നിരപരാധികളായ തടവുകാര്‍ - Niraparadhikalaya Thadavukar


ഒരിയ്ക്കല്‍ രാജാവ് തന്‍റെ പതിവ് സന്ദര്‍ശനത്തിനായി ജയിലില്‍ എത്തി. ജയില്‍ വാര്‍ഡനോടൊപ്പം രാജാവ് ഓരോ തടവുപുള്ളിയെയും നേരില്‍ കണ്ട് ക്ഷേമമന്വേഷിക്കാന്‍  തുടങ്ങി.

"താങ്കള്‍ എന്ത് തെറ്റാണ് ചെയ്തത്?" ആദ്യം കണ്ട  തടവുപുള്ളിയോട് അദ്ദേഹം ചോദിച്ചു.

"ഞാനൊരു തെറ്റും ചെയ്തിട്ടില്ല, മഹാരാജന്‍!  മോഷണകൂറ്റമാരോപിച്ച് എന്നെ ഇവിടെ അന്യായമായി തടവിലിട്ടിരിക്കുകയാണ്. അങ്ങ് ദയവായി എന്നെ മോചിപ്പിക്കണം". അയാള്‍ പറഞ്ഞു.

രാജാവ് അതിന് മറുപടി ഒന്നും പറഞ്ഞില്ല. ഒരു ചെറു ചിരിയോടെ അദ്ദേഹം മുന്‍പോട്ട് പോയി. അടുത്ത തടവുപുള്ളിയോടും രാജാവു ചോദ്യം ആവര്‍ത്തിച്ചു.

"പ്രഭോ! കൈക്കൂലി വാങ്ങി എന്ന കുറ്റം ചാര്‍ത്തിയാണ് എന്റെ ശത്രുക്കള്‍ എന്നെ ജയിലിലാക്കിയത്. ഞാന്‍ ഒരു കൈക്കൂലിയും വാങ്ങിയിട്ടേയില്ല" അയാളും തന്‍റെ നിരപരാധിത്വം രാജാവിനെ അറിയിച്ചു.

രാജാവ് വീണ്ടും മുന്‍പോട്ടു നടന്നു. ഓരോ കുറ്റവാളിയോടും എങ്ങിനെയാണ് അവര്‍ ജയിലിലായതെന്ന് അദ്ദേഹം ചോദിച്ചു. കള്ളന്മാരും കൊലപാതകികളും  അടങ്ങിയ ഓരോ തടവുപുള്ളിയുടെയും  മറുപടി അവര്‍ നിരപരാധികള്‍ ആണെന്നായിരുന്നു. ശത്രുക്കളുടെ ഗൂഡാലോചനയില്‍  ചെയ്യാത്ത കുറ്റത്തിനാണ് തങ്ങള്‍ ജയിലിലായതെന്ന് ഓരോരുത്തരും വാദിച്ചു. തങ്ങളെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്ന് അവര്‍ രാജാവിനോട് അഭ്യര്‍ത്ഥിച്ചു.

ഒടുവില്‍ അദ്ദേഹം ഒരു ചെറുപ്പക്കാരനായ ഒരു തടവുപുള്ളിയുടെ അടുത്തെത്തി. അയാള്‍ ഒരു മരത്തിന് തടം എടുത്തുകൊണ്ടിരിക്കുകയായിരുന്നു.

"താങ്കള്‍ എങ്ങിനെയാണ് ജയിലഴിക്കുള്ളിലായത്?" രാജാവ് അയാളുടെ അടുത്തെത്തി ചോദിച്ചു.

"എന്റെ അറിവില്ലായ്മ മൂലം ഞാനൊരു തെറ്റ് ചെയ്തുപോയി. പെട്ടെന്നുള്ള ദേഷ്യത്തിന് ഞാനോരാളെ ആക്രമിച്ചു മുറിപ്പെടുത്തി. അതിനുള്ള ശിക്ഷയാണ് ഞാനേറ്റ് വാങ്ങുന്നത്. എനിക്കെന്‍റെ തെറ്റ് മനസ്സിലാക്കി പശ്ചാത്തപിക്കാന്‍ ഒരവസരമാണ് ലഭിക്കുന്നത്. " അയാള്‍ വിനയപൂര്‍വം പറഞ്ഞു.

രാജാവ് ജയില്‍ വാര്‍ഡനോട് പറഞ്ഞു.

"ഈ ജയിലില്‍ ഭൂരിഭാഗവും ഒരു തെറ്റും ചെയ്യാതെ ശിക്ഷിക്കപ്പെട്ട നിരപരാധികളാണല്ലോ? അതിനിടയില്‍ ഇങ്ങനെ തെറ്റ് ചെയ്ത ഒരാളെ കൂടി താമസിപ്പിച്ചാല്‍ മറ്റുള്ളവര്‍ അയാളെപ്പോലെ ആയിപ്പോകില്ലേ? അത് കൊണ്ട് ഉടനടി ഈ തെറ്റുകാരനായ ചെറുപ്പക്കാരനെ ജയിലില്‍ നിന്നും വിട്ടയക്കണം".

രാജാവിന്‍റെ ആജ്ഞ പ്രകാരം സ്വന്തം തെറ്റ് തിരിച്ചറിഞ്ഞു പശ്ചാത്തപിച്ച ആ ചെറുപ്പക്കാരന്‍ അങ്ങിനെ ജയില്‍ മോചിതനായി.

Post a Comment

0 Comments