ആട്ടിന്‍തോലിട്ട ചെന്നായയുടെ കഥകള്‍ പലതുണ്ട്. അതിലൊന്നാണ് താഴെ പറയുന്നത്.
ഒരിയ്ക്കല്‍ കാട്ടില്‍ മേയുന്ന ആട്ടിന്‍പറ്റത്തില്‍ നിന്ന് ഒരാടിനെ തന്ത്രപൂര്‍വ്വം കീഴെപ്പെടുത്തി തന്‍റെ വയറ്റിലാക്കി. ഇത് പോലെ നിത്യവും ഒരാടിനെ കിട്ടുകയാണെങ്കില്‍ തന്‍റെ കാര്യം കുശാലായല്ലോ എന്ന് അവന്‍ ചിന്തിച്ചു. അതിനെന്താണ് ഒരു വഴി എന്ന് തലപുകച്ച ചെന്നായയ്ക്ക് ഒടുവില്‍ ഒരുപായം തോന്നി.
ചെന്നായ താന്‍ കൊന്നു തിന്ന ആടിന്‍റെ തോലെടുത്ത് ധരിച്ചു. ഇപ്പോഴവനെകണ്ടാല്‍ ഒരാടാണെന്നേ കരുതൂ. തന്ത്രപൂര്‍വ്വം അവന്‍ ആട്ടിന്‍കൂട്ടത്തിനൊപ്പം ചേര്‍ന്നു. രാത്രിയാകുമ്പോള്‍ കൂട്ടത്തിലൊന്നിനെ കീഴ്പ്പെടുത്തി ശാപ്പിടാമെന്ന് ചെന്നായ ഉറപ്പിച്ചു. പാവം ആടുകള്‍ക്കൊന്നും തന്നെ കൂട്ടത്തില്‍ കൂടിയ ചതിയന്‍ ചെന്നായയെ തിരിച്ചറിയാനായില്ല.
ആട്ടിന്‍കൂട്ടത്തില്‍ കൂടിയ ചെന്നായയാണെങ്കില്‍ തന്‍റെ കൊതിയടക്കാന്‍ പാടുപെടുകയായിരുന്നു. കൈയകലത്ത് ഒന്നും രണ്ടുമല്ല, ഒരു കൂട്ടം ആടുകള്‍! അവയുടെ മണം! അവന്‍റെ വായില്‍ വെള്ളം നിറഞ്ഞു. ഒരു വിധത്തിലാണ് അവന്‍ തന്‍റെ കൊതിയടക്കി രാത്രിയാവാന്‍ കാത്ത് നിന്നത്.
സന്ധ്യയായതോടെ ഇടയന്‍ ആടുകളെയെല്ലാം തിരികെ അവയുടെ താവളത്തിലേയ്ക്ക് നയിച്ചു. കുറച്ച് കൂടി ഇരുട്ടിക്കഴിഞ്ഞാല്‍ ആരും കാണാതെ മുട്ടനൊരാടിനെ കൈക്കലാക്കാം, ചെന്നായ കരുതി. ഇന്ന് ഭക്ഷണമാക്കാന്‍ പറ്റിയ ഒന്നു രണ്ട് മുഴുത്ത ആടുകളെ അവന്‍ നോട്ടമിട്ടു വെച്ചു.
തിരികെ തന്‍റെ വീട്ടിലെത്തിയ ഇടയനാകട്ടെ ആകെ തളര്‍ന്ന് അവശനായിരുന്നു. അവന് നല്ല വിശപ്പുണ്ടായിരുന്നു. അത് കൊണ്ട് ഇന്ന് ഒരാടിനെ കൊന്ന് ഭക്ഷണമാക്കാമെന്ന് ഇടയന്‍ തീരുമാനിച്ചു. അവന്‍ അടുത്ത് കണ്ട ഒരാടിനെ പിടിച്ച് കഴുത്തറത്ത് കൊന്നു.
കഷ്ടകാലമെന്നല്ലാതെ എന്ത് പറയാന്‍? ഇടയന്‍ ആടെന്ന് കരുതി പിടിച്ച് കഴുത്തറുത്ത് കൊന്നത് വേഷം മാറിയെത്തിയ ചെന്നായയെ ആയിരുന്നു. അങ്ങിനെ അത്താഴത്തിന് ആടിനെ കൊന്ന് തിന്നാന്‍ എത്തിയ ചെന്നായ ആട്ടിടയന്‍റെ അത്താഴമായി മാറി!
"ആട്ടിന്‍തോലിട്ട ചെന്നായ" എന്ന് മലയാളത്തില്‍ സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. സ്വന്തം കാര്യം നേടാനായി വേഷവും, സ്വഭാവവുമൊക്കെ മറച്ച് പിടിക്കുന്ന കുതന്ത്രക്കാരെ സൂചിപ്പിക്കാനാണ് ഈ ശൈലി ഉപയോഗിക്കുന്നത്.
0 Comments