നാട്ടിലെ പേരു കേട്ട ഒരു കച്ചവടക്കാരനായിരുന്നു ശ്യാംലാല്‍. ഒരു വലിയ കച്ചവട സ്ഥാപനത്തിന്റെ ഉടമ. രണ്ടു പുത്രന്മാരാണ് അദ്ദേഹത്തിന്നുണ്ടായിരുന്നത് - രാംലാലും, ധ്യാന്‍ലാലും. രണ്ടു ചെറുപ്പക്കാരും ഇത്ര മുതിര്‍ന്നിട്ടും പിതാവിനെ കച്ചവടത്തില്‍ സഹായിക്കാനോ, വേറെ എന്തെങ്കിലും ജോലി ചെയ്യുവാനോ തയ്യാറായിരുന്നില്ല. മടിയന്മാരായ രണ്ടു പേരും അച്ഛന്‍ സമ്പാധിച്ച പണം ധൂര്‍ത്തടിക്കുന്നതില്‍ കേമന്‍മാരായിരുന്നു.
കഠിനമായി അദ്ധ്വാനിച്ചാണ് ശ്യാംലാല്‍ ജീവിച്ചിരുന്നത്. നല്ല തിരക്കുള്ള കടയായിരുന്നത് കൊണ്ട് പ്രായമായിരുന്നിട്ടും അദ്ദേഹം എപ്പോഴും തിരക്കിലായിരുന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം ശ്യാംലാല്‍ മക്കളെ അടുത്തു വിളിച്ച് പറഞ്ഞു;
"എനിക്ക് വയസ്സായി. പഴയത് പോലെ കട നോക്കി നടത്താന്‍ എനിക്ക് സാധിക്കില്ല. അത് കൊണ്ട് നാളെ മുതല്‍ നിങ്ങള്‍ വേണം അതെല്ലാം നോക്കി നടത്താന്‍!"
രാംലാലും, ധ്യാന്‍ലാലും പരസ്പരം നോക്കി. അച്ഛന്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്നത് കണ്ടിരുന്ന രണ്ടു പേര്‍ക്കും അങ്ങിനെ രാപ്പകല്‍ കഷ്ടപ്പെടുന്ന കാര്യം ആലോചിക്കാനേ വയ്യായിരുന്നു.
"കട നോക്കി നടത്താന്‍ അങ്ങേയ്ക്ക് ബുദ്ധിമുട്ടാണെങ്കില്‍ അത് വില്‍ക്കുന്നതായിരിക്കുന്‍ നല്ലത്. ഞങ്ങള്‍ക്ക് അത് നോക്കി നടത്താന്‍ കഴിയില്ല"അവര്‍ മറുപടി പറഞ്ഞു
>ശ്യാംലാലിന് അത്യധികം വിഷമം തോന്നി. അദ്ദേഹം എത്ര ശ്രമിച്ചിട്ടും മക്കള്‍ അനുസരിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വേറെ നിവൃത്തിയില്ലാതെ അദ്ദേഹം കട തന്‍റെ സുഹൃത്തായ ദിനകരന് വിറ്റു. എന്നിട്ട് ആ പണമെല്ലാം തന്‍റെ രണ്ടു മക്കള്‍ക്കും പകുത്ത് നല്കി. എന്നിട്ട് പറഞ്ഞു.
"ഇത് നിങ്ങള്‍ക്ക് സുഖമായി ജീവിക്കാന്‍ ഉള്ളതുണ്ട്. കുറച്ചു പണമെടുത്ത് നിങ്ങള്‍ക്കിഷ്ടമുള്ള കച്ചവടമോ അല്ലെങ്കില്‍ വേറെയെന്തെങ്കിലും നിക്ഷേപമോ ചെയ്താല്‍ ഒരിയ്ക്കലും പട്ടിണി കിടക്കേണ്ടി വരികയില്ല"
താമസിയാതെ ശ്യാംലാല്‍ മരണപ്പെട്ടു
രാംലാലും, ധ്യാന്‍ലാലും പിന്നീട് വളരെ അടിച്ചു പൊളിച്ചുള്ള ജീവിതമായിരുന്നു. ധാരാളം പണമുണ്ടല്ലോ കയ്യില്‍! ചോദിക്കാനും പറയാനും ആരുമില്ല. പണം കയ്യിലുള്ളത് കൊണ്ട് കൂടെ കൂടാന്‍ ഒരു പാട് കൂട്ടുകാരും!
ചിലവ് മാത്രമായി അധിക കാലം തുടരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? അധികം താമസിയാതെ പനമെല്ലാം തീര്‍ന്നു. പിന്നീട് വീട്ടുസാധനങ്ങള്‍ വില്‍ക്കേണ്ടി വന്നു. അവസാനം കടം വന്നു കേറി നില്‍ക്കകള്ളിയില്ലാതെ അവര്‍ക്ക് സ്വന്തം വീടും വില്‍ക്കേണ്ടി വന്നു. അങ്ങിനെ രണ്ടു പേരും തെരുവിലായി. പണമില്ലാതായപ്പോള്‍ ഒരു കൂട്ടുകാരനും തിരിഞു നോക്കിയതേയില്ല
തന്‍റെ സുഹൃത്തിന്‍റെ മക്കള്‍ ഒരു നിവൃത്തിയുമില്ലാതെ കഷ്ടപ്പെടുന്നത് നല്ലവനായ ദിനകരന് സാഹിയ്ക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം രണ്ടു പേരെയും വിളിച്ച് തന്‍റെ കടയില്‍ ജോലി കൊടുത്തു. വേറെ നിവൃത്തിയില്ലാത്തതിനാല്‍ രണ്ടാള്‍ക്കും തങ്ങളുടെ ഒരിയ്ക്കല്‍ സ്വന്തമായിരുന്ന അതേ കടയില്‍ ജോലിക്കാരായി നില്‍ക്കേണ്ടി വന്നു. തങ്ങളുടെ അച്ഛന്‍ എത്ര മാത്രം അദ്ധ്വാനിച്ചാണ് ആ കട നിലനിര്‍ത്തിയിരുന്നത് ചുരുങ്ങിയ സമയത്തിനുള്ളില്‍ അവര്‍ക്ക് മനസ്സിലായി. തങ്ങള്‍ ചെയ്തു കൂട്ടിയ മണ്ടത്തരമോര്‍ത്ത് അവര്‍ പശ്ചാത്തപിച്ചു.
പിന്നീടുള്ള ഓരോ ദിവസവും രണ്ടു സഹോദരന്മാരും കഠിനമായി അദ്ധ്വാനിച്ചു. ലളിത ജീവിതം നയിക്കാനും, കുറച്ചു പണം മിച്ചം വെയ്ക്കാനും അനുഭവം അവരെ പഠിപ്പിച്ചിരുന്നു. അധ്വാനത്തിന്റെ മഹത്വം അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.
കുറെ മാസങ്ങള്‍ കടന്നു പോയി. രണ്ടു പേരും കുറച്ച് പണം ഇതിനകം സമ്പാധിച്ചു കഴിഞ്ഞിരുന്നു. ഒരു ദിവസം അവര്‍ ദിനകരന്‍റെ അടുത്തെത്തി പറഞ്ഞു.
"പ്രിയപ്പെട്ട അമ്മാവാ, ഞങ്ങള്‍ കുറച്ചു പണം ചേര്‍ത്ത് വെച്ചിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ അത്യാവശ്യം കച്ചവടം പഠിച്ചു കഴിഞ്ഞു. അത് കൊണ്ട് അങ്ങ് സമ്മതിക്കുകയാണെങ്കില്‍ എന്തെങ്കിലും ചെറിയ കച്ചവടം ചെയ്തു നോക്കാമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു"
"അതെങ്ങിനെ ശരിയാകും.നിങ്ങള്‍ പോയാല്‍ പിന്നെ ഈ കട നോക്കി നടത്താന്‍ ആരാണുള്ളത്. എനിക്കും വയസ്സായി വരികയില്ലേ? ഒരാപത്തില്‍ നിങ്ങളെ സഹായിച്ച എന്നെ കൈവിടുന്നത് ശരിയാണോ?"
രാംലാലിനും, ധ്യാന്‍ലാലിനും മറുപടി ഇല്ലായിരുന്നു. അവര്‍ ദിനകരനോട് ക്ഷമ പറഞ്ഞു തിരികെ കടയിലേക്ക് നടന്നു.
"നില്‍ക്കൂ! എനിക്ക് വളരെ സന്തോഷമായി. ഇപ്പോഴാണ് നിങ്ങള്‍ ശരിക്കും ശ്യാംലാലിന്റെ മക്കളായത്. നിങ്ങള്‍ കരുതുന്നത് പോലെ ഈ കട നിങ്ങളുടെ അച്ഛന്‍ എനിക്ക് വിറ്റിട്ടില്ല. ഇത് നോക്കി നടത്താനുള്ള അവകാശം മാത്രമാണു അദ്ദേഹം എനിക്ക് തന്നത്. നിങ്ങള്‍ രണ്ടുപേരും എന്ന്‍ ഈ കട നോക്കി നടത്താന്‍ കഴിവുള്ളവരാകുന്നോ അത് വരെ! ഇപ്പോള്‍ നിങ്ങള്‍ എന്തിനും പ്രാപ്തരായി. ഇനി ഈ കട നിങ്ങളുടേതാണ്. എനിക്കിത്തില്‍ ഒരവകാശവുമില്ല."
രാംലാലും, ധ്യാന്‍ലാലും അത്ഭുതം കൊണ്ട് വാ പിളര്‍ന്ന് നിന്നു പോയി. തങ്ങളുടെ പിതാവിന് തങ്ങളോടുള്ള കരുതലും സ്നേഹവും അവര്‍ തിരിച്ചറിഞ്ഞു. പിതാവിനെ വിഷമിപ്പിച്ചതില്‍ അവര്‍ ഖേദിച്ചു. അത്യധികം സന്തോഷത്തോടെ അവര്‍ ആ കട ദിനകരനില്‍ നിന്നും ഏറ്റെടുത്തു. മാത്രമല്ല, തങ്ങളെ ഇത്ര മാത്രം സഹായിച്ച ദിനകരനെ അവര്‍ തങ്ങളുടെ കൂടെ ഒരു പങ്കാളിയായി ചേര്‍ത്തു.
0 Comments