ഒരു ദിവസം കാട്ടില്‍ കളിച്ച മദിച്ചു നടന്ന ആ ആനക്കൊമ്പന്‍ കുറച്ച് വെള്ളം കുടിക്കാന്‍ നദീതീരത്തേയ്ക്ക് നടക്കുകയായിരുന്നു. വഴിയില്‍ അവന്‍ ഒരു ഉറുമ്പിന്‍ കൂട് കണ്ടു.
"അയ്യോ, ആനച്ചേട്ടാ! ഞങ്ങളെ ചവിട്ടിക്കൊല്ലല്ലേ!" ഉറുമ്പുകള്‍ ആനയെക്കണ്ടതും ഉറക്കെ പറഞ്ഞു.
ഉറുമ്പുകളുടെ അപേക്ഷ കേട്ടപ്പോള്‍ അഹങ്കാരിയായ ആനയ്ക്ക് പുച്ഛമാണ് തോന്നിയത്. അവന്‍ അവരുടെ കരച്ചില്‍ ശ്രദ്ധിക്കാതെ ആ കൂട് ചവിട്ടിയരച്ച് കൊല്ലാന്‍ തീരുമാനിച്ചു.
"ഹ! ഹ! ഞാന്‍ പോകുന്ന വഴിയില്‍ കൂടുണ്ടാക്കാന്‍ നിങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വന്നു. ഞാന്‍ നിങ്ങളുടെ കൂട് ഇപ്പോള്‍ തന്നെ ചവിട്ടിയരച്ച് കളയും." ആന പറഞ്ഞു.
"അരുത്! ഞങ്ങളുടെ കൂട് തകര്‍ത്താല്‍ നിന്നെ ഞങ്ങള്‍ വെറുതെ വിടില്ല!" ഉറുമ്പുകള്‍ കൂട്ടത്തോടെ പറഞ്ഞു.
"അതു കൊള്ളാം! ഇത്തിരിപ്പോന്ന നിങ്ങള്‍ എന്നെ എന്തു ചെയ്യാനാണ്. എന്നാലതൊന്ന് കണ്ടിട്ട് തന്നെ കാര്യം" ആന അഹങ്കാരത്തോടെ ഉറുമ്പുകളെ ചവിട്ടിയരയ്ക്കാന്‍ തുടങ്ങി.
അതോടെ ഉറുമ്പുകള്‍ ആനയുടെ ശരീരത്തില്‍ കയറിപറ്റി. കുറെയെണ്ണം ആനയുടെ തുമ്പിക്കയ്യില്‍ കയറി കടി തുടങ്ങി. വേറെ ചില ഉറുമ്പുകള്‍ ആനയുടെ ചെവിയില്‍ കയറിക്കൂടി. അതിനിടയില്‍ ഉറുമ്പുകള്‍ ആനയുടെ കണ്ണിലും , കാലിലും, ചെവിയിലുമൊക്കെ കയറി കടിയോട് കടി!.
ആനയ്ക്ക് ഒന്നും ചെയ്യാന്‍ ആകുന്നില്ലായിരുന്നു. കണ്ണില്‍ കൂടി കടി തുടങ്ങിയതോടെ അവന്‍ ഉറക്കെ അലറിക്കരഞ്ഞു കൊണ്ട് പായാന്‍ തുടങ്ങി.
"അയ്യൊ! എന്നെ രക്ഷിക്കണേ!" അവന്‍ ഉറക്കെ നിലവിളിച്ചു.
എന്നാല്‍ കണ്ടുനിന്ന ഒരു മൃഗവും അവനെ രക്ഷിക്കാന്‍ എത്തിയില്ല.
ആന കണ്ണ് കാണാതെ എങ്ങോട്ടെന്നില്ലാതെ ഓട്ടം തുടര്‍ന്നു. ഒടുക്കം അവന്‍ ഒരു പൊട്ടക്കിണറ്റില്‍ ചെന്നു വീണു. രക്ഷപ്പെടാനാകാതെ അവന്‍ അവിടെ കിടന്ന് ചത്തു.
അതോടെ ആ അഹങ്കാരിയുടെ ഉപദ്രവം അവസാനിച്ചു. കാട്ടില്‍ വീണ്ടും സമാധാനമായി. ചെറുതെന്ന് കരുതി ആന പുച്ഛിച്ച് തള്ളിയ അതേ ഉറുമ്പുകള്‍ തന്നെ അവനെ പരാജയപ്പെടുത്തി.
0 Comments