അത്യാഗ്രഹിയായ സിംഹം


ഒരിക്കല്‍ ഒരു സിംഹം ഇര തേടി നടക്കുകയായിരുന്നു. വിശന്നു വലഞ്ഞ സിംഹത്തിന് കുറെ നേരം നടന്നിട്ടും ഒരു ചെറുമൃഗത്തെ പോലും കാണാന്‍ കഴിഞ്ഞില്ല. 

വീണ്ടും കുറെ നേരം തിരഞ്ഞു നടന്നപ്പോഴാണ് ദൂരെ പുല്ലു തിന്നു കൊണ്ടിരിക്കുകയായിരുന്ന ഒരു മുയല്‍ സിംഹത്തിന്‍റെ കണ്ണില്‍പ്പെട്ടത്.  സിംഹം വളരെ ശ്രദ്ധയോടെ അതിനെ സമീചിച്ചു. ഒറ്റച്ചാട്ടത്തിന് സിംഹം മുയലിനെ കയ്യിലൊതുക്കി. അതൊരു ചെറിയ മുയലായിരുന്നു. 

"ഈ മുയലിനെ തിന്നാലൊന്നും എന്‍റെ വിശപ്പടങ്ങില്ല. ഏതായാലും ഒന്നുമില്ലാത്തതിനെക്കാള്‍ എന്തു കൊണ്ടും നല്ലതാണല്ലോ ചെറുതെങ്കിലും എന്തെങ്കിലും കഴിക്കുന്നത്" സിംഹം വിചാരിച്ചു.

സിംഹം മുയയലിനെ കൊന്നു തിന്നാന്‍ തയ്യാറായി. അപ്പോഴാണ് ദൂരെ ഒരു മാന്‍ നടന്നു പോകുന്നത് സിംഹം കണ്ടത്. മാനിനെ കണ്ടതും സിംഹത്തിന്‍റെ വായില്‍ വെള്ളമൂറി. 

"അയ്യട! കോളടിച്ചു. ആ മാനിനെ കിട്ടിയാല്‍ എന്‍റെ വിശപ്പ് തീരും" സിംഹം സ്വയം പറഞ്ഞു.

തന്‍റെ കയ്യിലുള്ള മുയലിനെ വിട്ട് സിംഹം മാനിന് നേരെ കുതിച്ചു. സിംഹത്തിന്‍റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട മുയല്‍ നേരെ തന്‍റെ മാ.ളത്തിലേയ്ക്ക് പാഞ്ഞു. 

ഈ സമയം മാനാകട്ടെ സിംഹത്തിന്‍റെ സാമീപ്യം മനസ്സിലാക്കി കുതിച്ചു പായാന്‍ തുടങ്ങിയിരുന്നു. സിംഹമുണ്ടോ വിടുന്നു. അത് സര്‍വ ശക്തിയും സമാഹരിച്ച് മാനിന് പിന്നാലെ പിടിച്ചു. പക്ഷേ വിശപ്പ് കൊണ്ട് തളര്‍ന്ന സിംഹത്തിന് മാനിന്‍റെ ഒപ്പം എത്താന്‍ കഴിഞ്ഞില്ല. അതിവേഗം കുതിച്ച മാന്‍ കാറ്റിനുള്ളിലെങ്ങോ ഓടി മറഞ്ഞു. കുറെ തിരഞ്ഞിട്ടും മാനിനെ കണ്ടെത്താന്‍ സിംഹത്തിന് കഴിഞ്ഞില്ല.

എന്നാലിനി മുയലെങ്കില്‍ മുയല്‍. സിംഹം തിരികെ മുയലിനെ കിട്ടിയ സ്ഥലത്തേക്ക് പോയി. മുയലെപ്പോഴേ രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. അത്യാഗ്രഹം കാരണം കയ്യില്‍ കിട്ടിയ ഇരയെ വിട്ടുകളഞ്ഞ തന്‍റെ മണ്ടത്തരത്തെ പഴിച്ചു കൊണ്ട് ., വിശന്നു തളര്‍ന്ന സിംഹം വീണ്ടും പ്രതീക്ഷയോടെ മുന്‍പോട്ട് നടന്നു.


Image courtesy: http://clipart-library.com/

Post a Comment

0 Comments