വിലയേറിയ മൂന്ന്‍ ഉപദേശങ്ങള്‍ - Vilayeriya Moonnu Upadeshangal

 ഒരിടത്ത് ധനികനും സമര്‍ത്ഥനുമായ ഒരു വ്യാപാരിയുണ്ടായിരുന്നു.  സൂര്യകാന്തന്‍ എന്നായിരുന്നു അദ്ധേഹത്തിന്‍റെ പേര്. അദ്ദേഹത്തിന് ആകെ ഒരു മകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മകനായ ചന്ദ്രകാന്തന്‍ പിതാവിനെ ബഹുമാനിക്കുന്ന വളരെ സല്‍സ്വഭാവിയായ ഒരു ചെറുപ്പക്കാരനായിരുന്നു. എന്നാല്‍ എന്തെങ്കിലും കാര്യങ്ങള്‍ ശരിയായ വിധത്തില്‍ നടത്താനുള്ള കാര്യപ്രാപ്തി (കഴിവ്) അയാള്‍ക്കുണ്ടായിരുന്നില്ല. അക്കാരണത്താല്‍ സൂര്യകാന്തന്  വളരെയധികം വിഷമമുണ്ടായിരുന്നു. തന്‍റെ കാലശേഷം മകന്‍റെ കഴിവ്കേട് കൊണ്ട് താനുണ്ടാക്കിയതെല്ലാം മകന്‍ നഷ്ടപ്പെടുത്തുമോ, അവന്‍ കഷ്ടപ്പെടേണ്ടി വരുമോ എന്നെല്ലാമായിരുന്നു ആ പിതാവിന്‍റെ ഭയം.

അങ്ങിനെ ഒരു ദിവസം സൂര്യകാന്തന്‍ മകനെ അടുത്ത് വിളിച്ച് പറഞ്ഞു:

"മോനേ! അച്ഛനിപ്പോള്‍ വയസ്സായി. ഏത് സമയവും എനിക്ക് മരണം സംഭവിച്ചേക്കാം. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ ഞാന്‍ നിനക്കിപ്പോള്‍ തരാന്‍ പോകുന്ന മൂന്ന്‍ ഉപദേശങ്ങള്‍ നീ ഒരല്‍പ്പം പോലും തെറ്റാതെ നീ പാലിക്കണം"

"എന്താണ് അങ്ങേയ്ക്ക് പറയാനുള്ളത്. അങ്ങയുടെ ഉപദേശങ്ങള്‍ എന്തു തന്നെയായാലും അവ ഒട്ടും തെറ്റാതെ കൃത്യമായി പാലിക്കുമെന്ന്‍ ഞാന്‍ വാക്ക് തരുന്നു."  ചന്ദ്രകാന്തന്‍ ഒട്ടും മടിക്കാതെ പറഞ്ഞു.

"ഏന്‍റെ മരണശേഷം നമ്മുടെ കച്ചവടം നീ ഏറ്റെടുക്കുമല്ലോ? ഓരോ ദിവസവും കടയിലേയ്ക്ക് പോകുമ്പോഴും, തിരികെ വീട്ടിലേയ്ക്ക് വരുമ്പോഴും നീ ഒട്ടും സൂര്യപ്രകാശം എല്‍ക്കാതെ നോക്കണം" . സൂര്യകാന്തന്‍ തന്‍റെ ആദ്യത്തെ ഉപദേശം കൊടുത്തു.

"ശരി പിതാവേ". ചന്ദ്രകാന്തന്‍ പറഞ്ഞു.

"അടുത്തതായി നീ എല്ലാ ദിവസവും അരി ഭക്ഷണം മാത്രമേ കഴിക്കാവൂ" സൂര്യകാന്തന്‍  പറഞ്ഞു.

മകന്‍ അനുസരണയോടെ കേട്ടുകൊണ്ടിരുന്നു.

"അവസാനമായി, നീ ഓരോ ആഴ്ചയും ഒരു പുതിയ വധുവിനെ വിവാഹം കഴിക്കണം" സൂര്യകാന്തന്‍  തന്‍റെ അവസാനത്തെ ഉപദേശവും പറഞ്ഞു തീര്‍ത്തു.

ചന്ദ്രകാന്തന്‍ എല്ലാം അത് പോലെ ചെയ്യാമെന്ന് വാക്ക് കൊടുത്തു. എന്നാലും അയാള്‍ക്ക് പിതാവ് പറഞ്ഞ ഉപദേശങ്ങള്‍ അത്ര ഗുണകരമായി തോന്നിയില്ല.

"ഇത് ചെയ്യുന്നത് കൊണ്ട് എന്തു ഗുണമാണ് എനിക്കുണ്ടാകുക?" അയാള്‍ ചോദിച്ചു

"അത് നിനക്ക് വഴിയേ മനസ്സിലാകും" സൂര്യകാന്തന്‍  പറഞ്ഞു.

കുറച്ചു കാലങ്ങള്‍ക്ക് ശേഷം സൂര്യകാന്തന്‍  മരണപ്പെട്ടു. എല്ലാ മരണാനന്തര കര്‍മ്മങ്ങൾക്കും ശേഷം ചന്ദ്രകാന്തന്‍ പിതാവിന്‍റെ കച്ചവടം ഏറ്റെടുത്തു. 

ചന്ദ്രകാന്തന്‍  ആദ്യം തന്നെ ചെയ്തത് വീട്ടില്‍ നിന്നും കച്ചവടസ്ഥലം വരെ ഒരു പന്തലിടുകയായിരുന്നു. ഈ വിഡ്ഡിത്തം കണ്ടു ആളുകള്‍ മൂക്കത്ത് വിരല്‍ വെച്ചു. പലരും അയാളെ ഇങ്ങനെ വെറുതെ പണം കളയരുതെന്ന് ഉപദേശിച്ചു. പക്ഷേ തന്‍റെ അച്ചന്‍റെ ഉപദേശപ്രകാരം വെയില്‍ കൊള്ളാതെ കടയിലേക്കും തിരിച്ചു വീട്ടിലേക്കും വരാന്‍ ഇതല്ലാതെ വേറെ വഴിയൊന്നും കണ്ടില്ല. അയാള്‍ മറ്റുള്ളവരുടെ കളിയാക്കള്‍ കണ്ടില്ലെന്നു നടിച്ചു.അച്ചന്‍റെ ഉപദേശം ശിരസാ വഹിച്ചു കൊണ്ട് ചന്ദ്രകാന്തന്‍  തന്‍റെ ഭക്ഷണം അരിഭക്ഷണം മാത്രമാക്കി. 

എന്നാല്‍ പിതാവിന്റെ മൂന്നാമത്തെ ഉപദേശം നടപ്പാക്കാന്‍ ചന്ദ്രകാന്തന് ബുദ്ധിമുട്ടായി. ഏത് പെണ്‍കുട്ടിയാണ് കേവലം ഒരാഴ്ചത്തേയ്ക്ക് ഭാര്യയാകാന്‍ തയ്യാറാകുക? ഓരോ ആഴ്ചയും പുതിയ വധുവിനെ വേണമെന്നല്ലേ പിതാവിന്റെ ഉപദേശം?

ചന്ദ്രകാന്തന്‍റെ ആവശ്യം നാട്ടില്‍ പാട്ടായി. ആളുകള്‍ അയാള്‍ക്ക് ഭ്രാന്താണെന്ന് ഉറപ്പിച്ചു.അതിനിടയില്‍ കടയിലേയ്ക്ക് പന്തലിടാനും മറ്റുമായി കുറെ പണം അയാള്‍ക്ക് ചിലവായിരുന്നു. മാത്രമല്ല, വളരെ വൈകി കട തുറക്കുകയും നേരത്തെ അടക്കുകയും ചെയ്തതിനാല്‍ കച്ചവടം കുറഞ്ഞ് വന്നു.

അതിനിടയിലാണ് അടുത്ത ഗ്രാമത്തിലെ ബുദ്ധിമതിയായ രത്നവല്ലി എന്ന യുവതി ചന്ദ്രകാന്തന്‍റെ വിചിത്രമായ ആവശ്യം അറിഞ്ഞത്. 

രത്നവല്ലി തന്‍റെ പിതാവിനോട് വിവാഹത്തിന് തനിക്ക് സമ്മതമാണെന്ന വിവരം ചന്ദ്രകാന്തനെ അറിയിക്കാന്‍ ആവശ്യപ്പെട്ടു.

"നീ എന്ത് ഭ്രാന്താണീ പറയുന്നതു. ഒരാഴ്ചത്തേയ്ക്ക് ആ ഭ്രാന്തന്‍റെ ഭാര്യയാകാനാണോ നിന്‍റെ തീരുമാനം? ഞങ്ങള്‍ ഇതിന് ഒരു കാരണവശാലും സമ്മതിക്കില്ല." മകളെ ഇത്തരമൊരു  വ്യക്തിക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ അവളുടെ മാതാപിതാക്കള്‍ ഒരുക്കമായിരുന്നില്ല.

"പക്ഷേ ചന്ദ്രകാന്തന്‍ ഒരു ദുശ്ശീലവുമില്ലാത്ത ഒരു നല്ല ചെറുപ്പക്കാരനല്ലേ?" രത്നവല്ലി ചോദിച്ചു

"ആയിരിക്കാം. പക്ഷേ അയാള്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ നീ അറിഞ്ഞതല്ലെ?" പിതാവ് ചോദിച്ചു

"അതൊന്നും സാരമാക്കേണ്ടതില്ല. എനിക്ക് ഈ വിവാഹം കൊണ്ട് ഒരു കുഴപ്പവും സംഭവിക്കില്ല" രത്നവല്ലി ഉറപ്പിച്ചു പറഞ്ഞു.

തന്‍റെ മകളുടെ ബുദ്ധിശക്തിയിലും സാമര്‍ത്ഥ്യത്തിലും വിശ്വാസമുണ്ടായിരുന്ന ആ പിതാവ് ഒടുക്കം ആ വിവാഹത്തിന് സമ്മതിച്ചു. വളരെ ആഘോഷപൂര്‍വം ആ വിവാഹം നടന്നു. നാട്ടുകാരെല്ലാം ആ യുവതിയുടെ വിധിയോര്‍ത്ത് സഹതപിച്ചു.

വിവാഹം കഴിഞ്ഞ് ഒരാഴ്ച പെട്ടെന്നു കടന്നു പോയി. ചന്ദ്രകാന്തന്‍ അതിനിടയില്‍ രത്നവല്ലിയെ വല്ലാതെ സ്നേഹിച്ചു തുടങ്ങിയിരുന്നു. എങ്ങിനെയാണ് അവളെ പിരിഞ്ഞ് മറ്റൊരു പെണ്ണിനെ വിവാഹം ചെയ്യുക എന്ന്‍ അയാള്‍ക്ക് ആലോചിക്കാന്‍ പോലും ആകുന്നില്ലായിരുന്നു. വളരെ വിഷമത്തോടെ ചിന്തിച്ചിരിക്കുകയായിരുന്ന അയാളുടെ അടുത്ത് ചെന്നു രത്നവല്ലി കാര്യം തിരക്കി.

"നിന്നെ പിരിയുന്ന കാര്യം എനിക്കാലോചിക്കാനേ വയ്യ. എന്നാല്‍ ഏന്‍റെ പിതാവിനെ അനുസരിക്കാതിരിക്കാനും എനിക്കാകില്ല" സങ്കടത്തോടെ അയാള്‍ പറഞ്ഞു.

"നിങ്ങളെന്തൊരു വിഡ്ഡിയാണ്. ആര് പറഞ്ഞു നിങ്ങളോട് അച്ഛന്‍ അതാണ് ചെയ്യാന്‍ ഉപദേശിച്ചതെന്ന്. ഇത്രയും ബുദ്ധിമാനായ ഒരു മനുഷ്യന്‍റെ മകനായിട്ടും  നിങ്ങള്‍ക്ക് അത് മനസ്സിലായില്ലേ? നിങ്ങളെ ഇത് പോലെ കഷ്ടപ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിക്കുമോ?" രത്നവല്ലി ചോദിച്ചു.

"പക്ഷേ അച്ഛന്‍ എന്നോടു പറഞ്ഞ ഉപദേശങ്ങള്‍ അപ്രകാരമാണ്." ചന്ദ്രകാന്തന്‍ രത്നവല്ലിയോട് അച്ചന്റെ മൂന്ന്‍ ഉപദേശങ്ങളും പറഞ്ഞു കൊടുത്തു.

ഒരു ചിരിയോട് കൂടി രത്നവല്ലി പറഞ്ഞു.

"കഷ്ടം. നിങ്ങളുടെ അച്ഛന്‍ നിങ്ങളോട് കടയില്‍ പോകുമ്പോഴും വരുമ്പോഴും സൂര്യപ്രകാശം ഏൽക്കരുതെന്ന് പറഞ്ഞത് നിങ്ങള്‍ വെയില്‍ കൊണ്ട് കറുത്ത് പോകും എന്നു കരുതിയല്ല, പകരം നിങ്ങള്‍ അതിരാവിലെ കടയില്‍ പോകാനും, വൈകീട്ട് മാത്രം തിരികെ വരാനും ഉദ്ദേശിച്ചാണ്." 

"അങ്ങിനെയെങ്കില്‍ അരിഭക്ഷണം മാത്രമേ കഴിക്കാവൂ എന്നു പറഞ്ഞതോ?" വളരെ അത്ഭുതത്തോടെയാണ് ചന്ദ്രകാന്തന്‍ ഇത് ചോദിച്ചത്.

"അതും അദ്ധേഹം അറിഞ്ഞു തന്ന ഉപദേശം ആണ്. അരി ഭക്ഷണം കഴിക്കണം എന്നത് കൊണ്ട് നല്ല ഭക്ഷണം കഴിക്കണം, ഭക്ഷണകാര്യത്തില്‍ പിശുക്ക് കാണിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. അല്ലാതെ മറ്റുള്ള ഭക്ഷണം ഒന്നും കഴിക്കാതെ ആരോഗ്യം കളയാനല്ല!" രത്നവല്ലി വിശദീകരിച്ചു.

"പക്ഷേ, ആഴ്ച തോറും പുതിയ വിവാഹം കഴിക്കണമെന്ന് പറഞ്ഞതോ? അതെന്തൊരു ബുദ്ധിയാണ്?" ചന്ദ്രകാന്തന്‍ ചോദിച്ചു.

"ആ മൂന്നാമത്തെ ഉപദേശം കൊണ്ട് നിങ്ങള്‍ ഭാര്യയെ നന്നായി സ്നേഹിക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. നിങ്ങള്‍ എപ്പോഴും അവളെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്താല്‍  ഓരോ ആഴ്ചയും അവള്‍ നിങ്ങള്‍ക്ക് ഒരു പുതിയ വധുവിനെപ്പോലെ സ്നേഹം ചൊരിയുന്നവളായിരിക്കും എന്നാണ് അദ്ദേഹം മനസ്സിലാക്കിത്തരാന്‍ ശ്രമിച്ചത്" രത്നവല്ലി വ്യക്തമാക്കി.

ഇത് കേട്ടപ്പോഴാണ് തന്‍റെ അച്ചന്റെ ബുദ്ധിപരമായ വാക്കുകള്‍ താന്‍ എത്ര തെറ്റായാണ് മനസ്സിലാക്കിയത് എന്നു  ചന്ദ്രകാന്തന്‍ തിരിച്ചറിഞ്ഞത്. അതോടൊപ്പം തന്നെ തനിക്ക് ഇത്ര ബുദ്ധിമതിയായ ഒരു ഭാര്യയെയാണല്ലോ കിട്ടിയത് എന്നയാള്‍ അഭിമാനിച്ചു.  അച്ചന്റെ ഉപദേശം ശരിയായ വിധത്തില്‍ ഉള്‍കൊണ്ട് ചന്ദ്രകാന്തന്‍ താന്‍ നിര്‍മ്മിച്ച പന്തല്‍ പൊളിച്ച് നീക്കി. പിന്നീട് അയാള്‍ വളരെ മിടുക്കനായ ഒരു വ്യാപാരിയായി മാറി - സൂര്യകാന്തന്നെക്കാള്‍ പേര് കേട്ട ഒരു വ്യാപാരി.


നേരെചൊവ്വേ കാര്യം പറഞ്ഞിരുന്നെങ്കില്‍ എന്താണ് കുഴപ്പം എന്നു ചിന്തിച്ചോ കൂട്ടുകാര്‍? അങ്ങിനെയായിരുന്നെങ്കില്‍ ഈ കുഴപ്പമൊന്നും വരില്ലായിരുന്നു അല്ലേ? പക്ഷേ കഥയില്‍ നിന്നും നമുക്ക് മനസ്സിലാക്കേണ്ട ഒരു സംഗതിയുണ്ട് - കേള്‍ക്കുന്നതെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അതേപടി എടുക്കാതെ കുറച്ച് ചിന്തിച്ച് മനസ്സിലാക്കണം എന്ന്‍.

Post a Comment

0 Comments