മല എലിയെ പെറ്റേ!


"മല എലിയെ പ്രസവിച്ചത് പോലെ" എന്നൊരു പഴഞ്ചൊല്ലുണ്ട്. കേട്ടിട്ടുണ്ടൊ കൂട്ടുകാര്‍? അതിന്‍റെ അര്‍ത്ഥമെന്താണെന്നറിയാമോ?

ഇല്ലെങ്കില്‍ ആദ്യം ഈ കഥ വായിക്കാം. അപ്പോള്‍ പഴഞ്ചൊല്ലിന്‍റെ അര്‍ത്ഥം മനസ്സിലാകും. എങ്കില്‍ പിന്നെ കഥ വായിക്കാന്‍ തയ്യാറായിക്കോളൂ!

ഒരു പ്രഭാതത്തില്‍ മലയടിവാരത്തില്‍ താമസിക്കുന്ന കുറെ ആളുകള്‍ ഉണര്‍ന്നത് മലയില്‍ നിന്നും വല്ലാത്ത ശബ്ദങ്ങള്‍ കേട്ടാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല.

"എന്ത് പറ്റി? എന്താണ് മലയില്‍ നിന്നുമൊരു വല്ലാത്ത ശബ്ദം കേള്‍ക്കുന്നത്?" മലയുടെ മുകളില്‍ നിന്നും താഴേയ്ക്കൊഴുകി വരികയായിരുന്ന നദിയോട് ആരോ ചോദിച്ചു.

"ഓ! അതോ? മല പ്രസവിക്കുകയാണ്" കുണുങ്ങിക്കൊണ്ട് പുഴ മറുപടി പറഞ്ഞു.

"മല പ്രസവിക്കുകയോ? അതെന്ത് കുട്ടിയായിരിക്കും?" ഒരാള്‍ സംശയം പ്രകടിപ്പിച്ചു.

ആ ചോദ്യത്തിന് ചെവി കൊടുക്കാതെ പുഴ മുന്നോട്ടൊഴുകി.

"അറിഞ്ഞില്ലേ? മല പ്രസവിക്കാന്‍ പോകുന്നു. ആ വേദനയുടെ ശബ്ദമാണ് നാം കേള്‍ക്കുന്നത്!" നാട്ടുകാര്‍ വിശേഷം പങ്കുവെച്ചു, നിമിഷനേരത്തിനുള്ളില്‍ വാര്‍ത്ത നാട് മുഴുവന്‍ പരന്നു.

പിന്നെ പറയണോ? നാടായ നാട് മുഴുവന്‍ മലയടിവാരത്തിലേയ്ക്ക് പാഞ്ഞു. മറ്റെല്ലാ പണിയും നിറുത്തി മല പ്രസവിക്കുന്നത് കാണാന്‍ കേട്ടവരെല്ലാം ഓടിക്കൂടി.

"അല്ലാ, മല പ്രസവിക്കുകയെന്ന് പറഞ്ഞാല്‍ അതെന്ത് കുട്ടിയായിരിക്കും?" നമ്മുടെ സംശയക്കാരന്‍ വീണ്ടും ചോദിച്ചു.

"അത് എന്ത് ചോദ്യമാണ്. അതൊരു മലക്കുട്ടി തന്നെയാവില്ലേ?" ഒരാള്‍ മറുപടി പറഞ്ഞു. പിന്നെ മല പ്രസവിക്കാന്‍ പോകുന്ന കുട്ടിയെക്കുറിച്ചായി ചര്‍ച്ച മുഴുവന്‍. 

(പണ്ട് കാലത്ത് നടന്ന കഥയായത് കൊണ്ട് ചാനല്‍ ചര്‍ച്ചയൊന്നുമല്ല കേട്ടോ!)

അങ്ങിനെ മല പ്രസവിക്കുന്നത് കാണാന്‍ കാത്ത് കാത്ത് സമയം സന്ധ്യയായി. മല പ്രസവിച്ചില്ല!

"മലയല്ലേ, കുറച്ചധികം സമയമെടുക്കുമായിരിക്കും!" ആരോ പറഞ്ഞു. രാത്രിയായതോടെ എല്ലാവരും അവരവരുടെ വീടുകളിലേയ്ക്ക് പോയി.

അതിനടുത്ത ദിവസവും മല പ്രസവിക്കുന്നത് കാണാന്‍ വന്നവരുടെ എണ്ണത്തിന് കുറവുണ്ടായില്ല. ചായക്കടക്കാരന്‍ മൊയ്തു മലയടിവാരത്തില്‍ ഒരു ബ്രാഞ്ച് തന്നെ തുടങ്ങി.

അന്ന് വൈകിട്ട് മലയുടെ ഒരു വശത്ത് നിന്നും ഒരു നായ നിറുത്താതെ കുരയ്ക്കുന്നത് കേട്ട് ആളുകള്‍ അവിടേയ്ക്കൊടി. മല പ്രസവിക്കാന്‍ പോകുന്നു! മലയുടെ അടിഭാഗത്തേയ്ക്ക് നോക്കിയാണ് നായ കുരച്ച് കൊണ്ടിരിക്കുന്നത്.  അവിടെ എന്തോ ഒരനക്കം കാണുന്നുമുണ്ട്!

പെട്ടെന്ന് മലയുടെ അടിഭാഗത്തുള്ള ഒരു പൊത്തിനുള്ളില്‍ നിന്നും ഒരു മുട്ടനെലി പുറത്ത് ചാടി. പുറത്തെ ബഹളം കാരണമാവാം അത് പരക്കം പായാന്‍ തുടങ്ങി. നായ അതിന് പിന്നാലെ വെച്ച് പിടിച്ചു.

അതിനിടയില്‍ ആരോ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു - "മല എലിയെ പെറ്റേ! മല എലിയെ പെറ്റേ!"

ആളുകള്‍ ആര്‍പ്പു വിളിയോടെ തിരികെ വീട്ടിലേയ്ക്ക് മടങ്ങി.

നിസ്സാരമായ കാര്യത്തെ ഊതിപ്പെരുപ്പിച്ച് കാട്ടുന്നതിനെയാണ് "മല എലിയെ പെറ്റപോലെ" എന്നു പറയാറുള്ളത്. പത്രങ്ങളില്‍ പലപ്പോഴും ഈ ചൊല്ല് ഉപയോഗിച്ച് കാണാറുണ്ട്. കൂട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ലെങ്കില്‍ ദാ, താഴെ കൊടുത്തിട്ടുണ്ട് അത്തരം ചില വാര്‍ത്തകള്‍!









Post a Comment

0 Comments