കൂട്ടുകാര്‍ക്ക് രാവണനെ അറിയാമല്ലോ? രമായണത്തിലെ പ്രതിനായകനായ ലങ്കധിപതിയായ രാവണന്‍.
മഹാവിഷ്ണുവിന്റെ ദ്വാരപാലകരായിരുന്നു ജയവിജയന്മാർ. അവരുടെ പുനര്‍ജന്‍മമാണ് രാവണനും സഹോദരനായ കുംഭകര്‍ണനും. അവര്‍ ഇങ്ങനെ രാക്ഷസന്‍മാരായി ജനിക്കാന്‍ ഒരു കാരണം ഉണ്ട്. അതെന്താണെന്നോ?
ഭാഗവത പുരാണം അനുസരിച്ച്, ബ്രഹ്മാവിന്റെ മാനസപുത്രന്മാരാണ് സനാതനകുമാരന്‍മാര്‍. സന്യക, സാനന്ദന, സനാതന, സനത്കുമാര എന്നീ നാല് കുമാരന്മാർ ലോകത്തിൽ ഉടനീളം സഞ്ചരിക്കുന്നവരാണ്. ഒരിയ്ക്കല്‍ അവര്‍ മഹാവിഷ്ണുവിനെ സന്ദരിശിക്കാനായി വൈകുണ്ടത്തിലെത്തി. ഭഗവാൻ മഹാവിഷ്ണുവിന്റെ ദ്വാരപാലകരായ ജയവിജയന്‍മാര്‍ കുട്ടികളെന്ന് തെറ്റിദ്ധരിച്ച് കുമാരന്മാരെ തടഞ്ഞു നിർത്തി. മഹാവിഷ്ണു വിശ്രമിക്കുകയാണെന്നും ഇപ്പോൾ അദ്ദേഹത്തെ കാണാൻ കഴിയില്ലെന്നും അവർ കുമാരന്മാരോട് പറയുന്നു. കുപിതരായ സനത്കുമാരന്‍മാര്‍ അവരെ മൂന്നു ജൻമം അസുരൻമാരായി ഭൂമിയിൽ പിറന്ന് വിഷ്ണുവിനെ ദുഷിച്ച് ജീവിക്കുവാൻ ഇടവരട്ടെ എന്നു ശപിച്ചു.
ഉണര്‍ന്നെണീറ്റ മഹാവിഷ്ണു സംഭവങ്ങള്‍ അറിയുകയും, തന്റെ ദ്വാരപാലകരുടെ തെറ്റിന് സനത്കുമാരന്‍മാരോട് ക്ഷമ ചോദിക്കുകയും ചെയ്തു. അടുത്ത മൂന്നു ജന്‍മത്തിലും ജയവിജയന്മാരെ താന്‍ തന്നെ നിഗ്രഹിക്കുമെന്നും, അതോടെ അവര്‍ക്ക് വീണ്ടും വൈകുണ്ടത്തില്‍ തന്റെ അടുത്ത് തന്നെ തിരികെ എത്താമെന്നും മഹാവിഷ്ണു അവരെ ആശ്വസിപ്പിക്കുന്നു.
ഈ ശാപത്താൽ ആദ്യത്തെ ജൻമം അവർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും ആയി പിറന്നു. വരാഹം, നരസിംഹം എന്നീ അവതാരങ്ങളിലൂടെ വിഷ്ണു ഇവരെ നിഗ്രഹിച്ചു. രണ്ടാം ജൻമം ഇവർ രാവണനും കുംഭകർണ്ണനും ആയി പിറന്നു. രാമാവതാരത്തിൽ ഇവർ ഇരുവരും നിഗ്രഹിക്കപ്പെട്ടു. ഇവരുടെ മൂന്നാം ജന്മം കംസനും ശിശുപാലനും ആയിട്ടായിരുന്നു. കൃഷ്ണാവതാരത്തിൽ ഇവരും നിഗ്രഹിക്കപ്പെട്ടു.
ബ്രഹ്മാവിന്റെ പുത്രനും പ്രജാപതിമാരിൽ ഒരാളായ പുലസ്ത്യമഹർഷിയുടെ പുത്രനായ വിശ്രവസ്സിന് ദൈത്യ രാജകുമാരിയായ കൈകസിയില്‍ ജനിച്ച പുത്രന്മാരാണ് രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ എന്നിവര്‍. ഇവരെ കൂടാതെ ശൂർപ്പണഖ എന്നൊരു മകളും ഉണ്ട്.
ആദ്യ പുത്രനായ രാവണന്‍ പത്തു തലകളും, ഇരുപതു കൈകളുമുള്ള ബാലവനും ബുദ്ധിമാനുമായിരിക്കുമെന്ന് മുനി അനുഗ്രഹിച്ചിരുന്നു. അവന്‍ ചെയ്യുന്ന ദുഷ്കര്‍മങ്ങള്‍ തന്നെ അവന്റെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ജനനസമയത്ത് രാവണന് ദശാനനൻ/ദശഗ്രീവൻ എന്നീ പേരുകൾ നൽകപ്പെട്ടു.
അഹങ്കാരിയും ആക്രമണോത്സുകനും ആയിരുന്നെങ്കിലും, വിദ്യാതത്പരനായിരുന്നു ദശഗ്രീവൻ . വൈശ്രവസ്സിന്‍റെ ശിക്ഷണത്തിൽ രാവണൻ വേദങ്ങളും പുരാണങ്ങളും കലകളും ക്ഷത്രിയരുടെ മാർഗ്ഗങ്ങളും പഠിച്ചു.
ഒരിക്കൽ തന്റെ ശക്തിയില്‍ അഹങ്കാരം കൊണ്ട് ദശഗ്രീവൻ കൈലാസ പര്‍വതം ഇളക്കിമാറ്റാൻ ശ്രമിച്ചപ്പോള്‍ ശിവൻ കാൽവിരൽകൊണ്ട് അത് എതിര്‍ത്തു. കൈലാസ പര്‍വ്വതത്തെ ശക്തിയായി ശിവന്‍ അമര്‍ത്തിയതോടെ ദശഗ്രീവന്റെ കൈ പര്‍വതത്തിനടിയില്‍ കുടുങ്ങുകയും, കൈത്തണ്ടിൽ നിന്ന് രക്തം വാര്‍ന്നൊലിക്കുകയും അതിൻ്റെ വേദനയിൽ നിലവിളിക്കുകയും ചെയ്തു. അത്യന്തം കോപിഷ്ഠനായി നില്ക്കുന്ന മഹാദേവനെ പ്രീതിപ്പെടുത്താനായി ദശഗ്രീവൻ ശിവതാണ്ഡവസ്തോത്രം ഭക്തിയോടെ ജപിച്ചു. പ്രീതിപ്പെട്ട് ശിവന്‍ ദശഗ്രീവനെ മോചിപ്പിച്ചു. ഈ സംഭവത്തിന് ശേഷമാണ് അദ്ദേഹം രാവണൻ (അലറിയവൻ) എന്ന് അറിയപ്പെട്ടു തുടങ്ങിയത്.
രാവണന്‍ കൊടുംതപസ്സു ചെയ്‍ത് ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി. ദേവന്മാര്‍, ഗന്ധര്‍വന്‍മാര്‍, യക്ഷന്‍മാര്‍, അസുരന്‍മാര്‍, രാക്ഷസന്‍മാര്‍, ഇവര്‍ക്കാര്‍ക്കും തന്നെ വധിക്കുവാന്‍ സാധിക്കരുതെന്ന വരം വാങ്ങിച്ചു. ആ വരത്തിന്റെ പിന്‍ബലത്തില്‍ അഹങ്കാരിയായിമാറിയ രാവണന്‍ കണ്ണില്‍കണ്ടവരെയൊക്കെ ഉപദ്രവിച്ചുവന്നു. ദേവരാജാവായ ദേവേന്ദ്രനെ വരെ അപമാനിക്കുകയും ഋഷിമാരെയും ബ്രാഹ്മണരേയും അതികഠിനമായിത്തന്നെ രാവണന്‍ ദ്രോഹിക്കുകയും ചെയ്‌തു. രാവണന്റെ ദുഷ്ടത മൂലം പൊറുതിമുട്ടിയ ദേവേന്ദ്രനും, ഭൂമിദേവിയും, ദേവന്മാരും ചേര്‍ന്ന് മഹാവിഷ്ണുവിനോട് സങ്കടം പറയുകയും, വിഷ്ണു രാവണ നിഗ്രഹത്തിനായി ശ്രീരാമാവതാരം എടുക്കുന്നുണ്ടെന്ന് അവരെ സമാധാനപ്പെടുത്തുകയും ചെയ്തു.
0 Comments