ബുദ്ധിമതിയായ മൌറീന്‍ - The Witty Maureen

Translation of the story Gooborn Seer

ഒരിക്കൽ ഗോബ്ബോൺ സീർ എന്നൊരു മനുഷ്യൻ ഉണ്ടായിരുന്നു, അദ്ദേഹത്തിന് ജാക്ക് എന്ന ഒരു പുത്രനാണ് ഉണ്ടായിരുന്നത്.

മകന്‍ വലുതായപ്പോള്‍, ഒരു ദിവസം അയാൾ അവനെ ഒരു ആട്ടിൻ തോൽ വിൽക്കാൻ പറഞ്ഞയച്ചു, ഗോബ്ബോൺ പറഞ്ഞു, "നീ എനിക്ക് തോലും അതിന്റെ വിലയും തിരികെ കൊണ്ടുവരണം."

ജാക്ക് അത് കേട്ടതോടെ ആകെ നിരാശനായി. അതെങ്ങനെ സാധിക്കുമെന്ന് അവന് ഒരു പിടിയും കിട്ടിയില്ല. എന്തായാലും അവന്‍ അതുമായി ചന്തയിലേയ്ക്ക് പോയി.  പക്ഷേ എത്ര ശ്രമിച്ചിട്ടും തോൽ അവന്‍റെ കായില്‍ തന്നെ കൊടുത്ത് അതിന്റെ വിലയും അവന് കൊടുക്കാൻ കഴിയുന്ന ആരെയും അവന് കണ്ടെത്താനായില്ല. അങ്ങനെ ജാക്ക് നിരാശനായി വീട്ടിലേക്ക് മടങ്ങി.

തിരികെ വീട്ടിലെത്തിയ ജാക്കിനോട് ഗോബ്ബോൺ സീർ പറഞ്ഞു, "സാരമില്ല, നാളെ നീ ഒന്നു കൂടി ശ്രമിച്ച് നോക്കൂ."

അങ്ങനെ അടുത്ത ദിവസം ജാക്ക് വീണ്ടും ശ്രമിച്ചു. എന്നാല്‍ ആ ജാക്ക് മുന്നോട്ട് വെച്ച നിബന്ധനയില്‍ ആരും തോൽ വാങ്ങാൻ ആഗ്രഹിച്ചില്ല. തോല്‍ തങ്ങള്‍ക്ക് കിട്ടാതെ പണം കൊടുക്കാന്‍ ആര് തയ്യാറാകും?

ജാക്ക് തിരികെ വീട്ടിൽ വന്നപ്പോൾ അച്ഛൻ പറഞ്ഞു, "നാളെ പോയി നീ ഒജ്ജ് കൂടി ഭാഗ്യം പരീക്ഷിക്കണം".

മൂന്നാം ദിവസം വീണ്ടും അതേ അനുഭവം തന്നെയായിരിക്കും എന്ന് ജാക്ക് ഉറപ്പിച്ച്. വീണ്ടും ഇങ്ങിനെ ഒരു പണിയുമായി ചന്തയില്‍ പോകരുതെന്ന് ജാക്കിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍  അച്ഛൻ പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ അച്ഛന്‍ വളരെ വിഷമിക്കും. അത് കൊണ്ട് അവന്‍ ചന്തയിലേയ്ക്ക് പുറപ്പെട്ടു.

വഴി മദ്ധ്യേ, ഒരു പാലത്തിനരികിലെത്തിയപ്പോൾ, തന്‍റെ ബുദ്ധിമുട്ടിനെക്കുറിച്ചും, തിരികെ വീട്ടിലെത്തി അച്ഛനോട് ഇന്നും പരാജയമാണ് സംഭവിച്ചത് എന്നു പറയേണ്ടി വരുമല്ലോ എന്നോര്‍ത്ത ജാക്ക്  ഒളിച്ചോടിപ്പോകുന്നതായിരിക്കും നല്ലത് എന്നു വരെ കരുതി. എന്നാല്‍ അതും  മണ്ടത്തരമായിരിക്കാമെന്നു തോന്നി അവന്‍ അവിടെ ചാരി നിന്നു. എന്തുചെയ്യണമെന്ന് അവന് മനസ്സിലായില്ല; താഴെയുള്ള കരയിൽ ഒരു പെൺകുട്ടി വസ്ത്രങ്ങൾ കഴുകുന്നത് കണ്ടപ്പോൾ അവന്‍ അവളെയും നോക്കി നിന്നു. പെട്ടെന്ന് അവൾ മുകളിലേക്ക് നോക്കി പറഞ്ഞു:

"ഞാന്‍ ചോദിക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ , നിങ്ങൾക്ക് എന്താണ് ഇത്ര വിഷമം എന്നു പറയാമോ?"

"എന്റെ അച്ഛൻ എനിക്ക് ഈ തോൽ വില്‍ക്കാനായി തന്നു. എന്നിട്ട് അത് വിട്ടു തോലും പിന്നെ അതിന്റെ വിലയും തിരികെ കൊടുക്കണമെന്ന് എന്നോടു ആവശ്യപ്പെട്ടിരിക്കുന്നു." ജാക്ക് പറഞ്ഞു.

"അത്രയേയുള്ളൂ? അത് വളരെ എളുപ്പമുള്ള കാര്യമാണ്. ആ തോൽ എനിക്കു തരൂ." പെൺകുട്ടി പറഞ്ഞു.

അങ്ങനെ പെൺകുട്ടി ജാക്കിന്റെ കയ്യില്‍ നിന്നും തോല്‍ വാങ്ങി അരുവിയിൽ തോൽ കഴുകി, അതിൽ നിന്ന് കമ്പിളി എടുത്ത്, അതിന്റെ വില അദ്ദേഹത്തിന് നൽകി, തിരികെ കൊണ്ടുപോകാൻ തോൽ ജാക്കിന് തന്നെ നൽകി.

തിരികെയെത്തിയ ജാക്ക് അച്ഛനെ തോലും പണവും ഏല്‍പ്പിച്ചു. എങ്ങിനെയാണ് ഇത് സാധിച്ചതെന്ന് അച്ഛന്‍ അവനോടു ചോദിച്ചു. ജാക്ക് നടന്നതെല്ലാം തുറന്നു പറഞ്ഞു.   അച്ഛൻ അത് കേട്ടു വളരെ സന്തോഷിച്ചു, എന്നിട്ട് ജാക്കിനോട് പറഞ്ഞു, "അവള്‍ ഒരു ബുദ്ധിമാനായ സ്ത്രീയായിരുന്നു; അവൾ നിനക്കു ചേര്‍ന്ന ഒരു നല്ല ഭാര്യയായിരിക്കും. അവളെ വീണ്ടും കണ്ടുമുട്ടാനാകുമെന്ന് നീ കരുതുന്നുണ്ടോ?"

ജാക്ക് അത് സാധ്യമാണെന്ന് തന്നെ കരുതി. അച്ഛൻ അവനോട് പാലത്തിനരികിലേക്ക് പോയി അവൾ അവിടെയുണ്ടോ എന്ന് നോക്കാൻ പറഞ്ഞു, ഉണ്ടെങ്കിൽ അവളെ ചായ കുടിക്കാൻ വീട്ടിലേക്ക് ക്ഷണിക്കാനും ആവശ്യപ്പെട്ടു.

ജാക്ക് ഉടന്‍ തന്നെ ആ പാലത്തിനരികിലേയ്ക്ക് പോയി. പ്രതീക്ഷിച്ചത് പോലെ ആ പെൺകുട്ടി അവിടെ തന്നെ ഉണ്ടായിരുന്നു.  തന്റെ വൃദ്ധനായ അച്ഛന് അവളെ കാണാൻ ആഗ്രഹമുണ്ടെന്നും, അവരോടൊപ്പം ചായ കുടിക്കാൻ അവൾ വരുമോ എന്നും അവളോട് ജാക്ക് ചോദിച്ചു.

പെൺകുട്ടി അവനോട് നന്ദി പറഞ്ഞു, അടുത്ത ദിവസം വരാമെന്ന് ഏല്‍ക്കുകയും ചെയ്തു; അവൾ ഇപ്പോൾ വളരെ തിരക്കിലായിരുന്നു.

"അത് നന്നായി," ജാക്ക് ചിന്തിച്ചു, "എനിക്ക് ഒരുക്കങ്ങള്‍ നടത്താന്‍ സമയമുണ്ടാകും."

അങ്ങനെ അവൾ വന്നപ്പോൾ ഗോബ്ബോൺ സീയർ അവൾ ഒരു ബുദ്ധിമതിയായ സ്ത്രീയാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു, അദ്ദേഹം അവളോട് തന്റെ ജാക്കിനെ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചു. മൌറീന്‍, അതായിരുന്നു അവളുടെ പേര്, തന്‍റെ സമ്മതമറിയിച്ചു. അധികം താമസിയാതെ അവർ വിവാഹിതരായി.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജാക്കിന്റെ അച്ഛൻ അവനോട് പറഞ്ഞു.

"രാജാവിനായി പുതിയ ഒരു കൊട്ടാരം പണിയാന്‍ എനിക്ക് ഉത്തരവ് കിട്ടിയിട്ടുണ്ട്. ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കൊട്ടാരം പണിയണമെന്നാണ് രാജാവിന്‍റെ ഉത്തരവ്. മറ്റാര്‍ക്കും ഇല്ലാത്തത്ര മനോഹര്‍മായ കൊട്ടാരമാകണം അത് എന്നാണ് രാജാവിന്‍റെ ആഗ്രഹം. അത് പൂര്‍ത്തിയാക്കാന്‍ എനിക്ക് നിന്റെ സഹായം ആവശ്യമുണ്ട്".

ജാക്ക് അതിനു സമ്മതിച്ചു. അങ്ങിനെ അവര്‍ രാജകൊട്ടാരത്തിലേയ്ക്ക് യാത്രയായി.

യാത്രാമദ്ധ്യേ , ഗോബ്ബോൺ സീർ ജാക്കിനോട് ചോദിച്ചു, "ഇത് ഒരു പാട് ദൂരമുണ്ട്. നിനക്കീ ദൂരം എനിക്ക് വേണ്ടി ചുരുക്കാന്‍ കഴിയില്ലേ?"

ജാക്ക് മുന്നോട്ട് നോക്കി, ഇനിയും ഒരു പാട് ദൂരം യാത്ര ചെയ്യാനുണ്ട്. പക്ഷേ ദൂരം എങ്ങിനെ കുറക്കാനാണ്? അവൻ പറഞ്ഞു, "അച്ഛാ, എനിക്ക് എങ്ങനെ നമ്മുടെ യാത്രാ ദൂരം കുറക്കാന്‍ കഴിയുമെന്ന് മനസ്സിലാകുന്നില്ല."

"അപ്പോൾ നീ എനിക്ക് പറ്റിയവനല്ല, നീ വീട്ടിൽ തന്നെ നിൽക്കുന്നതാണ് നല്ലത്."  ഗോബ്ബോൺ സീർ പറഞ്ഞു.

അങ്ങനെ പാവം ജാക്ക് തിരികെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. അവൻ തനിയെ വീട്ടിലെത്തിയത് കണ്ടപ്പോള്‍ മൌറീന്‍ ചോദിച്ചു, "എന്തുപറ്റി, നിങ്ങള്‍ ഒറ്റയ്ക്ക് എങ്ങനെ വന്നു?" 

അച്ഛൻ തന്നോട് ആവശ്യപ്പെട്ടത് എന്താണെന്ന് അവൻ അവളോട് പറഞ്ഞു.

"എന്നിട്ട്? താങ്കള്‍ എന്തു മറുപടിയാണ് നല്കിയത്?" അവള്‍ ചോദിച്ചു.

"ഞാനെന്ത് ചെയ്യാനാണ്? എങ്ങിനെ വഴി ചുരുക്കാനാണെന്ന് ഞാന്‍ ചോദിച്ചു. അച്ഛന്‍ എന്നോടു തിരികെ വീട്ടിലേയ്ക്ക് പോകാനാവശ്യപ്പെട്ടു. എന്നെകൊണ്ട് ഉപകാരമൊന്നുമില്ലത്രേ!" ജാക്ക് പറഞ്ഞു.

"നിങ്ങള്‍ എന്തൊരു വിഡ്ഢിയാണ്?" അവന്റെ ബുദ്ധിമതിയായ ഭാര്യ,  മൌറീന്‍ പറഞ്ഞു, "നീ ഒരു കഥ പറഞ്ഞിരുന്നെങ്കിൽ ആ വഴി ചുരുക്കുമായിരുന്നു! ഇനിയിപ്പോള്‍ ഞാൻ ഒരു കഥ പറയുന്നത്  ശ്രദ്ധിക്കൂ, എന്നിട്ട് ഗോബ്ബോൺ സീറിനെ കണ്ടുമുട്ടി ഉടൻ തന്നെ ആ കഥ പറയാന്‍ ആരംഭിക്കുക. അദ്ദേഹം അത് കേൾക്കാൻ ഇഷ്ടപ്പെടും, നീ നിന്റെ കഥ പൂർത്തിയാകുമ്പോഴേക്കും നിങ്ങള്‍ ആ സ്തലത്തെത്തിയിരിക്കും. പിന്നെ ഒരു കാര്യം, എപ്പോഴും അവിടെയുള്ള എല്ലാ പണിക്കാരുമായും, കൊട്ടാരത്തിലെ സേവകരുമായും നല്ല അടുപ്പം പുലര്‍ത്തണം."

ജാക്ക് ഉടന്‍ തന്നെ തിരികെ ഓട്ടം ആരഭിച്ചു. ഓടിയോടി ജാക്ക് ഒരു വിധം അച്ഛനെ മറികടന്നു. അവനെ കണ്ടിട്ടും ഗോബ്ബോൺ സീർ ഒരു വാക്കുപോലും പറഞ്ഞില്ല, പക്ഷേ ജാക്ക് തന്റെ കഥ ആരംഭിച്ചു, ഭാര്യ പറഞ്ഞതുപോലെ കഥയില്‍ ലയിച്ച് രണ്ടു പേരും അത്രയും ദൂരം മറികടന്നത് അറിഞ്ഞത് പോലുമില്ല.

അങ്ങിനെ  അവർ ആ കൊട്ടാരം പണിയാൻ തുടങ്ങി. മറ്റെല്ലാ കൊട്ടാരങ്ങളെയും പിന്തള്ളുന്ന അതിമനോഹരമായ കൊട്ടാരം! 

ജാക്കിന്റെ ഭാര്യ എല്ലാവരുമായി അടുപ്പത്തിലായിരിക്കാൻ ഉപദേശിച്ചിരുന്നല്ലോ? അങ്ങനെ അവർ അവൾ പറഞ്ഞതുപോലെ തന്നെ ചെയ്തു, അവർ അകത്തേക്കും പുറത്തേക്കും പോകുമ്പോൾ "സുപ്രഭാതം", "നിങ്ങൾക്ക് ശുഭദിനം" എന്നിങ്ങനെ എല്ലാവരെയും സ്നേഹത്തോടെ ആശംസിക്കുമായിരുന്നു.

പന്ത്രണ്ട് മാസങ്ങള്‍ കഴിഞ്ഞതും, ജ്ഞാനിയായ ഗോബ്ബോൺ രാജാവ് ആഗ്രഹിച്ചിരുന്നത് പോലെ മനോഹരമായ ഒരു കൊട്ടാരം നിർമ്മിച്ചു, അതിനെ അഭിനന്ദിക്കാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി.

രാജാവ് പറഞ്ഞു: "കൊള്ളാം. കൊട്ടാരം പൂർത്തിയായിരിക്കുന്നു. ഞാൻ നാളെ തിരിച്ചെത്തി നിങ്ങൾക്കെല്ലാവർക്കും വേണ്ട പണം നൽകുന്നതാണ്."

"ഒരു ചെറിയ പണി കൂടി ബാക്കിയുണ്ട്, അത് നാളെ തന്നെ മുഴുവനാകും" ഗോബ്ബോൺ  രാജാവിനെ ഉണര്‍ത്തിച്ചു.

എന്നാൽ രാജാവ് പോയതിനുശേഷം, കൊട്ടാരം ദാസിയായ ഒരു സ്ത്രീ ഗോബ്ബോണിനെയും ജാക്കിനെയും വിളിച്ചുവരുത്തി. അവർക്ക് മുന്നറിയിപ്പ് നല്കി. രാജാവ് അവരുടെ കലാസൃഷ്ടി കണ്ട് സന്തോഷവാനാണെങ്കിലും, നാളെ നിങ്ങള്‍ ഇത് പോലെ ഒരു കൊട്ടാരംമറ്റൊരു രാജാവിനായി പണിയുമെന്ന് ഭയപ്പെടുന്നുണ്ടെന്ന് അവരോട് പറഞ്ഞു. അത് കൊണ്ട് നാളെ അവരുടെ ജീവൻ എടുക്കാൻ ആണ് രാജാവിന്‍റെ ഉദ്ദേശ്യം എന്ന് അവര്‍ അറിയിച്ചു. 

ഇത് കേട്ടു ജാക്ക് ആകെ ഭയന്ന് പോയി. ഗോബ്ബോൺ ജാക്കിനോട് ഒന്നും പേടിക്കേണ്ട, എല്ലാം ശരിയാകും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.

അടുത്ത ദിവസം രാജാവ് തിരിച്ചെത്തിയപ്പോൾ,  ജോലി പൂർത്തിയാക്കാൻ ആവശ്യമായ ഒരു പണിയായുധം വീട്ടില്‍ മറന്നു വെച്ചു പോയതിനാല്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും,  ജാക്കിനെ അയച്ച്  ആ ആയുധം എത്തിയ ശേഷം പെട്ടെന്ന് തന്നെ പണി പൂരത്തിയാക്കാമെന്നും ഗോബ്ബോൺ  അറിയിച്ചു.

"അത് ശരിയാകില്ല" രാജാവ് പറഞ്ഞു, "ജാക്കിനെ അയക്കുന്നത് ശരിയല്ല. പകരം മറ്റാരെയെങ്കിലും അതെടുത്ത് കൊണ്ട് വരാന്‍ കഴിയില്ലേ?"

"ഇല്ല, അവർക്ക് അത് മനസ്സിലാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. മാത്രമല്ല അതങ്ങനെ ആരുടെയെങ്കിലും കയ്യില്‍ കൊടുത്തു വിടുകയുമില്ല," ഗോബ്ബോൺ പറഞ്ഞു.

"നീയും നിന്റെ മകനും ഇവിടെ തന്നെ ഉണ്ടാകണം! നിങ്ങള്‍ പോയാല്‍ ശരിയാകില്ല.. പക്ഷേ ഒരു കാര്യം ചെയ്യാം.  രാജകുമാരനെ തന്നെ അയച്ചാൽ പിന്നെ അവര്‍ക്ക് ആയുധം വിശ്വസിച്ച് കൊടുത്ത് വിടാന്‍ കഴിയുമല്ലോ?" രാജാവ് ചോദിച്ചു.

"അത് ശരിയാണ്. രാജകുമാരനാണെങ്കില്‍ കുഴപ്പമിള്" ഗോബ്ബോൺ  സമ്മതിച്ചു.

അങ്ങനെ ഗോബ്ബോൺ ജാക്കിന്റെ ഭാര്യക്ക് ഒരു രാജകുമാരന്റെ കൈവശം ഒരു സന്ദേശം അയച്ചു. "ഈ വരുന്നതു രാജകുമാരനാണ്.  കുമാരന്  'വളഞ്ഞതും നേരായതും' നൽകുക!"

രാജകുമാരന്‍ ഗോബ്ബോൺ സീറിന്‍റെ വീട്ടിലെത്തി. ജാക്കിന്റെ ഭാര്യയ്ക്കു സന്ദേശം  കൈമാറി. സന്ദേശം വായിച്ചതും, അവള്‍  'വളഞ്ഞതും നേരായതും' എടുത്തു കൊടുക്കാനായി അകത്തേയ്ക്ക് കയറി. അവിടെ ചുവരിൽ  ഒരു ചെറിയ കിളിവാതില്‍ ഉണ്ടായിരുന്നു, മൌറീന്‍ "വളഞ്ഞതും നേരായതുമായ" ആയുധം എടുക്കാനായി അതിനപ്പുറത്തുള്ള  ഒരു പെട്ടകത്തിലേയ്ക്ക് കൈ എത്തിക്കാന്‍ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് അത് എത്തിപ്പിടിക്കാന്‍ സാധിച്ചില്ല. ഒടുവിൽ അവൾ രാജകുമാരനോട് തന്നെ സഹായിക്കാൻ ആവശ്യപ്പെട്ടു, കാരണം അവന്റെ കൈകൾ ഏറ്റവും നീളമുള്ളതായിരുന്നു.

മൌറീന്‍ പറഞ്ഞതനുസരിച്ച് രാജകുമാരന്‍ ആ കിളിവാതിലില്‍ ചേര്‍ന്ന് നിന്നു കുനിഞ്ഞു നിന്ന് ആ പെട്ടകത്തിനുള്ളിലേയ്ക്ക് കൈ കടത്താന്‍ ശ്രമിച്ചു. എന്നാല്‍  അവൾ പെട്ടെന്ന് അവന്റെ രണ്ട് കാലില്‍ പിടിച്ചു മുകളിലേയ്ക്ക് ഉയര്‍ത്തി ആ പെട്ടകത്തിനുള്ളിലേയ്ക്ക് മരിച്ചിട്ടു. നിമിഷ നേരം കൊണ്ട് ആ കിളിവാതില്‍ അടച്ചു.. അങ്ങനെ അവൻ 'വളഞ്ഞതും നേരായതും'  ആ പെട്ടകത്തിനുള്ളില്‍ കുടുങ്ങി. അവന്‍ ശ്വസിക്കാൻ തക്ക വണ്ണം  ദ്വാരങ്ങൾ ഉണ്ടായിരുന്നു, എന്നാല്‍ പുറത്തു കടക്കാന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല.

രാജകുമാരന്‍ ഒരു പാട് അഭ്യര്‍ഥിച്ചിട്ടും അവനെ പുറത്തു വിടാൻ അവള്‍ തയ്യാറായില്ല. നടന്നതെന്താണെന്ന് മനസ്സിലായതും രാജകുമാരന്‍ അവളോട് ഒരു പേനയും പേപ്പറു ആവശ്യപ്പെട്ടു. അവൾ വേഗം തന്നെ അത് കൊണ്ടുവന്നു കൊടുത്തു.

താന്‍ ഇവിടെ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും,  ഗോബ്ബോണും ജാക്കും സുരക്ഷിതമായി വീട്ടിലെത്തിയാൽ തന്നെ സ്വതന്ത്രനാക്കുമെന്നും രാജകുമാരന്‍  രാജാവിന് ഒരു കത്തെഴുതി.  മകന്റെ സന്ദേശം എത്തിച്ചേര്‍ന്നതും, ഗോബ്ബോനിനെയും ജാക്കിനെയും വെറുതെ വിടുകയല്ലാതെ വേറെ വഴിയില്ലെന്ന് രാജാവ് മനസ്സിലാക്കി. ഒടുവില്‍ രാജാവ് അവരെ വിട്ടയച്ചു

അവർ തിരികെ പോകുമ്പോൾ ഗോബ്ബോൺ അവനോട് പറഞ്ഞു: "ഇപ്പോൾ ജാക്കിന്റെ ഈ ജോലി പൂർത്തിയായി, ഇനി നീ രാജാവിന്റെതിനേക്കാൾ വളരെ മികച്ച ഒരു കൊട്ടാരം നിന്റെ ബുദ്ധിമാതിയായ ഭാര്യയ്ക്കായി ഉടൻ പണിയണം!"

വീട്ടിലെ തിരികെയെത്തി അധികം താമസിയാതെ തന്നെ ജാക്ക് തന്‍റെ പണി തുടങ്ങി. ഒടുവില്‍ അച്ഛന്‍ പറഞ്ഞത് പോലെ മനോഹരമായ ഒരു കൊട്ടാരം അവന്‍ തന്‍റെ ഭാര്യാക്കായി പണിതീര്‍ത്തു.  അവർ അവിടെ എന്നേക്കും സന്തോഷത്തോടെ ജീവിച്ചു.




Post a Comment

0 Comments