ഹോജയുടെ കുതിര - ഒരു രസതന്ത്ര കഥ - Hojayute Kuthira

സ്ഥലത്തെ പേരുകേട്ട ഒരു വ്യാപാരി ഒരു നാള്‍ മരണപ്പെട്ടു. അദ്ദേഹത്തിന് മൂന്ന്‍ ആണ്‍മക്കളാണ് ഉണ്ടായിരുന്നത്. പിതാവിന്‍റെ മരണശേഷം അവര്‍ അദ്ദേഹത്തിന്‍റെ വില്‍പ്പത്രം വായിച്ചു. അതില്‍ തന്‍റെ സ്വത്ത് അദ്ദേഹം മക്കള്‍ക്കായി കൃത്യമായി വീതം വെച്ചിരുന്നു. ഒരു പ്രത്യേക തരത്തിലായിരുന്നു അദ്ദേഹം തന്‍റെ പ്രിയപ്പെട്ട കുതിരകളെ വീതം വെച്ചിരുന്നത്. അതിപ്രകാരമായിരുന്നു.

ആകെ സ്വത്തിന്‍റെ നേര്‍ പകുതി തന്‍റെ മൂത്ത പുത്രന്, അതിനുശേഷം അവശേഷിക്കുന്നതിന്‍റെ പകുതി രണ്ടാമത്തെ പുത്രന്, ശേഷിക്കുന്നതിന്‍റെ പകുതി മൂന്നാമത്തെ പുത്രന്.

ആകെ ഏഴ് കുതിരകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പിതാവിന്‍റെ നിര്‍ദ്ദേശപ്രകാരം കുതിരകളെ വീതം വെയ്ക്കാന്‍ തുടങ്ങിയ മക്കള്‍ ആകെ വിഷമത്തിലായി. കാരണം അദ്ദേഹം പറഞ്ഞ പ്രകാരം വീതം വെയ്ക്കുകയാണെങ്കില്‍ മൂത്ത പുത്രന് കിട്ടുന്നത് ഏഴിന്‍റെ നേര്‍ പകുതി 3.5 കുതിരകള്‍! രണ്ടാമത്തെയാളിനോ? 3.5 ന്‍റെ പകുതിയായ 1.75  കുതിരകള്‍! മൂന്നാമത്തേയാള്‍ക്ക് ഒരു കുതിര തികച്ചില്ല!

എങ്ങിനെയാണ് അരക്കുതിരയെയും മുക്കാല്‍കുതിരയെയും കൊടുക്കുന്നത്? അങ്ങിനെ വീതം വെച്ചാല്‍ എത്ര കുതിരയെ കൊല്ലേണ്ടി വരും? പുത്രന്മാര്‍ ധര്‍മസങ്കടത്തിലായി. പ്രിയപ്പെട്ട പിതാവിന്‍റെ വാക്ക് തള്ളിക്കളയാനും വയ്യ, അനുസരിച്ചാലോ ഇത്രയും നല്ല കുതിരകളെ കൊല്ലേണ്ടിയും വരും! എന്താണ് ചെയ്യേണ്ടത് എന്ന ചര്‍ച്ച അവസാനം തര്‍ക്കത്തിലേക്കും വഴക്കിലേക്കും നീണ്ടു.

അങ്ങിനെ മൂന്നുപേരും വഴക്കിട്ട് നില്‍ക്കുമ്പോഴാണ് ഹോജ ഒരു കുതിരയുമായി ആ വഴി വരുന്നത്.

തര്‍ക്കം കണ്ട ഹോജ അവരുടെ അടുത്തെത്തി കാര്യം അന്വേഷിച്ചു. അവര്‍ തങ്ങള്‍ അകപ്പെട്ടിരിക്കുന്ന വിഷമസ്ഥിതി  ഹോജയോട് പറഞ്ഞു.
ഉടനെ ഹോജ പറഞ്ഞു.

"ഞാന്‍ ഇതിന് പരിഹാരമുണ്ടാക്കിത്തരാം., ഒരു കുതിരയ്ക്കും ഒരു പോറല്‍ പോലും പറ്റാതെ, എന്നാല്‍ നിങ്ങള്‍ക്കാര്‍ക്കും ഒരു നഷ്ടവും സംഭവിക്കാതെ നിങ്ങളുടെ പിതാവ് പറഞ്ഞത് പോലെ നമുക്ക് ഈ കുതിരകളെ വീതം വെയ്ക്കാം"

എങ്ങിനെയാണ് ഹോജ വീതം വെയ്കാന്‍ പോകുന്നത് എന്നറിയില്ലെങ്കിലും മൂന്ന്‍ പേരും സമ്മതിച്ചു.

ഉടനെ ഹോജ തന്‍റെ കൂതിരയെ മറ്റ് കുതിരകളോടൊപ്പം നിര്‍ത്തി. എന്നിട്ട് ചോദിച്ചു.

"ശരി, ആദ്യം ഞാനെന്‍റെ കുതിരയെ കൂടി ഈ കൂട്ടത്തില്‍ ചേര്‍ക്കുന്നു. ഇപ്പോള്‍ എത്ര കുതിരയായി?"

"എട്ട് കുതിരകള്‍!" മൂന്നു പേരും ഉത്തരം പറഞ്ഞു.

"അതേ, എട്ട് കുത്രിരകള്‍. ഇനി ഇതിന്റെ നേര്‍ പകുതി, അതായത് നാല് കുതിരകള്‍ മൂത്തയാളിന് അവകാശപ്പെട്ടതാണ്. ശരിയല്ലേ?" ഹോജ ചോദിച്ചു.

"അതേ!" മൂന്നു പേരും സമ്മതിച്ചു.

"എന്താ മൂത്തയാള്‍ക്ക് സമ്മതമാണോ?" ഹോജ പിന്നേയും ചോദിച്ചു.

മൂത്തയാള്‍ക്ക് സമ്മത്തക്കുറവുണ്ടാകുമോ? പിതാവിന്‍റെ നിര്‍ദേശം അനുസരിച്ച് നേരത്തെ വീതം വെയ്ക്കുമ്പോള്‍ അയാള്‍ക്ക് മൂന്നരക്കുതിരയാണ് ലഭിച്ചത്. ഇതിപ്പോള്‍ നാലെണ്ണമുണ്ട്! അയാള്‍ സന്തോഷത്തോടെ തലയാട്ടി സമ്മതിച്ചു.

"ശരി. ഇനി ബാക്കിയുള്ളതിന്‍റെ പകുതി, അതായത് രണ്ടു കുതിരകള്‍, രണ്ടാമത്തെയാള്‍ക്കുള്ളതാണ്. ശരിയല്ലേ?" ഹോജ ചോദിച്ചു.

"തികച്ചും ശരിയാണ്" സന്തോഷത്തോടെ രണ്ടാമന്‍ തനിക്ക് കിട്ടിയ രണ്ടു കുതിരകളെ എടുത്തു.

"ഇനി ബാക്കിയുള്ളതിന്‍റെ നേര്‍ പകുതി, അതായത് ഒരു കുതിര, അത് മൂന്നാമത്തെ മകനുള്ളതല്ലേ?" ഹോജ വീണ്ടും ചോദിച്ചു

"അതേ!" നേരത്തെ വീതം വെപ്പില്‍ ഒരു കുതിര പോലും തികച്ചു കിട്ടാതിരുന്ന മൂന്നാമന്‍ വളരെ സന്തോഷത്തോടെ തനിക്ക് കിട്ടിയ ഒരു കുതിരയെ കയ്യിലാക്കി.

"ഇനി ബാക്കിയുള്ളത് എന്‍റെ കുതിരയാണ്. അതിനെ ഞാന്‍ എടുക്കുന്നതില്‍ ആര്‍ക്കും വിരോധമില്ലല്ലോ?"

മൂന്നു പേരും ഹോജയോട് നന്ദി പറഞ്ഞു സന്തോഷത്തോടെ അദ്ദേഹത്തെ യാത്രയാക്കി.

കൂട്ടുകാരേ, ഇവിടെ ഹോജയുടെ കുതിരയാണ് ഈ വീതം വെക്കല്‍ വളരെ വേഗത്തിലും സൌകര്യപ്രദമായും പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്, അല്ലേ? എന്നാല്‍ ഈ കഥയിലെ കുതിരയെപ്പോലെ നിങ്ങള്‍ക്ക് രസതന്ത്ര പാഠത്തില്‍ കാണാന്‍ സാധിക്കും. അതാണ് ഉല്‍പ്രേരകം (catalyst).

ഒരു രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതും രാസപ്രവർത്തനത്തിൽ നേരിട്ട് പങ്കെടുക്കാത്തതുമായ രാസവസ്തുവാണ് ഉൽപ്രേരകം. രാസപ്രവർത്തനത്തിനുശേഷം ഉൽപ്രേരകം അതിന്റെ യഥാർത്ഥ അളവിൽ തിരിച്ചു ലഭിക്കുന്നു. അതായത് രാസപ്രവർത്തനത്തിൽ ഉൽപ്രേരകം ഉപയോഗിക്കപ്പെടുന്നില്ല.എന്നാൽ ഉൽപ്രേരകം രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നു.കുറഞ്ഞ ഊർജ്ജത്തിൽ രാസപ്രവർത്തനം നടത്താൻ സഹായിക്കുന്നു. സാധാരണയായി ഉല്‍പ്രേരകങ്ങൾ വളരെ കുറഞ്ഞ അളവിലേ വേണ്ടിവരാറുള്ളൂ

ഈ കഥയിലെ ഹോജയുടെ കുതിരയെപ്പോലെ! 
ഹോജയുടെ കുതിര വീതം വെക്കല്‍ വളരെ വേഗത്തിലും സൌകര്യപ്രദമായും പൂര്‍ത്തീകരിക്കാന്‍ സഹായിച്ചു. എന്നാല്‍ അത് മൂലം ആ കുതിരക്ക് ഒരു കുറവും കുഴപ്പവും പറ്റിയതുമില്ല. ഹോജയ്ക്ക് തന്‍റെ കുതിരയെ അതേപോലെ തിരികെ കിട്ടുകയും ചെയ്തു.

കൂടുതല്‍ ഹോജാ കഥകള്‍

Post a Comment

0 Comments