പേര് കളഞ്ഞു പോയി! peru kalanju poyi


രാമുവും സീതയും ഭാര്യാഭര്‍ത്താക്കന്‍മായിരുന്നു. മന്ദബുദ്ധികളായിരുന്ന രണ്ടുപേരും ആരെന്ത് പറഞ്ഞാലും  വിശ്വസിക്കും. അത്ര നിഷ്കളങ്കരായിരുന്നു രണ്ടാളും. കഠിനമായി അദ്ധ്വാനിച്ചാണ് രണ്ടാളും ജീവിച്ചിരുന്നത്.

അങ്ങിനെയിരിക്കെ സീത ഗര്‍ഭിണിയായി. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചറിയാന്‍ രണ്ടു പേര്‍ക്കും ആകാംക്ഷയായി. അതിനെന്താണ് ഒരു വഴിയെന്നായി രണ്ടാളുടെയും ചിന്ത.

പെട്ടെന്നാണ് സീതയ്ക്ക് ഒരു ബുദ്ധി തോന്നിയത്. "നമുക്ക് അമ്പലത്തിനടുത്ത് ആല്‍ത്തറയില്‍ ഭജനമിരിക്കുന്ന സന്യാസിയോട് ചോദിച്ചാലോ?" അവള്‍ ചോദിച്ചു.

"അത് കൊള്ളാം. സന്യാസി ഒരു ദിവ്യനാണ്. അദ്ദേഹത്തിനെന്തായാലും എല്ലാം അറിയും." രാമു പറഞ്ഞു.

ഉടന്‍ തന്നെ രാമു സന്യാസിയെക്കാണാന്‍ പുറപ്പെട്ടു. 

സന്യാസിയുടെ അടുത്ത് ചെന്ന് രാമു വിവരം പറഞ്ഞു. അയാള്‍ ഒരു കപട സന്യാസി ആയിരുന്നൂ. രാമുവിന്റെ ചോദ്യം കേട്ട സന്യാസിയ്ക്കു രാമു ഒരു മന്ദബുദ്ധിയാണെന്ന് മനസ്സിലായി. അയാള്‍ പറഞ്ഞു.

"നിങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന കുട്ടി ഒന്നുകില്‍ ഒരു ആണ്‍കുട്ടിയാകും അല്ലെങ്കില്‍ ഒരു പെണ്‍കുട്ടിയാകും"

അത് കേട്ട രാമുവിന് സന്തോഷമായി. രാമു ഉടനെ കുറച്ചു പണമെടുത്ത് സന്യാസിക്ക് ദക്ഷിണയായി നല്കി. എന്നിട്ട് അയാള്‍ വേഗം തന്നെ സീതയുടെ അടുത്തെത്തി വിവരം അറിയിച്ചു. സീത പറഞ്ഞു "കണ്ടോ! ഇതാണ് ഞാന്‍ പറഞ്ഞത്, സന്യാസിക്ക് എല്ലാം അറിയാമെന്ന്"

എന്തായാലും വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ കാലം കടന്നു പോയി. സീത ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. രണ്ടാള്‍ക്കും സന്തോഷമായി. 

"സന്യാസി പറഞ്ഞത് പോലെ ആണ്‍കുട്ടി തന്നെയാണല്ലോ. അത് കൊണ്ട് കുട്ടിക്ക് എന്തു പേരിടണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കാം." സീത പറഞ്ഞു.

രാമുവിനെ കണ്ടതും സന്യാസിക്ക് മനസ്സിലായി. അയാള്‍ ചോദിച്ചു.

"വരണം, വരണം, എന്താണാവോ ഇത്തവണ വിശേഷം? ഭാര്യ പ്രസവിച്ചുവോ?"

"അതേ സ്വാമി. അങ്ങ് പറഞ്ഞത് പോലെ ഒരു ആണ്‍കുട്ടി. ഇനി അവന് പറ്റിയ ഒരു പേര് അങ്ങ് പറഞ്ഞു തരണം." സന്യാസിക്ക് കുറച്ചു പണം ദക്ഷിണയായി കൊടുത്ത്  രാമു പറഞ്ഞു.

സന്യാസിയ്ക്ക് വീണ്ടും ഒരു തമാശ തോന്നി. അയാള്‍ രാമുവിനോട് കൈകള്‍ നീട്ടി, കണ്ണടച്ച് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. രാമുവിന്റെ നീട്ടിയ കൈകളിലേയ്ക്ക് എന്തൊക്കെയോ മന്ത്രം ചൊല്ലുന്നത് പോലെ ഭാവിച്ച് സന്യാസി ഒന്നു നീട്ടി ഊതി. എന്നിട്ട് രാമുവിന്റെ കൈകള്‍ അടച്ചു പിടിച്ച് പറഞ്ഞു.

"കുട്ടിയുടെ പേര് ഞാന്‍ നിന്റെ കയ്യില്‍ പറഞ്ഞിട്ടുണ്ട്. കൈകള്‍ തുറക്കാതെ വീട്ടിലെത്തി കുട്ടിയുടെ ചെവിയില്‍ പകര്‍ന്നു കൊടുത്താല്‍ മതി"

കേട്ടതും രാമു വീട്ടിലേക്ക് ഓട്ടം തുടങ്ങി. രാമു ഓടുന്നത് കണ്ടു പലരും എന്താണ് കാര്യം എന്നു വിളിച്ച് ചോദിച്ചു. എല്ലാവരോടും ഓട്ടം നിര്‍ത്താതെ തന്‍റെ കയ്യില്‍ കുട്ടിക്കുള്ള പേരാണെന്ന് രാമു വിളിച്ച് പറഞ്ഞു. ആളുകള്‍ ചിരിക്കുന്നതൊന്നും രാമു ശ്രദ്ധിച്ചതേയില്ല.

വീടിനടുത്തെത്താറായപ്പോഴാണ് രാമുവിന്റെ എതിരെ ഒരു വയസ്സായ അമ്മൂമ്മ വന്നത്. അമ്മൂമ്മയ്ക്ക് കടന്നു പോകാനായി രാമു ഒരു വശത്തേയ്ക്ക് മാറിയതും നില തെറ്റി വീണതും ഒന്നിച്ചായിരുന്നു.

വീണിടത്ത് നിന്നും ചാടിയെണീറ്റ രാമു പരിഭ്രമത്തോടെ ചുറ്റും തിരയാന്‍ തുടങ്ങി. വീഴ്ചയില്‍ കൈകള്‍ തുറന്നു പേര് വീണു പോയല്ലോ!

രാമുവിന്റെ തിരച്ചില്‍ കണ്ട് അമ്മൂമ്മ കാര്യമന്വേഷിച്ചു. തിരഞ്ഞുകൊണ്ടു തന്നെ രാമു വിവരം പറഞ്ഞു.

"കുട്ടിയുടെ പേര് കയ്യിലുണ്ടായിരുന്നെന്നോ? അത് കളഞ്ഞു പോയെന്നോ?" പരിഹാസത്തോടെ അമ്മൂമ്മ ചോദിച്ചു

"അതേ. അമ്മൂമ്മയ്ക്ക് കിട്ടിയോ?" രാമു ചോദിച്ചു

"ഉവ്വ്. എനിക്ക് കിട്ടി. പമ്പരവിഡ്ഡി!" അമ്മൂമ്മ പറഞ്ഞു

"പമ്പരവിഡ്ഡി! വളരെ നന്ദി അമ്മൂമ്മേ!" ഇതും പറഞ്ഞു രാമു വീണ്ടും ഓട്ടം തുടങ്ങി.

ഒന്നും മനസ്സിലാകാതെ അമ്മൂമ്മ യാത്ര തുടര്‍ന്നു.

ഓടിക്കിതച്ച് വീട്ടിലെത്തിയ രാമു ഒറ്റ ശ്വാസത്തില്‍ സീതയോട് പറഞ്ഞു

"സന്യാസി എന്റെ കയ്യില്‍ പേര് തന്നു വിട്ടതാണ്. ഞാന്‍ വഴിയില്‍ വീണപ്പോള്‍ പേര് കളഞ്ഞു പോയി"

"അയ്യോ, എന്നിട്ടോ?" സീത ചോദിച്ചു

"കുഴപ്പമൊന്നുമില്ല. ഭാഗ്യത്തിന് ഒരമ്മൂമ്മ കണ്ടെത്തി തന്നു" രാമു പറഞ്ഞു

"അതെയോ? ആട്ടെ എന്താണ് പേര്?" ആകാംക്ഷയോടെ സീത ചോദിച്ചു

രാമു ആവേശത്തോടെ പറഞ്ഞു. "പമ്പരവിഡ്ഡി!" 


അവര്‍ ആ പേര് തന്നെ കുട്ടിക്കിട്ടിട്ടുണ്ടാകും, അല്ലേ കൂട്ടുകാരെ? നിങ്ങള്‍ക്കെന്തു തോന്നുന്നു?



Post a Comment

1 Comments