നുണക്കഥമത്സരം


നിങ്ങള്‍ക്ക് നുണ കേള്‍ക്കാന്‍ ഇഷ്ടമാണോ? നുണ പറയാനോ? ഒരിക്കലെങ്കിലും ഒരു ചെറിയ നുണയെങ്കിലും പറയാത്ത ആരെങ്കിലുമുണ്ടാകുമോ? നന്നായി, ഒന്നല്ല ഒരായിരം നുണകള്‍ പറയുന്നവരാണ് നമ്മിലധികം പേരും.

ഇതൊരു രാജാവിന്റെ കഥയാണ്, നുണക്കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള ഒരു രാജാവിന്‍റെ കഥ. രാജാവ് ഒരിക്കല്‍ ഏറ്റവും നല്ല നുണ പറയുന്നയാള്‍ക്ക് ഒരു സമ്മാനം പ്രഖ്യാപിച്ചു - ഒരു പൊന്നിന്‍ തളിക നിറയെ രത്നങ്ങള്‍. 

സമ്മാനം കിട്ടുമെന്നറിഞ്ഞു കുറെയധികം പേര്‍ അടുത്ത ദിവസം തന്നെ കഥ പറയാനെത്തി. അപ്പോഴാണറിയുന്നത്, കഥ നുണയാണെന്ന് രാജാവ് സമ്മതിച്ചില്ലെങ്കില്‍ പറയുന്നയാളുടെ തല രാജാവെടുക്കും. എന്നിട്ടും പലരും തയ്യാറായി. ചിലരൊക്കെ പറഞ്ഞ പെരുംനുണകള്‍ കേട്ടപ്പോള്‍ രാജസദസ്സിലുള്ളവര്‍ ഉറപ്പിച്ചു, സമ്മാനം അവര്‍ക്ക് തന്നെയെന്ന്. പക്ഷേ, കഥ മുഴുവന്‍ കേട്ടാല്‍ രാജാവ് പറയും, അതൊക്കെ സത്യമാണെന്ന്. പാവം രത്നം മോഹിച്ചു കഥ പറയാന്‍ ചെന്നവന്റെ തല തളികയില്‍ ഇരിക്കും. 

അങ്ങിനെ കുറേയേറെപ്പേര്‍ക്കു കഥ പറഞ്ഞ് ജീവന്‍ നഷ്ടപ്പെട്ടു. പിന്നെ പിന്നെ ആരും കഥ പറയാന്‍ വരാതായി. അങ്ങിനെയിരിക്കെ ഒരു പാവം കര്‍ഷകന്‍ ഈ സമ്മാനത്തെക്കുറിച്ച് കേട്ടു. ജീവിക്കാന്‍ ഒരു നിവൃത്തിയില്ലാതെ കഷ്ട്പ്പെട്ടിരുന്ന ആ പാവം ഒന്നു ശ്രമിച്ചു നോക്കാന്‍ തന്നെ തീരുമാനിച്ചു. ഇത് കേട്ട സുഹൃത്തുക്കള്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്താന്‍ നോക്കി.

"വെറുതെ വേണ്ടാത്ത പനിക്ക് പോകേണ്ട. തളികയിലെ രത്നം മോഹിച്ചു ചെന്നാല്‍ ഒടുക്കം നിന്റെ തല തളികയിലാകും" അവര്‍ പറഞ്ഞു.

"എനിക്കു നല്ല നുണക്കഥ അറിയാം. ഞാന്‍ അത് പറഞ്ഞു സമ്മാനം നേടും" കര്‍ഷകന്‍ മറുപടി കൊടുത്തു.

"നീ എത്ര വലിയ നുണ പറഞ്ഞാലും അത് ശരിയാണെന്ന് രാജാവ് സമ്മ്തിക്കും. പിന്നെ നീ എന്തു ചെയ്യാന്‍? ഇതിലും വലിയ വീരന്മാര്‍ കുറെ ശ്രമിച്ചതാണ്". എല്ലാവരും അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

പക്ഷേ, കര്‍ഷകന്‍ ആരുടെ വാക്കും കേള്‍ക്കാന്‍ തയ്യാറായില്ല. അയാള്‍ രാജകൊട്ടാരത്തിലെത്തി. മരിക്കാന്‍ തയ്യാറായി വന്ന ആ പുതിയ കഥാകാരനെ രാജസദസ്സിലുള്ളവര്‍ അത്ഭുതത്തോടെ നോക്കി.

"മഹാരാജാവേ..ഞാന്‍ അങ്ങേക്ക് കഥ പറഞ്ഞു തരാന്‍ വന്നതാണ്. ഇതും വെറും നുണക്കഥയാള. സത്യമായിട്ടും എന്റെ അനുഭവമാണ്."

രാജാവ് കൌതുകത്തോടെ കര്‍ഷകനെ നോക്കി. എന്നിട്ട് പറഞ്ഞു: "ശരി. കഥ പറയാനുള്ള നിയമങ്ങളൊക്കെ ശരിക്കറിയാമല്ലോ. നീ പറയുന്ന കഥ നുണയല്ലെന്ന് എനിക്കു തോന്നിയാല്‍..."

"അറിയാം, പൊന്നുതമ്പുരാനെ..." കര്‍ഷകന്‍ തൊഴുതു കൊണ്ട് പറഞ്ഞു.

"എന്നാല്‍ തുടങ്ങട്ടെ!"

"മഹാരാജന്‍, അടിയന്‍ ഒരു കര്‍ഷകനാണ്. ഒരു ദിവസം അടിയന്റെ നില ഉഴുതു മറിക്കാനായി എന്‍റെ ആനയുമായി ഞാന്‍ വയലിലെത്തി. എന്നിട്ട് ഞാന്‍ ആ നിലം മുഴുവന്‍ ആനയെകൊണ്ട് തയ്യാറാക്കാന്‍ തുടങ്ങി." കര്‍ഷകന്‍ കഥ തുടങ്ങി.

"എന്തു വലിയ നുണയാണിയാള്‍ പറയുന്നത്? ആനയെക്കൊണ്ടാണോ നിലം ഉഴുന്നത്?: സദസ്യര്‍ അത്ഭുതപ്പെട്ടു.

"അതിനെന്താ. കാളയ്ക്ക് ചെയ്യാമെങ്കില്‍ ആനയ്ക്ക് ചെയ്തു കൂടെ? താന്‍ കഥ പറയൂ." രാജാവ് പറഞ്ഞു.

കര്‍ഷകന്‍ കഥ തുടര്‍ന്നു: "ഉച്ചയായപ്പോള്‍ ഒന്നു വിശ്രമിക്കാമെന്ന് കരുതി ഞാന്‍ ആനയെ മേയാന്‍ വിട്ടു. ആനയെ നുകത്തില്‍ നിന്നും സ്വതന്ത്രനാക്കിയപ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിയ ആ സംഭവം നടന്നത്. ആന നാലു ഭാഗങ്ങളായി വേര്‍പ്പെട്ട് നാല് ദിക്കിലേക്കായി  ഓടി."

"അയ്യയ്യോ! എന്താണിയാള്‍ പറയുന്നത്? ആന തനിയെ നാലുകഷണമാകുകയോ? എന്നിട്ടത് ഓടുകയോ? ഒരിക്കലുമില്ല" സദസ്യര്‍ ഒറ്റക്കെട്ടായി പറഞ്ഞു.

"മിണ്ടാതിരി. കര്‍ഷകന്‍ ബുദ്ധിയുള്ളവനും സത്യസന്ധനുമാണ്. അയാള്‍ പറയുന്നത് സത്യമായിരിക്കും." രാജാവ് പറഞ്ഞു.

"ആദ്യം എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച ഞാന്‍ പിന്നെ ആനയുടെ പിന്നാലേ ഓ‌ടി ഒരു വിധത്തില്‍ നാലു ഭാഗങ്ങളും പിടിച്ച് കൊണ്ട് വന്നു. എന്നിട്ട് ഇനിയും ഓടിപ്പോകാതിരിക്കാന്‍ ഒരു തുമ്പച്ചെടിയില്‍ മുറുക്കി കെട്ടിയിട്ടു." കര്‍ഷകന്‍ കഥ തുടര്‍ന്നു.

"തുമ്പച്ചെടിയില്‍ ആനയെ കെട്ടിയിട്ടെന്നോ. മുട്ടന്‍ നുണ!"

"കല്ലുവെച്ച നുണ!"

"ആരും ശബ്ദിക്കരുത്! നുണയാണോ സത്യമാണോയെന്ന് ഞാന്‍ തീരുമാനിക്കും" രാജാവ് ദേഷ്യപ്പെട്ടു.

"ആനയെ കെട്ടിയിട്ട ഞാന്‍ നന്യൊന്നുറങ്ങി. ഉറക്കം കഴിഞ്ഞെണീറ്റപ്പോഴാണ് മറ്റൊരാത്ഭുതം. ആ തുമ്പച്ചെടി വളര്‍ന്ന് ആകാശം മുട്ടെ വലുതായിരിക്കുന്നു. അതിന്റെ അറ്റം കാണാനെ പറ്റുന്നില്ല. എന്നാല്‍ പിന്നെ ഇതിന്റെ അറ്റം കണ്ടിട്ടേയുള്ളൂ ബാക്കി. ഞാന്‍ ഉറപ്പിച്ചു. പതിയെ ഞാന്‍ ആ മരത്തിന്‍റെ മുകളിലേക്ക് കയറാന്‍ തുടങ്ങി. ഒരു വിധം മുകളിലെത്തിയപ്പോഴുണ്ട് അവിടെ ഒരു സ്വര്‍ണ്ണവാതില്‍. ഞാന്‍ ആ വാതില്‍ തുറന്നു അകത്തു കടന്നു. അപ്പോഴാണ് മനസ്സിലായത്, ഞാന്‍ എത്തിച്ചേര്‍ന്നത് സ്വര്‍ഗത്തിലാണെന്ന്!"

"സ്വര്‍ഗത്തിലാണെങ്കില്‍ അവിടെ ദൈവത്തെ കണ്ടുകാണുമല്ലോ?" ആരോ ഒരാള്‍ സംശയമുന്നയിച്ചു.

"പിന്നില്ലാതെ. ദൈവം അവിടെ മറ്റുള്ളവരോടൊപ്പം ചീട്ട് കളിക്കുകയായിരുന്നു." കര്‍ഷകന്‍ യാതൊരു കൂസലുമില്ലാതെ പറഞ്ഞു.

"ഇയാള്‍ പറയുന്നത് പച്ചക്കള്ളമാണ്. ദൈവം ചീട്ട് കളിക്കുന്നത്രേ! ഇതിന് താന്‍ അനുഭവിക്കും" സദസ്യരില്‍ ഒരാള്‍ക്ക് അത് തീരെ സഹിച്ചില്ല.

"അടങ്ങിയിരുന്നില്ലെങ്കില്‍ അനുഭവിക്കാന്‍ പോകുന്നത് നീ ആയിരിക്കും. ദൈവം ഇഷ്ടമുള്ളത് ചെയ്യും." രാജാവ് ഒരിയ്ക്കലും കര്‍ഷകന്‍ നുണ പറയുകയാണെന്ന് സമ്മതിക്കാന്‍ തയ്യാറല്ലായിരുന്നു.

"ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ സ്വര്‍ഗം ഒന്നു ചുറ്റി നടന്നു കണ്ടു. അപ്പോഴാണ് ആനക്കൊന്നും തിന്നാന്‍ കൊടുത്തിട്ടില്ലെന്ന് ഓര്‍മ്മ വന്നത്. വേഗം താഴെ ഇറങ്ങി ആനയ്ക്ക് പിണ്ണാക്ക് കൊടുക്കാന്‍ ഞാന്‍ ഓടി വാതിലിനടുത്തെത്തി. അപ്പോഴതാ തുമ്പ മരം ഉണങ്ങിക്കരിഞ്ഞു പോയിരിക്കുന്നു. ഇനി എങ്ങനെ താഴെ ഇറങ്ങും?"

"ഉടനെ ഞാന്‍ എന്‍റെ മുണ്ടൂരി വാതിലില്‍ കെട്ടി പതിയെ അതില്‍ പിടിച്ച് താഴെക്കിറങ്ങാന്‍ തുടങ്ങി"

"തന്റെ മുണ്ട് അത്ര വലുതായിരുന്നോ?" ഒരാള്‍ ചോദിച്ചു

"അല്ല, പക്ഷേ ഞാന്‍ ഒരു ബുദ്ധി പ്രയോഗിച്ചു. കുറച്ചു താഴെ ഇറങ്ങിയ ശേഷം ഞാന്‍ മുകളില്‍ നിന്നും മുണ്ടഴിച്ചെടുത്ത് താഴെ കൂട്ടികെട്ടി വീണ്ടും താഴോട്ടിറങ്ങി"

"ഇതെന്ത് നുണ. അത് എങ്ങിനെ സാധിക്കാനാണ്?" സദസ്യര്‍ക്ക് അത് തീരെ പിടിച്ചില്ല

"അതൊക്കെ സാധിയ്ക്കും. നമ്മുടെ കര്‍ഷകന്‍ സാധാരണക്കാരനല്ല. അയാള്‍ അതിബുദ്ധിമാനാണ്. പിന്നെ എന്തു സംഭവിച്ചു. കഥ തുടരൂ." രാജാവ് പറഞ്ഞു.

കര്‍ഷകന്‍ രാജാവിനെ നോക്കി. എന്തു തന്നെ പറഞ്ഞാലും രാജാവ് അതെല്ലാം സത്യമെന്നേ പറയൂ എന്നു കര്‍ഷകന്‍ മനസ്സിലാക്കി. അയാള്‍ തന്റെ തന്ത്രം മാറ്റാന്‍ തീരുമാനിച്ചു.

"അങ്ങിനെ ഞാന്‍ ഒരു വിധം താഴെയെത്താറായി. പെട്ടെന്നാണ് ഒരു ചിത്രശലഭം വന്നു എന്‍റെ മുണ്ട് കൊത്തി മുറിച്ചത്. അതോടെ പിടി വിട്ടു ഞാന്‍ താഴേയ്ക്ക് വീണു. ഭാഗ്യത്തിന് ഒരു ചളിക്കുണ്ടിലാണ് ഞാന്‍ വീണത്. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഞാന്‍ ചളിയില്‍ മുങ്ങിപ്പോകും എന്നെനിക്കുറപ്പായി. ഞാന്‍ പെട്ടെന്നു ഓടിപ്പോയി ഒരു കോടാലി എടുത്ത്കൊണ്ട് വന്ന് ചളിയെല്ലാം കോരി വയലിലേക്കിട്ടു"

"ഇയാളെന്തെല്ലാമാണ് ഈ പറയുന്നത്? ഇതൊക്കെ വിശ്വസിക്കാന്‍ പറ്റുമോ?" സദസ്യര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

"ഇനി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവന്റെ തല ഞാന്‍ വെട്ടും" രാജാവ് പ്രഖ്യാപിച്ചു. അതോടെ എല്ലാവരും നിശബ്ദരായി.

രാജാവ് കര്‍ഷകനോട് കഥ തുടരാന്‍ കല്‍പ്പിച്ചു.

"അങ്ങിനെ ഒരു വിധത്തില്‍ ചളിയില്‍ നിന്നും രക്ഷപ്പെട്ട ഞാന്‍ അടുത്തുള്ള പുഴയിലേക്ക് കുളിക്കാന്‍ വേണ്ടി നീങ്ങി. അപ്പോഴാണ് അവിടെ കറുത്ത് കുള്ളനായ ഒരു വയസ്സന്‍ ആട്ടിടയന്‍ നില്‍ക്കുന്നത് കണ്ടത്."

"ആരാണ് നീ? ഞാന്‍ അവനോടു ചോദിച്ചു?"

"എന്നെ നിനക്കറിയില്ലേ? എന്തു ധൈര്യത്തിലാണ് നീ എന്നോട് ആരാണെന്ന്‍ ചോദിച്ചത്? ഞാന്‍ ഈ രാജ്യത്തെ രാജാവിന്റെ അച്ഛനാണ്. ഞാനിവിടെ ആടിനെ തീറ്റാന്‍ വന്നതാണ്."

"നീ ഒരു പെരും നുണയനാണ്. നമ്മുടെ അച്ഛന്‍ ആടിനെ തീറ്റാന്‍ പോയെന്നോ? എവിടുന്നു കിട്ടീ നീനക്കിത്ര ധൈര്യം?" അട്ടഹാസത്തോടെ രാജാവ് സിംഹാസനത്തില്‍ നിന്നും ചാടിയെഴുന്നേറ്റു.

"ആരവിടെ? ഇവനെ പിടിച്ച് കെട്ടൂ. ഇനി ഇത് പോലൊരു നുണ പറയാന്‍ ഇവാന്‍ ധൈര്യപ്പെടരുത്!" കോപം കൊണ്ട് വിറച്ച് രാജാവ് കല്‍പ്പിച്ചു.

"തമ്പുരാനെ, അടിയന്‍ പറഞ്ഞത് നുണയാണെങ്കില്‍ ഈ തളികയും രത്നങ്ങളും അടിയനെടുത്തോട്ടേ?" വളരെ വിനയത്തോടെ കര്‍ഷകന്‍ ചോദിച്ചു.

അപ്പോഴാണ് രാജാവിന് ബോധം വന്നത്. പെട്ടെന്നുള്ള ദേഷ്യത്തില്‍ താന്‍ കര്‍ഷകന്‍ നുണയാണ് പറഞ്ഞതെന്ന് സമ്മതിച്ചു കൊടുത്തല്ലോ?

രാജാവ് താന്‍ പറഞ്ഞ വാക്ക് പാലിച്ചു. കര്‍ഷകനെ അഭിനന്ദിച്ച് സമ്മാനവും കൊടുത്തയച്ചു.

താന്‍ തുടങ്ങി വച്ച മത്സരത്തിന്റെ അപകടം മനസ്സിലാക്കിയ രാജാവ് അതോട് കൂടി നുണക്കഥ മത്സരം അവസാനിപ്പിച്ചു.

Post a Comment

0 Comments