മൈന - ക്ലീ ക്ലീ ക്ലീ - ക്രൂ ക്രൂ ക്രൂ!

ക്ലീ ക്ലീ ക്ലീ - ക്രൂ ക്രൂ ക്രൂ!

എവിടുന്നാണീ ശബ്‌ദം?

സുരേശ്‌ തിരിഞ്ഞുനോക്കി. അതാ മുറ്റത്തൊരു മൈന. കറുപ്പുകലര്‍ന്ന തവിട്ടുനിറത്തിലുളള തൂവല്‍. കഴുത്തും തലയും തനിക്കറുപ്പ്‌ . മഞ്ഞക്കൊക്ക്‌ കണ്ണിനു താഴത്തുമുണ്ട്‌ മഞ്ഞ നിറം. സംശയമില്ല. മൈനതന്നെ.


Indian Myna - Courtesy:M Wikimedia

മൈനകളെ കാട്ടില്‍ മാത്രമല്ല നാട്ടിന്‍പുറത്തും നഗരത്തിലും കാണാം. അവയ്‌ക്കു തിന്നാനുളളത്‌ എവിടേയും കിട്ടും. ഭക്ഷണത്തിന്‍െറ കാര്യത്തില്‍ മൈന കാക്കയെപ്പോലെയാണ്‌. എന്തും തിന്നും.

നിറയെ പൂത്തുനില്‍ക്കുന്ന പ്ലാശിന്‍മേലും മുരിക്കിന്‍മേലും മറ്റും മൈനകള്‍ കൂട്ടംകൂട്ടമായി വന്നുകൂടും. തേന്‍ കുടിക്കാനാണ്‌ വരവ്‌. മത്തുപിടിക്കുന്നതുവരെ തേന്‍ കുടിക്കും. അതിനിടയില്‍ വല്ല അണ്ണാനോ മറ്റോ ഇത്തിരി തേന്‍ സ്വാദു നോക്കാന്‍ അങ്ങോട്ടു ചെന്നാല്‍, മൈനകള്‍ കൂട്ടത്തോടെ "കൂഷ്‌ടൂ (കൂഷ്‌ടൂ'” എന്നു ശകാരിക്കും.

മുറ്റത്തു കൊത്തിക്കൊറിച്ചു നിന്നിരുന്ന മൈന, അതാ പശുവിനു ചുറ്റും നടക്കുന്നു, അടിവച്ചടിവച്ച്‌ തലയൊന്നു വെട്ടിച്ച്‌ ദേഹം കുറച്ചൊന്നു, കുലുക്കിക്കൊണ്ടുളള ആ നടത്തം സുരേശിന്‌ ഇഷ്‌ടപ്പെട്ടു. എന്തു ചുറുചുറുക്ക്‌! എന്തു ധൈര്യം ! പശുവിന്‍റെ ചവിട്ടേല്‍ക്കാതെ രക്ഷപ്പെടാന്‍ ചാടിനോക്കുന്ന പ്രാണികളെ കൊക്കിലാക്കാനാണ്‌ പശുവിന്‍റെസി ചുറ്റും ആ സമര്‍ത്ഥന്‍ നടക്കുന്നത്‌. അല്ലാതെ ഭക്തികൊണ്ട്‌ തൊട്ടു തലയില്‍വയ്‌ക്കാനല്ല.

മൈന പാമ്പിനോടു പൊരുതുമത്രേ. പാമ്പിനെ പിടിക്കുന്ന കീരിയോടുപോലും അതു പോരാടും. ചിലപ്പോള്‍ തത്തയുടെ കൂടു കൈയേറി അതില്‍ താമസമാക്കും.

പനയുടെ നെറുകയിലും മരപ്പൊത്തുകളിലും ചുമരുകളുടെ ദ്വാരങ്ങളിലും മേല്‍പ്പുരകളുടെ ഇറകളിലും മറ്റും മൈനകളുടെ കൂടു കാണാം. ചകിരിനാര്‌, നേരിയ വേരുകള്‍, ഉണങ്ങിയ പുല്ല്‌, മിനുസമുളള കടലാസ്‌ എന്നിവ ഉപയോഗിച്ച് കെട്ടിയുണ്ടാക്കുന്ന ഈ കൂടുകള്‍ക്ക്‌ വലിയ ഭംഗിയൊന്നും ഉണ്ടാവില്ല.

കാക്കകളെപ്പോലെ മൈനകളും കൂട്ടംചേര്‍ന്നാണ്‌ ചേക്കേറുക. ഒരു മരത്തിന്‍മേല്‍ ചിലപ്പോള്‍ പത്തും ഇരുപതും മൈനകള്‍ ഒരുമിച്ച്‌ പാര്‍ക്കുന്നതു കാണാം, ചേക്കേറിയ ഉടനെ കുറച്ചു നേരത്തേക്ക്‌ വല്ലാത്ത ബഹളമായിരിക്കും., ഇരിപ്പിടം കിട്ടാനുളള മല്‍സരമാണത്‌. അത് കിട്ടിക്കഴിഞ്ഞാല്‍ അവ രാത്രി മുഴുവന്‍ സൃഖമായി ഉറങ്ങിക്കൊളളും .

മൈന പലതരം ശബ്‌ദങ്ങള്‍ പുറപ്പെടുവിക്കും. ചിലപ്പോള്‍  പ്രാവിനെപ്പോലെ കുറുകുറുവെന്ന്‌ കൂവും. മറ്റ് ചിലപ്പോള്‍  കുയിലിനെപ്പോലെ മധുരമായി പാടും. വേറെ ചിലപ്പോള്‍  തവളയെപ്പോലെ ''പേക്രോം, പേക്രോം'' എന്നു കരയുകയും ചെയ്യും. നട്ടുച്ചയ്ക്ക് വൃക്ഷക്കൊമ്പുകളിലിരുന്ന്‌ മൈനകളുടെ ഒരു ചൂളംവിളിയുണ്ട്‌. അതു കേള്‍ക്കാന്‍  ബഹുരസമാണ്‌

സുരേശ്‌ കുറച്ചു ദിവസങ്ങള്‍ ക്കുശേഷം ഒരു മൈനക്കൂട്‌ പരിശോധിക്കുകയുണ്ടായി . ഒര ഉണങ്ങിയ മരത്തിന്‍റെ പൊത്തിലായിരുന്നു ആ കൂട്‌. അതില്‍ മൂന്നുനാലു മുട്ടകളുണ്ടായിരുന്നു. വരയും കുറിയുമില്ലാത്ത നീലനിറത്തിലുള്ള മുട്ടകള്‍ . എന്തു ഭംഗിയാണവയ്ക്ക്!

പശുവിന്‍റെ ചുറ്റും നടന്ന്‌ പ്രാണികളെ കൊത്തിത്തിന്നിരുന്ന മൈന ഇപ്പോള്‍  വേലിപ്പടര്‍പ്പില്‍ കയറിയിരുന്ന്‌, അരിപ്പൂച്ചെടിയുടെ പഴങ്ങള്‍  സ്വാദുനോക്കുകയാണ്‌. പതുങ്ങിച്ചെന്ന്‌ അതിനെ പിടിച്ചാലോ എന്നു തോന്നി സുരേശിന്‌. വീട്ടില്‍ തത്തക്കൂട്‌ ഒഴിഞ്ഞിരിക്കുകയാണ. സുരേശ്‌ മെല്ലെമെല്ലെ ഒന്നുരണ്ടടി മുന്നോട്ടുവച്ചു. ഉടനെ തോന്നി, “വേണ്ട, അച്‌ഛന്‍ പിടിച്ചിരുത്തിയേടത്ത്‌ ഇരിക്കാനാണോ എനിക്കിഷ്ടം? ഓടിച്ചാടി നടക്കാനല്ലേ?എന്നെപ്പോലെതന്നെയാവും ആ മൈനയും. കൂട്ടിലിരിക്കാനാവില്ല, പറന്നു കളിക്കാനാവും അത്‌ ഇഷ്ടപ്പെടുക. പറന്ന് കളിക്കട്ടെ. അത്‌ കാണാനാണ്‌ രസം. കുറച്ച്‌ അരി വിതറിക്കൊടുക്കാം. എന്നാല്‍ എന്നും അത് വരും എന്നെക്കാണാന്‍," സുരേശ്‌ വീടിനകത്തുചെന്ന്‌ ഒരുപിടി അരിവാരിക്കൊണ്ടുവന്ന്‌ മുറ്റത്തേക്കെറിഞ്ഞു, മൈന തിരിഞ്ഞുനോക്കിക്കൊണ്ടു പറന്നുപോയി!

കൊങ്ങിണി അഥവാ അരിപ്പൂച്ചെടി.(ശാസ്ത്രീയ നാമം:Lantana camara)

പഴയ മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ പാഠമാണ്. ഗൃഹാതുരത്വം (nostalgia) ഉണര്‍ത്തിക്കുന്ന ഈ പാഠം കണ്ടപ്പോള്‍ ഷെയര്‍ ചെയ്യണമെന്ന് തോന്നി. പഴയത് പോലെ മൈനകളെയൊന്നും വീട്ടു മുറ്റത്ത് കാണാനേയില്ല. കൂട്ടുകാര്‍ തീര്‍ച്ചയായും അവയെ നിരീക്ഷിക്കണം. നല്ല രസമായിരിക്കും.

നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യൂ!

Post a Comment

0 Comments