ഒരിടത്ത് ഒരു ദേവകര്‍ണന്‍ എന്ന പേരുള്ള ഒരു ധനികനായ വ്യാപാരിയുണ്ടായിരുന്നു. പേരില്‍ മാത്രമേ ദേവനും കര്‍ണനുമുള്ളൂ. അറുത്ത കൈയ്ക്ക് ഉപ്പ് തേയ്ക്കാത്ത അറു പിശുക്കന്‍! ഒരിയ്ക്കല്‍പ്പോലും അയാള്‍ ആരെയും സഹായിച്ചതായി ആര്‍ക്കും അറിവില്ല. എന്തിന്, വീട്ടില്‍ വരുന്ന ഭിക്ഷക്കാര്‍ക്ക് പോലും അയാള്‍ ഒരു ചില്ലിക്കാശ് കൊടുക്കില്ല. ഒരു നല്ലവാക്ക് പോലും ആരോടും പറയാറുമില്ല. അയാള്‍ക്ക് ഏത് വിധേനയും കുറെ പണമുണ്ടാക്കണം എന്ന ചിന്ത മാത്രമാണ് ഉണ്ടായിരുന്നത്.
ദേവകര്‍ണന്റെ തൊട്ടടുത്ത് താമസിച്ചിരുന്ന ഒരു സാധാരണ കര്‍ഷകനായിരുന്നു സത്യദേവന്‍. മറ്റുള്ളവരെ എപ്പോഴും സഹായിച്ചിരുന്ന സത്യദേവനെ നാട്ടുകാര്‍ എല്ലായ്പ്പ്പോഴും ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍ ദേവകര്‍ണനെ ആളുകള്‍ പുച്ഛത്തോടെയാണ് നോക്കിയിരുന്നത്.
തന്നെക്കാള്‍ പണത്തിലും പദവിയിലും താഴെ നില്‍ക്കുന്ന സത്യദേവന് ലഭിക്കുന്ന സ്നേഹവും ബഹുമാനവും ദേവകര്‍ണന് സഹിക്കാനായില്ല. എല്ലാവരും തന്നെയും അത് പോലെ ബഹുമാനിക്കണമെന്ന് അയാള്‍ അതിയായി ആഗ്രഹിച്ചു.
ഒടുവില്‍ ദേവകര്‍ണന്‍ പ്രശസ്തനായ താമസിക്കുന്ന ഒരു സന്യാസിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അയാള്‍ ആ സന്യാസിയുടെ ആശ്രമത്തില്‍ ചെന്നു കണ്ടു. ദേവകര്‍ണന്റെ പ്രശ്നം കേട്ട സന്യാസി ഒരു മന്ദഹാസത്തോടെ അദ്ദേഹത്തെ ആശ്രമതിനരികിലുള്ള പുഴവക്കത്തേയ്ക്ക് കൂട്ടികൊണ്ടു പോയി.
പുഴയിലേക്ക് ചൂണ്ടി സന്യാസി പറഞ്ഞു :
"ദേവകര്‍ണാ! താങ്കള്‍ ഈ പുഴ കാണുന്നില്ലേ? ഈ പുഴയിലെ വെള്ളം ഒരിക്കലും പുഴയ്ക്ക് മാത്രം സ്വന്തമല്ല. പകരം ആർക്കും അതെടുക്കാവുന്ന രീതിയിൽ പുഴ ഒഴുകികൊണ്ടേയിരിക്കുന്നു!"
ദേവകര്‍ണന്‍ അത് ശരിയാണെന്ന് സമ്മതിച്ചു.
അടുത്തുള്ള മരം ചൂണ്ടികാണിച്ചിട്ട് സന്യാസി തുടര്‍ന്നു.
"ആ കാണുന്ന മരങ്ങളെ നോക്കൂ, അവയുടെ മധുരമുള്ള പഴങ്ങൾ എന്നും ആര്‍ക്കും എടുക്കാവുന്നതാണ്. നിര്‍ലോഭം മറ്റുള്ളവര്‍ക്കായി ഇത് പോലെ മരങ്ങള്‍ പഴങ്ങള്‍ നല്കികൊണ്ടേയിരിക്കുന്നു.. അതുപോലെ പ്രകൃതിയിലുള്ള പൂക്കൾ സുഗന്ധം പരത്തുന്നതും, സൂര്യചന്ദ്രന്മാര്‍ പ്രകാശിക്കുന്നതും ഒന്നും സ്വന്തം കാര്യത്തിന് വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്ക് വേണ്ടി കൂടിയാണ്"
ദേവകര്‍ണന്‍ സന്യാസി പറഞ്ഞത് കേട്ടു തലകുലുക്കി. സന്യാസി തുടര്‍ന്നു പറഞ്ഞു: "പ്രകൃതിയെ ഒന്നു അനുകരിച്ചു നോക്കൂ. താങ്കള്‍ ഒരുപാട് സ്വത്ത് സാമ്പാധിച്ചിട്ടുണ്ട്. എന്നാല്‍ അത് കൊണ്ട് വേറെയാര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം ഉണ്ടായിട്ടുണ്ടോ? താങ്കള്‍ക്കും അത് ശരിയായ സമാധാനമോ സന്തോഷമോ തന്നിട്ടുണ്ടോ? ഇല്ല! ഇനി മുതല്‍ താങ്കള്‍ മറ്റുള്ളവര്‍ക്ക് കൂടി താങ്കളുടെ പണം പകുത്ത് നല്കി നോക്കൂ. മറ്റുള്ളവരെ സഹായിച്ചു നോക്കൂ മനസ്സറിഞ്ഞു സഹായിക്കുന്നതിന്‍റെ സന്തോഷം താങ്കള്‍ക്ക് അനുഭവിക്കാന്‍ സാധിയ്ക്കും. മാത്രമല്ല, താങ്കള്‍ ആഗ്രഹിച്ച സ്നേഹവും ബഹുമാനവും താനേ കൈവരും."
ദേവകര്‍ണന്‍ സന്യാസി പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കി. ഒരു പുതിയ മനുഷ്യനായിട്ടാണ് അയാള്‍ മടങ്ങിയത്. പിന്നീട് മറ്റുള്ളവരെ സഹായിക്കുന്നതിലും സ്നേഹിക്കുന്നതിലും അയാള്‍ ആനന്ദം കണ്ടെത്തി.
മറ്റുള്ളവരെ സഹായിക്കുന്നതില്‍ നിന്നും കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. നാം എന്തു കൊടുക്കുന്നുവോ അതാണ് പതിന്‍മടങ്ങായി നമുക്ക് തിരിച്ചു കിട്ടുന്നത്.
0 Comments