ബുദ്ധിമാനായ ശിഷ്യന്‍ - Shishyante Budhi


ഒരിക്കൽ ഒരിടത്ത് ഒരു ബുദ്ധിമാനായ സന്യാസി താമസിച്ചിരുന്നു. അദ്ദേഹത്തിന് മൂന്ന് ശിഷ്യന്‍മാരാണ് ഉണ്ടായിരുന്നത്.  തനിക്ക് ശേഷം തന്‍റെ പിന്‍ഗാമി ആരായിരിക്കണമെന്ന് നിശ്ചയിക്കുന്നതിന് വേണ്ടി ഗുരു തന്‍റെ മൂന്ന് ശിഷ്യന്മാരെയും പരീക്ഷിക്കാൻ തീരുമാനിച്ചു.

അദ്ദേഹം അവരെ അടുത്ത് വിളിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു.

"ഞാനൊരു തീർഥയാത്രയ്ക്ക് പോവുകയാണ് ആണ്. കുറച്ചുകാലം ഞാനിവിടെ ഉണ്ടായിരിക്കുന്നതല്ല.  തീർത്ഥയാത്ര കഴിഞ്ഞ് ഞാന്‍ തിരികെ വരുന്നതുവരെ ആശ്രമത്തിന്‍റെ ചുമതല നിങ്ങൾക്ക് മൂന്നുപേർക്കും ആണ്"

അതിനുശേഷം അദ്ദേഹം തന്‍റെ ശിഷ്യന്മാർക്ക് ഓരോ സഞ്ചി വീതം നൽകി.  എന്നിട്ട് പറഞ്ഞു.

"ഈ ഓരോ സഞ്ചിയിലും വളരെ പ്രധാനപ്പെട്ട ചില ചെടികളുടെ വിത്തുകളാണ് ഉള്ളത്. നിങ്ങളോരോരുത്തരും  ഓരോ സഞ്ചി വീതം നിങ്ങളുടെ കയ്യിൽ സൂക്ഷിക്കുക. ഞാൻ തിരികെ വന്നതിനുശേഷം ഈ വിത്തുകൾ പരിശോധിക്കുന്നതാണ്".

മൂന്ന് ശിഷ്യന്മാരും ഗുരു പറഞ്ഞതനുസരിച്ച് ഓരോ സഞ്ചി വീതമെടുത്തു.
ഗുരു തങ്ങളെ പരീക്ഷിക്കാൻ വേണ്ടിയാണ് ആണ് ഇത് ചെയ്യുന്നതെന്ന് മൂന്ന് ശിഷ്യന്മാർക്കും ബോധ്യമുണ്ടായിരുന്നു അതുകൊണ്ടുതന്നെ മൂന്നുപേരും ഗുരു പറഞ്ഞത് പോലെ സഞ്ചി വളരെയധികം ശ്രദ്ധയോടെ സൂക്ഷിച്ചു വെക്കുവാൻ തീരുമാനിച്ചു.

കുറച്ചു മാസങ്ങൾക്ക് ശേഷം തീർത്ഥയാത്ര കഴിഞ്ഞ് ഗുരു തിരിച്ച് ആശ്രമത്തിലെത്തി.  വന്ന ഉടൻ തന്നെ അദ്ദേഹം ആദ്യത്തെ ശിഷ്യനെ വിളിച്ച് താൻ ഏൽപ്പിച്ച വിത്തുകള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

ഒന്നാമത്തെ ശിഷ്യൻ തനിക്ക് കിട്ടിയ സഞ്ചി വളരെ ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നു. അയാൾ അതെടുത്ത് കൊണ്ടുവന്നു ഗുരുവിന്‍റെ മുന്പില്‍ സമര്‍പ്പിച്ചു. ഗുരു സഞ്ചി തുറന്നപ്പോൾ അതിനുള്ളിലുണ്ടായിരുന്ന എല്ലാ വിത്തുകളും കാലപ്പഴക്കം മൂലം കേടുവന്നു പോയിട്ടുണ്ടായിരുന്നു.

അതിനു ശേഷം അദ്ദേഹം  രണ്ടാമത്തെ ശിഷ്യനെ വിളിച്ച് അയാൾക്ക് കൊടുത്തിരുന്ന വിത്തുകളുടെ സഞ്ചി കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

രണ്ടാമത്തെ ശിഷ്യൻ കുറച്ചുകൂടി ബുദ്ധിമാൻ ആയിരുന്നു. ഗുരു തന്നെ ഏല്‍പ്പിച്ച വിത്തുകൾ അധിക കാലം സൂക്ഷിച്ച് വെക്കാന്‍ കഴിയില്ല എന്നയാള്‍ക്ക് അറിയാമായിരുന്നു. അത് കൊണ്ട്  അയാൾ തനിക്ക്  കിട്ടിയ വിത്തുകൾ ഉടൻ തന്നെ ചന്തയിൽ കൊണ്ടുപോയി വിറ്റ് കാശാക്കിയിരുന്നു. ഗുരു തിരിച്ചു വന്ന ഉടനെ ചന്തയിൽ പോയി കുറച്ചു പുതിയ വിത്തുകൾ വാങ്ങി ഒരു സഞ്ചിയിൽ ഇട്ടാണ് അയാള്‍ ഗുരുവിന്‍റെ മുന്പില്‍ സമർപ്പിച്ചത്.

തന്‍റെ ശിഷ്യന്‍റെ സാമര്‍ത്ഥ്യം ഗുരു ശ്രദ്ധിക്കാതിരുന്നില്ല. ആ സഞ്ചി വാങ്ങി വെച്ച ശേഷം ഗുരു മൂന്നാമത്തെ ശിഷ്യനെ വിളിച്ചു. എന്നിട്ട് ചോദിച്ചു.

"നിനക്കും ഞാൻ ഒരു സഞ്ചി വിത്തുകൾ തന്നിരുന്നില്ലേ? അവയെല്ലാം എവിടെ?"

ശിഷ്യൻ ഗുരുവിനെയും കൂട്ടി ആശ്രമത്തിന്‍റെ പുറകിലേക്ക് പോയി. തനിക്ക് കിട്ടിയ വിത്തുകൾ ഉപയോഗിച്ച് അയാൾ അവിടെ ഒരു ചെറിയ പൂന്തോട്ടം തന്നെ നിർമിച്ചിട്ടുണ്ടായിരുന്നു അവയെല്ലാം പൂവിട്ട് വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ വിടർന്നു നിൽക്കുന്നുണ്ടായിരുന്നു. ആ പൂന്തോട്ടം കാണിച്ച് കൊണ്ട് മൂന്നാമത്തെ ശിഷ്യന്‍ പറഞ്ഞു.

"ഇതാ ഗുരോ, അങ്ങെനിക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വിത്തുകള്‍!"
 
താൻ നൽകിയ വിത്തുകൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്ത മൂന്നാമത്തെ ശിഷ്യനാണ് തനിക്ക് യോജിച്ച പിൻഗാമി എന്ന് തീരുമാനിക്കാന്‍ ഗുരുവിന് വേറെ ഒന്നും ആവശ്യമുണ്ടായിരുന്നില്ല.

Post a Comment

0 Comments