യുറേക്ക! യുറേക്ക ! ആർക്കിമിഡീസിന്‍റെ കഥ

ഏകദേശം 200 വർഷം മുമ്പ് സിറാക്കൂസിൽ  താമസിച്ചിരുന്ന ഗ്രീക്ക് ശാസ്ത്രജ്ഞനായിരുന്നു ആർക്കിമിഡീസ് .  പൈയുടെ കൃത്യമായ വില നിർണയിച്ച ആർക്കിമിഡീസ് ഗണിതശാസ്ത്രജ്ഞൻ, ഭൗതികശാസ്ത്രജ്ഞൻ, എഞ്ചിനിയർ, ജ്യോതിശാസ്ത്രജ്ഞൻ എന്നീ നിലകളില്‍ പ്രശസ്തനാണ്. ആർക്കിമിഡീസിനെ കുറിച്ച് പ്രചാരത്തിലുള്ള ഒരു കഥയാണിവിടെ പറയുന്നത്. 


സിറക്യൂസിലെ ഹീറോ രണ്ടാമൻ രാജാവ്‌  ഒരു സ്വർണ്ണ കിരീടം ധരിക്കാൻ ആഗ്രഹിച്ചു. അനുയോജ്യമായ ഒരു കിരീടം ഉണ്ടാക്കാൻ ഒരു സ്വർണ്ണപ്പണിക്കാരന് കുറച്ച് സ്വർണ്ണം നൽകി. കുറച്ച് ദിവസങ്ങൾക്ക് ശേഷം, സ്വർണ്ണപ്പണിക്കാരൻ പൂർത്തിയാക്കിയ കിരീടം രാജാവിന് മുമ്പില്‍ സമര്‍പ്പിച്ചു രാജാവ് ആ കിരീടം തൂക്കി നോക്കി. രാജാവ് സ്വർണ്ണപ്പണിക്കാരന് നൽകിയ സ്വർണ്ണത്തിന് തുല്യമായിരുന്നു കിരീടത്തിന്റെ ഭാരം. രാജാവ് കിരീടത്തിന്റെ നിറം നോക്കി. രാജാവിന് ഒരു സംശയം തോന്നി. സ്വർണ്ണപ്പണിക്കാരന് നൽകിയ സ്വർണ്ണം മുഴുവനും ഈ കിരീടം ഉണ്ടാക്കാന്‍ ഉപയോഗിച്ചിട്ടുണ്ടൊ, കിരീടത്തില്‍ വല്ല മായവും ചേര്‍ന്നിട്ടുണ്ടൊ എന്നൊക്കെ. സത്യം കണ്ടെത്താൻ ആഗ്രഹിച്ച രാജാവ് അത് കണ്ടെത്താൻ അദ്ദേഹം തന്റെ കൊട്ടാരത്തിലെ ശാസ്ത്രജ്ഞനായ ആർക്കിമിഡീസിനോട് ആവശ്യപ്പെട്ടു. 

സത്യം എങ്ങനെ കണ്ടെത്താം? ആർക്കിമിഡീസ് രാവും പകലും പ്രശ്നത്തെക്കുറിച്ച് ചിന്തിച്ചു. കിരീടത്തിനുപയോഗിച്ച സ്വര്‍ണ്ണത്തിന്‍റെ അളവ് എങ്ങിനെ കണ്ടെത്തും? കിരീടത്തിന്റെ വ്യാപ്തം അറിഞ്ഞാലേ അതിന്‍റെ സാന്ദ്രത അളക്കാൻ പറ്റുകയുള്ളു. കിരീടം ഉരുക്കി വ്യാപ്തം അളക്കാവുന്ന കാര്യം ചിന്തിക്കാനേ വയ്യ. മോഹിച്ച് ഉണ്ടാക്കിയ കിരീടം ഉരുക്കാന്‍ രാജാവ് അനുവദിക്കുകയേയില്ല. 

അങ്ങിനെ തന്‍റെ പ്രശ്നത്തിന് ഒരു പരിഹാരം ചിന്തിച്ച് കൊണ്ടാണ് ആർക്കിമിഡീസ് ഒരു ദിവസം കുളിക്കാനൊരുങ്ങിയത്. ചിന്തയിൽ മുഴുകിയിരുന്ന അദ്ദേഹം കുളിത്തൊട്ടി  വക്കോളം നിറഞ്ഞിരുന്നത് ശ്രദ്ധിച്ചതേയില്ലായിരുന്നു.  കുളിത്തൊട്ടിയിലേയ്ക്ക് ഇറങ്ങിയ ആർക്കിമിഡീസ്  കുളിത്തൊട്ടിയിലെ വെള്ളം കവിഞ്ഞൊഴുകുന്നത്‌ ശ്രദ്ധിച്ചു.  അദ്ദേഹം ഇതിനെ ശാസ്ത്രദൃഷ്ട്യാ ചിന്തിച്ചു. തന്‍റെ കാലിന്‍റെ ഭാരത്തിന് തുല്യമായ അളവിലുള്ള ജലമാണ് കവിഞ്ഞൊഴുകിയതെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. 

അദ്ദേഹത്തിന്‍റെ ശാസ്ത്രബുദ്ധി ഉണര്‍ന്നു. ഇതേ വിദ്യ താന്‍ നേരിടുന്ന പ്രശനത്തിനുള്ള പരിഹാരമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കിരീടം ശുദ്ധമാണെങ്കില്‍, അതായത് കിരീടത്തില്‍ മായം കലര്‍ന്നിട്ടില്ലെങ്കില്‍,  കിരീടത്തിന്റെ തൂക്കത്തി ലുള്ള സ്വർണ്ണം ജലത്തിൽ മുക്കുമ്പോഴും, കിരീടം ജലത്തിൽ മുക്കുമ്പോഴും ഒരേ അളവിൽ ജലനിരപ്പ് ഉയരുമെന്ന് അദ്ദേഹത്തിന് മനസ്സിലായി.

തന്നെ അലട്ടിയ പ്രശനത്തിനുള്ള പരിഹാരം കണ്ടെത്തിയതിന്‍റെ ആവേശത്തില്‍, താന്‍ നഗ്നനാണെന്നത് മറന്ന്,  “യുറേക്ക! യുറേക്ക !" വിളിച്ച്‌ കൂവിക്കൊണ്ട്‌ ആർക്കിമിഡീസ്‌ നേരെ കൊട്ടാരത്തിലേയ്ക്കോടി.  ഗ്രീക്കിൽ യുറേക്ക എന്നാൽ "ഞാൻ അത് കണ്ടെത്തി" എന്നാണ് അര്‍ത്ഥം.

ആർക്കിമിഡീസ് രണ്ട് പാത്രങ്ങൾ എടുത്തു. അവയിൽ വക്കോളം വെള്ളം നിറച്ചു. പിന്നെ രണ്ട് വലിയ പാത്രങ്ങളുടെ നടുവിൽ ഓരോ പാത്രവും വെവ്വേറെ വെച്ചു. അതിനു ശേഷം ഒരു പാത്രത്തിൽ കിരീടം വെച്ചു. ഇതോടെ അതിലുള്ള കുറേ വെള്ളം പുറത്തെയ്ക്ക് കവിഞ്ഞൊഴുകി. ഇത് ആ പാത്രത്തിന്‍റെ  പുറം പാത്രത്തിന്റെ അടിയിൽ ശേഖരിച്ചു. 

പിന്നീട്  ആർക്കിമിഡീസ് ഒരു ക്യൂബ് സ്വര്‍ണ്ണം എടുത്തു. ഈ സ്വർണ്ണ ക്യൂബിന്‍റെ ഭാരം കിരീടത്തിന് വേണ്ടി രാജാവ് നല്‍കിയിരുന്ന സ്വര്‍ണ്ണത്തിന് തുല്യമായിരുന്നു. രണ്ടാമത്തെ പാത്രത്തിന്‍റെ നടുവിൽ ഈ സ്വർണ്ണ ക്യൂബ് അദ്ദേഹം വെച്ചു. ഇവിടെയും പാത്രത്തില്‍ നിന്നും കുറേ വെള്ളം കവിഞ്ഞൊഴുകി. ആ വെള്ളമെല്ലാം അതിനു പുറത്തെ പാത്രത്തില്‍ തന്നെയാണ് ശേഖരിക്കപ്പെട്ടത്.

തുടർന്ന് ആർക്കിമിഡീസ് രണ്ട് പാത്രങ്ങളിലെയും കവിഞ്ഞൊഴുകിയ വെള്ളത്തിന്‍റെ അളവ് കണ്ടെത്തി. വെള്ളം കവിഞ്ഞൊഴുകുന്നതിന്‍റെ വ്യത്യാസം അദ്ദേഹം കണ്ടെത്തി. കിരീടം വെച്ച പാത്രത്തില്‍ നിന്നും കവിഞ്ഞൊഴുകിയ വെള്ളത്തിന്‍റെ അളവ്,  കിരീടം വെച്ച പാത്രത്തില്‍ നിന്നും കവിഞ്ഞൊഴുകിയ വെള്ളത്തിന്‍റെ അളവിനേക്കാള്‍ കൂടുതലായിരുന്നു.  കിരീടത്തിനും സ്വർണ്ണ ക്യൂബിനും ഒരേ ഭാരമായിരുന്നു. അതിനാൽ, രണ്ടും പുറന്തള്ളുന്ന  വെള്ളം തുല്യ അളവിലായിരിക്കണം. ഇവിടെ കിരീടത്തില്‍ മറ്റ് ചില ലോഹങ്ങള്‍ കലര്‍ന്നിരുന്നതിനാല്‍  കിരീടം വെള്ളത്തിൽ ശുദ്ധമായ സ്വർണ്ണത്തേക്കാൾ കൂടുതൽ സ്ഥലം എടുത്തു.

ആർക്കിമിഡീസ് ഈ കണ്ടെത്തൽ രാജാവിനെ അറിയിച്ചു. നിവൃത്തിയില്ലാതെ സ്വര്‍ണ്ണപ്പണിക്കാരൻ താന്‍ രാജാവ് കൊടുത്ത സ്വര്‍ണ്ണത്തില്‍ നിന്നും കുറച്ച് മോഷ്ടിച്ചിരുന്നു എന്നും അത് തിരിച്ചറിയാതിരിക്കാന്‍ തുല്യ അളവില്‍ മറ്റ് ലോഹം ചേര്‍ത്തിരുന്നെന്നും സമ്മതിച്ചു എന്നാണ് കഥ.

ഈ കണ്ടുപിടിത്തത്തിൽ നിന്നാണ് പ്രശസ്തമായ ആർക്കിമിഡീസ്‌ തത്ത്വം ഉണ്ടാകുന്നത്.

"ദ്രാവകത്തിൽ ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത്‌ ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരവും തുല്യമാണ്‌."

ഒരേ ഭാരമുള്ള വ്യത്യസ്ത ലോഹങ്ങൾക്ക് വ്യത്യസ്ത അളവുകൾ ഉണ്ട്. വെള്ളത്തിൽ ഇട്ട വസ്തുക്കൾ ജലത്തെ അവയുടെ അളവിന് തുല്യമായ വെള്ളത്തെ പുറന്തള്ളും. 

ഉദാഹരണത്തിന്, ഒരു കിലോഗ്രാം ഭാരമുള്ള ഒരു ഇരുമ്പ് ക്യൂബ് കുറച്ച് വെള്ളം ചിതറിക്കും. എന്നാൽ അതേ ഭാരമുള്ള ഒരു അലുമിനിയം ക്യൂബ് ഇരുമ്പ് ക്യൂബിനേക്കാൾ കൂടുതൽ ജലത്തെ മാറ്റിസ്ഥാപിക്കും.

ഈ കഥ യഥാര്‍ത്ഥമാണൊ എന്നതില്‍ എതിരഭിപ്രായമുണ്ട്. എന്ത് തന്നെയായാലും ആർക്കിമിഡീസ്‌ തത്ത്വം ഓര്‍ത്തിരിക്കാന്‍ ഈ കഥ സഹായിക്കും.

Post a Comment

0 Comments