കൂട് കൂട്ടിയിരുന്നു. മരം വീണതോടെ അമ്മക്കുരുവിയും അവളുടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളും തെറിച്ചു താഴെ വീണു. പാവം അമ്മക്കിളി, തന്‍റെ കുഞ്ഞുങ്ങളെ എങ്ങിനെ രക്ഷിക്കുമെന്നറിയാതെ ചുറ്റും നോക്കി.

അപ്പോഴാണ് യുദ്ധഭൂമി നിരീക്ഷിക്കാനായി അര്‍ജുനനോടൊപ്പം വന്ന കൃഷ്ണനെ അമ്മക്കുരുവി കാണുന്നത്. തന്‍റെ കുഞ്ഞുചിറകുകള്‍ പരമാവധി ശക്തിയില്‍ വീശി അവള്‍ കൃഷ്ണനാടുത്തേയ്ക്ക് പറന്നു ചെന്നു.

"കൃഷ്ണാ, ദയവായി എന്‍റെ കുഞ്ഞുങ്ങളെ രക്ഷിക്കൂ!" അവള്‍ കൃഷ്ണനോട് അഭ്യര്‍ത്ഥിച്ചു.

"നിന്‍റെ അഭ്യര്‍ത്ഥന എനിക്കു കേള്‍ക്കാം. പക്ഷേ എന്തു ചെയ്യാം വിധിയുടെ നിശ്ചയത്തില്‍ എനിക്കു ഇടപെടാന്‍ സാധ്യമല്ല" കൃഷ്ണന്‍ പറഞ്ഞു

"ഓ കൃഷ്ണാ! അങ്ങ് എന്‍റെ രക്ഷകനാണ്. എന്‍റെ കുഞ്ഞുങ്ങളെ ഞാന്‍ അങ്ങയെ ഏല്‍പ്പിക്കുന്നു. അങ്ങേയ്ക്കവരെ കൊല്ലുകയോ, രക്ഷപ്പെടുത്തുകയോ ആവാം. എല്ലാം ഇനി അങ്ങയുടെ കൈകളിലാണ്" അമ്മക്കുരുവി പറഞ്ഞു.

"കാലചക്രം നീങ്ങുന്നത് വിവേചനമില്ലാതെയാണ്. എനിക്കതില്‍ ഒന്നും ചെയ്യാനാകില്ല" കൃഷ്ണഭഗവാന്‍ പറഞ്ഞു.

"എനിക്കങ്ങയുടെ തത്ത്വചിന്തയൊന്നും അറിയില്ല. എനിയ്ക്കൊന്നെ അറിയാവൂ, അങ്ങ് മാത്രമാണ് എന്‍റെ ആശ്രയം. അങ്ങയുടെ പാദങ്ങളില്‍ ഞാന്‍ എന്നെ സമര്‍പ്പിക്കുന്നു!" കുരുവി വളരെ ഭക്തിയോടെ പറഞ്ഞു.

അല്‍പ്പസമയം കൃഷണനെ പ്രണമിച്ച് കൊണ്ട് അമ്മക്കുരുവി പറന്നകന്നു. ഇതൊന്നും തന്നെ അര്‍ജുനന്‍ അറിഞ്ഞതെയില്ല.

രണ്ട് ദിവസം കഴിഞ്ഞ് മഹാഭാരതയുദ്ധം തുടങ്ങാന്‍ നേരം കൃഷ്ണന്‍ അര്‍ജുനനോട് അമ്പും വില്ലും ആവശ്യപ്പെട്ടു. അര്‍ജുനന്‍ അത്ഭുതപ്പെട്ടു. കാരണം ആയുധമെടുക്കില്ലെന്ന് ശപഥം ചെയ്തിട്ടുള്ളതാണ് കൃഷ്ണന്‍. മാത്രമല്ല കൃഷ്ണനെക്കാള്‍ നല്ല പോരാളിയാണ് താനെന്ന് ഒരഹങ്കാരവും ഉണ്ടായിരുന്നു അര്‍ജുനന്!

"കൃഷ്ണാ, അങ്ങ് ആജ്ഞാപിച്ചാലും. എനിക്കു ഭേദിക്കാനാകാത്ത ലക്ഷ്യമില്ല!" അര്‍ജുനന്‍ പറഞ്ഞു.

എന്നാല്‍ അത് ശ്രദ്ധിക്കാതെ അര്‍ജുനന്‍റെ കയ്യില്‍ നിന്നും വില്ല് വാങ്ങിയ കൃഷ്ണ ഒരു ആനയെ ലക്ഷ്യമാക്കി അമ്പെയ്തു. എന്നാല്‍ ആ അമ്പ് ആനയുടെ മേല്‍ തറക്കാതെ അതിന്റെ കഴുത്തില്‍ കെട്ടിയ വലിയ മണിയില്‍ ആണ് കൊണ്ടത്. കൃഷ്ണന്‍റെ ഉന്നം പിഴച്ചത് കണ്ട അര്‍ജുനന്‍  ചിരിച്ചു കൊണ്ട് ചോദിച്ചു.

"ഞാന്‍ അമ്പെയ്ത് വീഴ്ത്തണോ?"

അര്‍ജുനന്‍റെ പരിഹാസത്തോടുള്ള ചോദ്യം കൃഷ്ണന്‍ അവഗണിച്ചു കൊണ്ട് കൃഷ്ണന്‍ വില്ല് അര്‍ജുനനെ തിരികെ ഏല്‍പ്പിച്ചു.

"എന്തിനാണ് അങ്ങ് ആ ആനയെ അമ്പെയ്തത്?" അര്‍ജുനന്‍ ചോദിച്ചു.

"ആ ആനയാണ് ആ കുരുവിയുടെ കൂട് തട്ടി താഴെയിട്ടത്" കൃഷ്ണന്‍ മറുപടി പറഞ്ഞു.

"ഏത് കുരുവി?" അര്‍ജുനന്‍ അത്ഭുതപ്പെട്ടു.

"എന്തായാലും ആനക്കൊന്നും പറ്റിയില്ലല്ലോ? അതിന്‍റെ മണി പൊട്ടി വീണതല്ലെയുള്ളൂ. അത് കൊണ്ട് അതിനെക്കുറിച്ചാലോചിച്ച് സമയം കളയാതെ യുദ്ധകാഹളം മുഴക്കിയാലും" കൃഷ്ണന്‍ പറഞ്ഞു.

യുദ്ധം തുടങ്ങി. തുടര്‍ന്നുള്ള പതിനെട്ട് ദിവസങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അവസാനം പാണ്ഡവര്‍ യുദ്ധത്തില്‍ വിജയിച്ച്. വീണ്ടും കൃഷ്ണന്‍ അര്‍ജുനനെയും കൂട്ടി യുദ്ധക്കളത്തിലൂടെ യാത്ര ചെയ്തു. നിരവധി മൃതശരീരങ്ങള്‍ ചിതറിക്കിടന്നിരുന്ന യുദ്ധഭൂമിയിലൂടെ അവര്‍ പോയിക്കൊണ്ടിരുന്നു.

ഒരു സ്ഥലത്തെത്തിയപ്പോള്‍ കൃഷ്ണന്‍ നിന്നു. അവിടെ യുദ്ധഭൂമിയില്‍ കിടക്കുന്ന വലിയ മണിയില്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ കണ്ണുകള്‍.

"അര്‍ജുനാ, നീ ഈ മണി എടുത്തുയര്‍ത്തി നീക്കി വെക്കുമോ?" കൃഷ്ണന്‍ അര്‍ജുനനോട് ചോദിച്ചു.

യുദ്ധഭൂമിയില്‍ ആ ഒരു മണിയല്ലാതെ മറ്റെന്തെല്ലാം കിടക്കുന്നു നീക്കിയിടാനും വൃത്തിയാക്കാനും! ഈ ഒരു മണി നീക്കിയിടാന്‍ കൃഷ്ണന്‍ എന്തു കൊണ്ടാണ് പറയുന്നതെന്ന് ആയിരുന്നു അര്‍ജുനന്‍ ചിന്തിച്ചത്. അര്‍ജുനന്‍റെ ചോദ്യഭാവത്തിലുള്ള നോട്ടം കണ്ടു കൃഷ്ണന്‍ പറഞ്ഞു.

"അതേ അര്‍ജുനാ, ഇത് അന്ന് ഞാന്‍ ആനയെ അമ്പെയ്തപ്പോള്‍ വീണ അതേ മണിയാണ്. അതൊന്ന് നീക്കിയിടൂ!" കൃഷ്ണന്‍ ആര്‍ത്തിച്ചു.

അര്‍ജുനന്‍ കുനിഞ്ഞു കൊണ്ട് ആ ഭാരമുള്ള മണി ഉയര്‍ത്തി നീക്കിയിട്ടു. അര്‍ജുനന്‍ ആ മണി ഉയര്‍ത്തിയതും അതിനടിയില്‍ നിന്നും നാള് കുരുവിക്കുഞ്ഞുങ്ങള്‍ പറന്നുയര്‍ന്നു. അതോടൊപ്പം ഒരു അമ്മക്കുരുവിയും പറന്നുയര്‍ന്നു. അമ്മക്കുരുവി സന്തോഷത്തോടെ കൃഷ്ണന് ചുറ്റും ചിലച്ച് കൊണ്ട് പറന്നു കൊണ്ടിരുന്നു. കുറെ ദിവസം മുന്‍പ് കൃഷ്ണന്‍ അമ്പെയ്ത് വീഴ്ത്തിയ ആ മണി ആ കുരുവി കുടുംബത്തെ യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.

"എന്നോടു ക്ഷമിച്ചാലും ഭഗവാനെ! അങ്ങ് സാധാരണ മനുഷ്യരുടെ വേഷത്തില്‍ ഒരു സാധാരണ തേരാളിയെപ്പോലെ എന്‍റെ കൂടെ വന്നപ്പോള്‍ അങ്ങ് യഥാര്‍ത്ഥത്തില്‍ ആരാണെന്ന് താല്‍ക്കാലികമായി ഞാന്‍ മറന്നു പോയി!" ശരിക്കും എന്താണ് സംഭവിച്ചത് അപ്പോള്‍ മാത്രം മനസ്സിലായ അര്‍ജുനന്‍ കൃഷ്ണനോട് മാപ്പ് അഭ്യര്‍ഥിച്ചു.

Post a Comment

0 Comments