ദാനത്തിന്‍റെ മഹത്വം

 മുഹമ്മദ് നബി (സ) തന്‍റെ ശിഷ്യരോട് പറഞ്ഞ ഒരു കഥയാണിത്.

ഒരിയ്ക്കല്‍ ഒരാള്‍ ദാനം ചെയ്യാനുറച്ച് ആദ്യം കണ്ട വ്യക്തിക്ക് ദാനം ചെയ്തു. അയാള്‍ ദാനം ചെയ്തത് ഒരു കള്ളനായിരുന്നു. അത് തിരിച്ചറിഞ്ഞ ജനം അയാളെ പരിഹസിച്ചു.

"കളനാണോ ദാനം ചെയ്യുന്നത്? അത് കൊണ്ട് എന്തു ഗുണമാണുള്ളത്?"

അയാള്‍ അത് കേട്ടു നിരാശനാകാതെ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. "പരമകാരുണികനായ തംമ്പുരാനെ, എന്‍റെ ദാനം നീ സ്വീകരിക്കണേ. നാളെയും ദാനം ചെയ്യാന്‍ എനിക്ക് കഴിവ് തരേണമേ!"

അടുത്ത ദിവസം അയാള്‍ ദാനം ചെയ്തത് ഒരു വേശ്യക്കായിരുന്നു. അതും ജനങ്ങള്‍ അറിഞ്ഞു. അവര്‍ അയാളെ പരിഹസിച്ചു.

"ഇയാള്‍ എന്താണ് ചെയ്യുന്നത്. കള്ളനും വേശ്യക്കുമൊക്കെ ആരെങ്കിലും ദാനം ചെയ്യുമോ? എന്തു പ്രയോജനമാണ് അത് കൊണ്ടുള്ളത്?"

എന്നാല്‍ അയാള്‍ അതൊന്നും കേട്ടു വിഷമിച്ചില്ല. അന്നും അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. തന്‍റെ ദാനം സ്വീകരിക്കണമെന്ന് പ്രാര്‍ത്ഥിച്ചു. 

അതിനടുത്ത ദിവസവും അയാള്‍ ദാനം ചെയ്യാനുറച്ച് ഇറങ്ങി. അന്നയാളുടെ മുന്നില്‍ ആദ്യമെത്തിയത് ഒരു പണക്കാരനായ വ്യക്തിയായിരുന്നു. ഒട്ടും മടി കൂടാതെ അയാള്‍ ആ പണക്കാരന് അന്നത്തെ ദാനം നല്കി.

അതോടെ ജനങ്ങള്‍ ആകെ സ്ഥബ്ദരായി. ആരെങ്കിലും പണക്കാരന് ദാനം ചെയൂമോ?

"ഇയാള്‍ എന്തൊരു വിഡ്ഡിയാണ്. ഇത്ര പണമുള്ള ഒരാള്‍ക്ക് ആരെങ്കിലും ദാനം നല്‍കുമോ? ആദ്യം ഒരു കള്ളനും, പിന്നീട് ഒരു വേശ്യക്കും, ദാ ഇപ്പോള്‍ ഒരു പണക്കാരനും ദാനം നല്കിയിരിക്കുന്നു മൂഢനായ മനുഷ്യന്‍! ഇയാളുടെ ദാനത്തിന് എന്തര്‍ത്ഥമാണുള്ളത്?" ജനം പരിഹാസം തുടര്‍ന്നു.

ഇതെല്ലാം കേട്ട ഒരു വ്യക്തി മുന്നോട്ട് വന്നു പറഞ്ഞു.

"അദ്ദേഹം ചെയ്ത ദാനം എന്തു കൊണ്ടും ഉത്തമമാണ്. ഒരു പക്ഷേ, അദ്ദേഹത്തിന്റെ ദാനം സ്വീകരിച്ച ആ കള്ളന്‍ കളവ് നിറുത്തിയേക്കാം. ആ വേശ്യയായ സ്ത്രീ അതോടെ തന്‍റെ വേശ്യാവൃത്തി ഉപേക്ഷിച്ച് നന്‍മയുടെ മാര്‍ഗം സ്വീകരിച്ചേക്കാം. പണക്കാരനായ വ്യക്തി അയാളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സ്വയം ദാനശീലനായേക്കാം. അത് കൊണ്ട് മഹത്തായ ഒരു കാര്യമാണ് അങ്ങ് ചെയ്തത്"

എല്ലാം കേട്ടുകൊണ്ട് അയാള്‍ പതിവ് പോലെ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.

"പരമകാരുണികനായ തമ്പുരാനെ, എന്‍റെ ദാനം നീ സ്വീകരിക്കണേ. നാളെയും ദാനം ചെയ്യാന്‍ എനിക്ക് കഴിവ് തരേണമേ!"

Post a Comment

1 Comments